0


കേരളപ്പിറവി ദിനമായ നവംബര്‍ ഒന്നിന് തുഞ്ചന്‍ പറമ്പില്‍ നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി മലയാളം സര്‍വകലാശാലയ്ക്ക് തറക്കല്ലിടുമെന്നും സര്‍വകലാശാല താത്കാലികമായി തിരൂര്‍ തുഞ്ചന്‍ സ്മാരക ഗവണ്മെന്റ് കോളേജില്‍ പ്രവര്‍ത്തനം തുടങ്ങുമെന്നും മന്ത്രി പി.കെ. അബ്ദുറബ്ബ് പറഞ്ഞു. സര്‍വകലാശാല ഉദ്ഘാടനത്തിന്റെ സ്വാഗതസംഘ രൂപവത്കരണ യോഗത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മന്ത്രി. 

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം. അബ്ദുള്ളക്കുട്ടി അധ്യക്ഷത വഹിച്ചു. ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പി, നഗരസഭാ ചെയര്‍പേഴ്‌സണ്‍ കെ. സഫിയ, അഡ്വ. എന്‍. ഷംസുദ്ദീന്‍ എം.എല്‍.എ, ചീഫ് സെക്രട്ടറി കെ. ജയകുമാര്‍, ജില്ലാ കളക്ടര്‍ എം.സി. മോഹന്‍ദാസ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സുഹറ മമ്പാട്, സി. രാധാകൃഷ്ണന്‍, എം.എം. ബഷീര്‍, മലപ്പുറം എസ്.പി. കെ. സേതുരാമന്‍, വി. അബ്ദുറഹിമാന്‍, ആര്‍.ഡി.ഒ. കെ. ഗോപാലന്‍, തഹസില്‍ദാര്‍ കെ. രാധാകൃഷ്ണന്‍, ജില്ലാ പഞ്ചായത്ത് അംഗം എം.പി. കുമാരു, സാമൂഹിക ക്ഷേമബോര്‍ഡ് ചെയര്‍പേഴ്‌സണ്‍ ഖമറുന്നിസ അന്‍വര്‍, വെട്ടം ആലിക്കോയ, ആതവനാട് മുഹമ്മദലി, കുറുക്കോളി മൊയ്തീന്‍, കെ. നാരായണന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

മലയാളം സര്‍വകലാശാല ഉദ്ഘാടനത്തോടനുബന്ധിച്ച് പുറത്തിറക്കുന്ന 'എന്റെ മനസ്സ് മലയാളം' എന്ന പോസ്റ്റര്‍ സി. രാധാകൃഷ്ണന് നല്‍കി മന്ത്രി അബ്ദുറബ്ബ് പ്രകാശനം ചെയ്തു. സ്വാഗതസംഘം ജനറല്‍ കണ്‍വീനറായി ജില്ലാ കലക്ടര്‍ എം.സി. മോഹന്‍ദാസ്, ചെയര്‍മാനായി വിദ്യാഭ്യാസമന്ത്രി പി.കെ. അബ്ദുറബ്ബ്, വൈസ് ചെയര്‍മാനായി സി. മമ്മുട്ടി എം.എല്‍.എ. എന്നിവരെ തിരഞ്ഞെടുത്തു.

സ്വീകരണ കമ്മിറ്റി ചെയര്‍മാനായി നഗരസഭാ ചെയര്‍പേഴ്‌സണ്‍ കെ. സഫിയ, ജനറല്‍ കണ്‍വീനറായി ആര്‍.ഡി.ഒ. കെ. ഗോപാലന്‍, പ്രചാരണം, ഘോഷയാത്ര കമ്മിറ്റി ചെയര്‍മാനായി എം. അബ്ദുള്ളക്കുട്ടി, കണ്‍വീനറായി തഹസില്‍ദാര്‍ കെ. രാധാകൃഷ്ണന്‍ എന്നിവരെ തിരഞ്ഞെടുത്തു.

Post a Comment

 
Top