
പുളിക്കല്‍: ആന്തിയൂര്‍കുന്ന് കുറവങ്ങാട്ടുപുറായില്‍ മിന്നലേറ്റ് ഉഴവുകാളകള്‍ ചത്തു. വീടുകള്‍ക്ക് വ്യാപകമായ കേടുപാടുണ്ടായി. ചൊവ്വാഴ്ച നാലുമണിയോടെയാണ് സംഭവം. കൂപ്പാടന്‍ ഗോപി, കോതേരി വേലായുധന്‍, പാലാടന്‍ അഷ്‌റഫ്, പയ്യാരന്‍ നായടിക്കുട്ടി, പുതിയമ്പറത്ത് പുറായ് ബള്‍ക്കീസ് എന്നിവരുടെ വീടുകള്‍ക്കാണ് കേടുപാടുണ്ടായത്. കൂപ്പാടന്‍ ഗോപിയുടെ ഉഴവുകാളകളാണ് ചത്തത്.
ഗോപിയുടെ വീടിന്റെ കോണ്‍ക്രീറ്റ് മേല്‍ക്കൂരയിലും ചുമരുകളിലും വിള്ളലുണ്ട്. വൈദ്യുതിലൈന്‍ പാടെ നശിച്ചു. സ്വിച്ച്‌ബോര്‍ഡുകളും മീറ്റര്‍ബോര്‍ഡും ദൂരെ തെറിച്ചുവീണു. ഈ സമയത്ത് ഗോപിയും കുടുംബാംഗങ്ങളും വീട്ടില്‍ ഉണ്ടായിരുന്നു. ഗോപി യുടെ ഉപജീവനമാര്‍ഗമായിരുന്ന ഉഴവുകാളകളാണ് ചത്തത്.
ഗോപിയുടെ അയല്‍പക്കത്തെ കോതേരി വേലായുധന്റെ വീടിന്റെ ജനല്‍ച്ചില്ലുകള്‍ പാടെ തകര്‍ന്നു. ചുമരില്‍ വിള്ളലും ഉണ്ടായി. പാലാടന്‍ അഷ്‌റഫിന്റെ വീട്ടിലെ വൈദ്യുതിബന്ധം തകരാറിലായി. പയ്യാരന്‍ നായടിക്കുട്ടിയുടെയും ബള്‍ക്കീസിന്റെയും വീടുകളുടെ ജനലുകള്‍ക്ക് കേടുപാടുണ്ടായി.
ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് പി. അബ്ദുള്ളയുടെയും വാര്‍ഡ് അംഗം എ. അയ്യപ്പന്റെയും നേതൃത്വത്തില്‍ പഞ്ചായത്ത് സമിതി അംഗങ്ങള്‍ വീട് സന്ദര്‍ശിച്ചു.
Post a Comment