0
തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാല വിദൂര വിദ്യാഭ്യാസ വിഭാഗത്തിന് കീഴില്‍ പഠനം നടത്തുന്ന വിദ്യാര്‍ഥികള്‍ പ്രത്യേകം പണമടച്ചിട്ടും കോണ്‍ടാക്ട് ക്ലാസ് ലഭിക്കുന്നില്ലെന്ന് പരാതി. 

ഓരോ വിഷയത്തിനും വിവിധ കോളേജുകളിലായാണ് സര്‍വകലാശാല ക്ലാസുകള്‍ നടത്താറുള്ളത്. ഓരോ കോളേജിലും ക്ലാസുകള്‍ക്ക് മേല്‍നോട്ടം വഹിക്കാന്‍ കോ-ഓര്‍ഡിനേറ്റര്‍മാരുണ്ടാകും. എന്നാല്‍ പല കോ-ഓര്‍ഡിനേറ്റര്‍മാരും ക്ലാസുകള്‍ നടത്തുന്നതില്‍ കാര്യമായ താത്പര്യമൊന്നും കാണിക്കാറില്ലെന്നാണ് ആക്ഷേപം.

വിദൂര വിദ്യാഭ്യാസ വിഭാഗത്തിന് കീഴിലെ വിദ്യാര്‍ഥികള്‍ക്ക് ക്ലാസുകള്‍ നടത്തുന്നതിന് ലക്ഷക്കണക്കിന് രൂപയാണ് വര്‍ഷംതോറും സര്‍വകലാശാല മാറ്റിവെക്കുന്നത്. ക്ലാസെടുക്കുന്ന അധ്യാപകര്‍ക്ക് വേതനം നല്‍കാനുള്ള തുകയും സര്‍വകലാശാല നല്‍കും. ക്ലാസ് നടത്തുന്ന കോളേജുകളിലെ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കാനുള്ള യാതൊരു സംവിധാനവും സര്‍വകലാശാല നടത്തുന്നില്ല എന്നതാണ് പ്രധാന പ്രശ്‌നമായി ജീവനക്കാര്‍ ചൂണ്ടിക്കാണിക്കുന്നത്. പരാതിയുമായി കോളേജുകളിലെത്തുന്നവരെ ഭീഷണിപ്പെടുത്തി തിരിച്ചയക്കുന്നതായും ആരോപണമുണ്ട്.

ഓരോ സെമസ്റ്ററിലും പത്ത് മണിക്കൂറെങ്കിലും ക്ലാസുകള്‍ നല്‍കുമെന്നാണ് പ്രവേശന സമയത്തുള്ള വാഗ്ദാനം. എന്നാല്‍ പലപ്പോഴും ഒരു ദിവസമായിരിക്കും ക്ലാസുണ്ടാകുക. അന്നുതന്നെ പഠനോപകരണ വിതരണവും നിശ്ചയിക്കുന്നതോടെ ക്ലാസുകള്‍ നടക്കാതെ പോവുകയും ചെയ്യും. ക്ലാസുകള്‍ നടക്കുന്നുണ്ടെങ്കില്‍ ആ വിവരം മിക്കപ്പോഴും വിദ്യാര്‍ഥികള്‍ അറിയാറുമില്ല. ക്ലാസുകളുടെ വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍ ലഭ്യമാണെന്ന സര്‍വകലാശാല അറിയിപ്പ് പത്രങ്ങളില്‍ വായിച്ച് വെബ്‌സൈറ്റ് പരിശോധിച്ചാല്‍ കാണുക കഴിഞ്ഞ വര്‍ഷത്തെ വിവരങ്ങളാണ്.

Post a Comment

 
Top