എടപ്പാള്‍: തുഞ്ചന്‍പറമ്പില്‍ നവംബര്‍ ഒന്നിന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി തറക്കല്ലിടുന്ന മലയാളം സര്‍വകലാശാലയുടെ ലോഗോ ആര്‍ട്ടിസ്റ്റ് നമ്പൂതിരിയുടെ എടപ്പളിലെ പണിപ്പുരയില്‍ ഒരുങ്ങുന്നു.
മലയാളം സര്‍വകലാശാലയുടെ ലോഗോ എന്നതിലുപരി മലയാളിയുടെ മനസ്സില്‍ സുവര്‍ണമുദ്രപോലെ പതിയുന്ന സാംസ്‌കരിക പൈതൃകത്തിന്റെ പ്രതീകമായി മാറുംവിധത്തില്‍ ലോഗോയുടെ പ്രാഥമിക രൂപം മനസ്സില്‍ വരച്ചിട്ടുകഴിഞ്ഞതായി നമ്പൂതിരി പറഞ്ഞു.
ചീഫ് സെക്രട്ടറി കെ. ജയകുമാറും ജില്ലാ കളക്ടര്‍ എം.സി. മോഹന്‍ദാസും പൊന്നാനി തഹസില്‍ദാര്‍ കെ. മൂസക്കുട്ടിയും അടങ്ങുന്ന സംഘം കഴിഞ്ഞ ദിവസമാണ് നമ്പൂതിരിയുടെ നടുവട്ടത്തുള്ള ഇല്ലത്ത് എത്തി ലോഗോ തയ്യാറാക്കാന്‍ ചുമതലപ്പെടുത്തിയത്. മലയാളം സര്‍വകലാശാലയ്ക്ക് ലോഗോ വേണമെന്ന ആശയം ഉടലെടുത്തപ്പോള്‍ത്തന്നെ മനസ്സില്‍വന്നത് ആര്‍ട്ടിസ്റ്റ് നമ്പൂതിരിയുടെ പേരാണെന്നാണ് ജയകുമാറും പറഞ്ഞത്. ആ ദൗത്യം സന്തോഷപൂര്‍വം ഏറ്റെടുത്തു.
തുഞ്ചന്‍ പറമ്പാകുമ്പോള്‍ എഴുത്തച്ഛന്റെ ശാരികപ്പൈതലിനെ മറന്നൊരു ചിത്രവും സര്‍വകലാശാലയ്ക്ക് അനുയോജ്യമാകില്ല. മനസ്സിലെ ചിത്രവും ജയകുമാര്‍ നിര്‍ദേശിച്ച ആശയവും ഏതാണ്ട് ഒന്നുതന്നെയായിരുന്നു.
തുഞ്ചന്‍ പറമ്പിന്റെ നിലവിലുള്ള എഴുത്തച്ഛന്റെ ചിത്രം ആലേഖനം ചെയ്ത ലോഗോയും നമ്പൂതിരി തയ്യാറാക്കിയതാണ്. എം.ടിയുടെ നേതൃത്വത്തിലുള്ള കമ്മിറ്റി വരുംമുമ്പായിരുന്നു അത്. പുരാണ കഥാപാത്രങ്ങളെപ്പോലെ റിയലിസ്റ്റിക് ആവാതെ ഒരു സ്റ്റൈലൈസ്ഡ് രൂപമാണ് അതിന് ഉപയോഗിച്ചത്. അതേരീതിയില്‍ത്തന്നെ ഏറ്റവും ലളിതമായി പാശ്ചാത്യമാവാതെയുള്ള ഒരു ലോഗേ ആണ് മനസ്സില്‍ ഉദ്ദേശിക്കുന്നത്. ഏതാണ്ട് അന്തിമ രൂപരേഖ ആയി ക്കഴിഞ്ഞു. രണ്ടുദിവസത്തിനകം രേഖാചിത്രം തയ്യാറാകും. പിന്നീട് അപ്പപ്പോള്‍വരുന്ന ഭേദഗതികള്‍ക്കനുസരിച്ച് അവസാന രൂപം നല്‍കും. നമ്പൂതിരി പറഞ്ഞു. നവംബര്‍ ഒന്നിനാണ് ലോഗോ പ്രകാശനം.
Post a Comment