0
എടപ്പാള്‍: മൂത്തമകന്‍ വീട്ടിനകത്ത് ചികിത്സയോ പരിചരണമോ നല്‍കാതെ പൂട്ടിയിട്ടതിനെത്തുടര്‍ന്ന് ഗുരുതരാവസ്ഥയിലായ അച്ഛനെ പോലീസും ആരോഗ്യപ്രവര്‍ത്തകരും ജനപ്രതിനിധികളും ചേര്‍ന്ന് ആസ്​പത്രിയിലെത്തിച്ചു.

ഇങ്ങനെ കൊണ്ടുപോകാനെത്തിയവരെയും അവര്‍ക്കൊപ്പം വന്ന അമ്മയെയും സഹോദരങ്ങളെയും ഭീഷണിയും ശകാരങ്ങളുംകൊണ്ട് പിന്തിരിപ്പിക്കാന്‍ ശ്രമിച്ച മകന്‍ അമ്മയെ ചെരിപ്പെടുത്ത് എറിയുകയും ചെയ്തു.

വട്ടംകുളം പഞ്ചായത്തിലെ ചേകന്നൂരിലാണ് സംഭവം. റിട്ട. ഗ്രാമസേവകന്‍ തിയ്യത്ത് നാരായണക്കുറുപ്പാണ്(83) ശരീരമാസകലം പൊട്ടിയൊലിച്ച് അസ്ഥികള്‍ കാണുംവിധത്തില്‍ ദുര്‍ഗന്ധത്തോടെ ദിവസങ്ങളായി കിടന്നിരുന്നത്. മൂത്ത മകനാണ് ഇവിടെ താമസം. ഇയാളുടെ ശകാരവും ഭീഷണിയുംമൂലം അമ്മ ഇളയ മകനൊപ്പമാണ് താമസം. ഒരു സഹോദരിയുള്ളത് ഭര്‍തൃവസതിയിലുമാണ്. അച്ഛന്‍ ഗുരുതരാവസ്ഥയിലായതറിഞ്ഞ് അമ്മയും സഹോദരങ്ങളും ചികിത്സ നല്‍കാനും പരിചരിക്കാനും ചെന്നെങ്കിലും മൂത്തമകന്‍ ഇവരെ ആട്ടിയോടിക്കുകയായിരുന്നു.

വട്ടംകുളം പഞ്ചായത്ത് ആരോഗ്യവകുപ്പിന്റെ പരിരക്ഷ പദ്ധതി അംഗമായ നാരായണക്കുറുപ്പിന് കുറെക്കാലമായി വളണ്ടിയര്‍മാര്‍ വീട്ടില്‍പോയി മുറിവുകെട്ടി ശുശ്രൂഷിക്കുകയാണ് ചെയ്തിരുന്നത്. എന്നാല്‍ കിടന്ന് ശരീരം പൊട്ടിയുണ്ടായ വ്രണങ്ങള്‍ ഗുരുതരമായതോടെ കഴിഞ്ഞമാസം ആരോഗ്യപ്രവര്‍ത്തകരായ കെ. രാജീവ്, സതീഷ് അയ്യാപ്പില്‍, വാര്‍ഡംഗം ശ്രീജ പാറക്കല്‍ എന്നിവര്‍ ചേര്‍ന്ന് എടപ്പാള്‍ സര്‍ക്കാര്‍ ആസ്​പത്രിയിലെത്തിച്ച് ചികിത്സ നല്‍കിയിരുന്നു. ഡോ. ഇ.ടി. സുരേഷിന്റെ ചികിത്സകൊണ്ട് താത്കാലികാശ്വാസമായതോടെ വീട്ടിലെത്തിച്ചു. പക്ഷേ വീണ്ടും ഗുരുതരാവസ്ഥയിലായ ഇദ്ദേഹത്തെ സര്‍ജനെ കാണിക്കാന്‍ എത്തിയപ്പോള്‍ മകന്‍ സമ്മതിച്ചില്ല.

വീട്ടിനകത്ത് അച്ഛനെ പൂട്ടിയിട്ട് ജോലിക്ക് പോകുന്ന മകന്‍ പിന്നീട് വരുംവരെ ഇദ്ദേഹം വീട്ടിനകത്ത് വേദനതിന്ന് കഴിയുകയാണ് പതിവ്. 9000-ത്തോളം രൂപ പ്രതിമാസ പെന്‍ഷനും സാമാന്യം ഭൂസ്വത്തുമുള്ള ആളാണ് നാരായണക്കുറുപ്പ്.

മകന്റെ ഭീഷണിമൂലം ആസ്​പത്രിയിലെത്തിക്കാനാകാതെ വന്നപ്പോഴാണ് ആരോഗ്യപ്രവര്‍ത്തകരും വാര്‍ഡംഗവും പോലീസിനെ വിളിച്ചത്. തുടര്‍ന്ന് പൊന്നാനി എസ്.ഐ കെ. നടരാജന്റെ നേതൃത്വത്തില്‍ എത്തിയ പോലീസിനുനേരെയും മകന്‍ ആക്രോശിച്ചു.

ആസ്​പത്രിയിലേക്ക് ആംബുലന്‍സില്‍ കയറ്റുമ്പോള്‍ മേലില്‍ ഇങ്ങോട്ട് കൊണ്ടുവരരുതെന്നും താന്‍ വീട്ടില്‍ കയറ്റില്ലെന്നും മൂത്തമകന്‍ ക്ഷുഭിതനായി പറഞ്ഞു. കെ. രാജീവ്, സതീഷ് അയ്യാപ്പില്‍, എസ്. ഷിജു, മെമ്പര്‍ ശ്രീജ പാറക്കല്‍, മണി ചേകന്നൂര്‍ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് ആസ്​പത്രിയിലേക്ക് മാറ്റിയത്.

Post a Comment

 
Top