0


തിരൂര്‍: നീലച്ചിത്ര സി.ഡി.കളടക്കം സിനിമകളും വ്യാജ സിഡികളും വിതരണം ചെയ്യുന്നയാളെ 1500 ഓളം സി.ഡി.കളുമായി തിരൂര്‍ പോലീസ് പിടികൂടി. പൊന്മുണ്ടം കുറ്റിപ്പാല കുണ്ടില്‍ അബ്ദുള്‍ കരീമിനെ (42)യാണ് മലപ്പുറം ജില്ലാ പോലീസ് മേധാവി കെ. സേതുരാമന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ തിരൂര്‍ ഡിവൈ.എസ്.പി കെ. സലീമിന്റെ നിര്‍ദേശ പ്രകാരം അറസ്റ്റുചെയ്തത്. തിരൂര്‍ എസ്.ഐ. ജ്യോതീന്ദ്രകുമാറും സംഘവും തിരൂര്‍ റെയില്‍വേ സ്റ്റേഷനില്‍നിന്നാണ് ഇയാളെ അറസ്റ്റ്‌ചെയ്തത്.

കോളേജ് പരിസരങ്ങളിലും ബസ്സ്റ്റാന്‍ഡുകളിലും സി.ഡി. കടകളിലും വഴിയോര കച്ചവടക്കാര്‍ക്കും സി.ഡി.കളെത്തിച്ച് നല്‍കുന്നതില്‍ പ്രധാനിയാണ് ഇയാളെന്ന് പോലീസ് പറഞ്ഞു.

ചെന്നൈയില്‍നിന്ന് 11 രൂപയ്ക്ക് വാങ്ങുന്ന സി.ഡി. മലപ്പുറം ജില്ലയില്‍ 30 രൂപയ്ക്കാണ് ഇയാള്‍ ഇടനിലക്കാര്‍ക്ക് വിറ്റഴിക്കുന്നത്. ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ആക്ട് പ്രകാരവും ഇന്ത്യന്‍ പീനല്‍കോഡ് പ്രകാരവുമാണ് അറസ്റ്റ്. ഒരു കൈ നഷ്ടപ്പെട്ട പ്രതി വര്‍ഷങ്ങളായി ഈ മേഖലയില്‍ പ്രവര്‍ത്തിക്കുകയാണെന്ന് പോലീസ് പറഞ്ഞു.

എ.എസ്.ഐ ചന്ദ്രശേഖരന്‍, സി.പി.ഒ.മാരായ സഹദേവന്‍, മുജീബ്, എം.എസ്.പി സി.പി.ഒ മാരായ മധു, അഭിമന്യു എന്നിവരും പോലീസ് സംഘത്തില്‍ ഉണ്ടായിരുന്നു. പ്രതിയെ തിരൂര്‍ മജിസ്‌ട്രേറ്റ് മുമ്പാകെ ഹാജരാക്കി.

Post a Comment

 
Top