0




മലപ്പുറം: വിവാദങ്ങള്‍ക്ക് വിടനല്‍കി സംസ്ഥാന സ്‌കൂള്‍ യുവജനോത്സവം മലപ്പുറത്തേക്ക് വിരുന്നെത്തുമ്പോള്‍ ചരിത്രത്തിലെ ഏറ്റവും മികച്ച കലോത്സവമാണ് സംഘാടകര്‍ പ്രതീക്ഷിക്കുന്നത്. വേദിയുടെ കാര്യത്തിലുണ്ടായ അനിശ്ചിതത്വം പഴങ്കഥയാക്കി ഒരേമനസ്സോടെ അധ്യാപകരും വിദ്യാര്‍ഥികളും കലോത്സവത്തിന് ഒരുങ്ങിയാല്‍ സംഘാടകരുടെ പ്രതീക്ഷ അസ്ഥാനത്താവില്ല. തിരൂരങ്ങാടിയില്‍നിന്ന് മലപ്പുറത്തേക്ക് കലോത്സവം മാറ്റി കൊടിയേറ്റുമ്പോള്‍ കാത്തിരിക്കുന്നത് സൗകര്യങ്ങളുടെ നീണ്ടനിരതന്നെയാണ്. സംസ്ഥാനത്തെ ഏതൊരു ജില്ലയോടും കിടപിടിക്കാവുന്ന മികച്ച വേദികള്‍ ഒരുക്കാനാവുമെന്നതാണ് മലപ്പുറത്തിന്റെ പ്രധാന ആകര്‍ഷണം. മൂന്ന് കിലോമീറ്ററിനുള്ളില്‍ ഇരുപതോളം വേദികള്‍ മലപ്പുറം നഗരത്തില്‍ ഒരുക്കാം. ഗതാഗത സൗകര്യങ്ങളുടെ കാര്യത്തിലും മോശമില്ലാത്ത ജില്ലാ ആസ്ഥാനത്ത് താമസ സൗകര്യങ്ങള്‍ ഒരുക്കുന്ന കാര്യത്തില്‍ മാത്രമാണ് അല്പം ആശങ്ക.

മലപ്പുറം എം.എസ്.പി മൈതാനമായിരിക്കും കലോത്സവത്തിന്റെ മുഖ്യവേദി. സംഘാടകസമിതി ഓഫീസും എം.എസ്.പി സ്‌കൂളിലായിരിക്കും പ്രവര്‍ത്തിക്കുന്നത്. എം.എസ്.പി മൈതാനം മുതല്‍ കോട്ടപ്പടിയിലെ സ്‌കൂളുകള്‍വരെയുള്ള സ്ഥലമാണ് വേദികള്‍ക്കായി പരിഗണിക്കുന്നത്. കോട്ടക്കുന്നില്‍തന്നെ ഡി.ടി.പി.സി ഹാള്‍ അടക്കം മൂന്നോ നാലോ വേദികള്‍ ഒരുക്കാനാവും. മലപ്പുറം മുനിസിപ്പല്‍ ടൗണ്‍ഹാള്‍, ബസ്സ്റ്റാന്‍ഡ് ഓഡിറ്റോറിയം, സെന്റ് ജെമ്മാസ് സ്‌കൂള്‍, എ.യു.പി സ്‌കൂള്‍, കോട്ടപ്പടി ഗവ. ബോയ്‌സ് സ്‌കൂള്‍, കോട്ടപ്പടി ഗവ. ഗേള്‍സ് സ്‌കൂള്‍ എന്നിവിടങ്ങളിലാവും മറ്റു വേദികള്‍. ഇത്രയും സൗകര്യങ്ങള്‍ മതിയായില്ലെങ്കില്‍ നഗരത്തോട് ചേര്‍ന്ന് കിടക്കുന്ന മേല്‍മുറിയിലെ സ്‌കൂളുകളും വേദികളാക്കാമെന്ന സൗകര്യവും മലപ്പുറത്തിനുണ്ട്.

ഗതാഗത സൗകര്യങ്ങളുടെ കാര്യത്തിലും മലപ്പുറത്തിന്റെ സ്ഥിതി മോശമല്ല. പാലക്കാട്, കോഴിക്കോട് ജില്ലകളിലുള്ളവര്‍ക്ക് റോഡ് ഗതാഗതമാകും എളുപ്പമാര്‍ഗം. തീവണ്ടിയിലെത്തുന്നവര്‍ക്ക് തിരൂരില്‍ ഇറങ്ങി കോട്ടയ്ക്കല്‍വഴി മലപ്പുറത്തെത്താം. ഷൊറണൂരില്‍നിന്ന് നിലമ്പൂര്‍റൂട്ടില്‍ തീവണ്ടിയില്‍ വരുന്നവര്‍ക്ക് അങ്ങാടിപ്പുറത്ത് ഇറങ്ങി മലപ്പുറത്തെത്താം. പെരിന്തല്‍മണ്ണ റൂട്ടില്‍ രാത്രിയും കെ.എസ്.ആര്‍.ടി.സി ബസ് സര്‍വീസുള്ളത് മത്സരാര്‍ഥികള്‍ക്ക് അനുഗ്രഹമാകും. മറ്റ് പ്രദേശങ്ങളിലേക്ക് കൂടുതല്‍ സര്‍വീസുകള്‍ അനുവദിച്ചാല്‍ യാത്രാപ്രശ്‌നത്തിന് പരിഹാരം കാണാവുന്നതേയുള്ളൂ.വിദ്യാര്‍ഥികള്‍ക്കുള്ള താമസസൗകര്യങ്ങള്‍ വിവിധ സ്‌കൂളുകളില്‍ ഒരുക്കാന്‍ കഴിയുമെങ്കിലും മറ്റുള്ളവരുടെ കാര്യം അല്പം പ്രയാസത്തിലാണ്. രക്ഷിതാക്കളും വിധി കര്‍ത്താക്കളും മാധ്യമ പ്രവര്‍ത്തകരും അടക്കമുള്ളവര്‍ക്ക് നഗരത്തിലെ ലോഡ്ജുകളിലെയും ഹോട്ടലുകളിലെയും താമസസൗകര്യങ്ങള്‍ മതിയാകില്ല എന്നതാണ് സംഘാടകരെ അലട്ടുന്ന ഘടകം. ഇവര്‍ക്ക് സമീപ പ്രദേശങ്ങളായ കോട്ടയ്ക്കല്‍, മഞ്ചേരി, പെരിന്തല്‍മണ്ണ എന്നിവിടങ്ങളില്‍ താമസസൗകര്യം ലഭ്യമാക്കാനാണ് സംഘാടകര്‍ ആലോചിക്കുന്നത്.

Post a Comment

 
Top