0


തവനൂര്‍: ആവശ്യത്തിന് തൊഴിലാളികളില്ലാത്തതിനാല്‍ തവനൂരിലെ കാര്‍ഷിക എന്‍ജി. കോളേജ് ഫാമില്‍ വിത്തുത്പാദനം പ്രതിസന്ധിയിലായി. കൊയ്യാന്‍ ആളില്ലാത്തതിനാല്‍ വിളഞ്ഞനെല്ല് ഇപ്പോഴും പാടത്തുതന്നെ നില്‍ക്കുകയാണ്. കൊയ്ത്തുയന്ത്രം ലഭിക്കാത്തതിനാലാണ് പാകമായിട്ടും നെല്ല് കൊയ്‌തെടുക്കാത്തതെന്നാണ് അധികൃതര്‍ പറയുന്നത്. ജില്ലാ പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള കൊയ്ത്തുമെതി യന്ത്രത്തിനായി കാത്തിരിക്കുകയാണ് അധികൃതരിപ്പോള്‍.

കാര്‍ഷിക സര്‍വകലാശാലയ്ക്കുകീഴില്‍ തവനൂരില്‍ പ്രവര്‍ത്തിക്കുന്ന എന്‍ജി. കോളേജ് ഫാമിലാണ് 10 ഏക്കര്‍ഭൂമിയില്‍ നെല്ല് പാകമായിനില്‍ക്കുന്നത്. അത്യുല്‍പാദനശേഷിയുള്ള ജ്യോതി നെല്‍വിത്താണ് മുളപ്പിച്ചിട്ടുള്ളത്. കര്‍ഷകര്‍ക്ക് നൂതനയന്ത്രങ്ങള്‍ പരിചയപ്പെടുത്താനായി അധികൃതര്‍ കൃഷിയിടങ്ങള്‍തോറും കയറിയിറങ്ങുമ്പോഴാണ് സ്വന്തം ഫാമില്‍ യന്ത്രത്തിന്റെ അഭാവംമൂലം കൊയ്ത്ത് മുടങ്ങിയിരിക്കുന്നത്. കൈകൊണ്ട് പ്രവര്‍ത്തിക്കുന്ന 'റീപ്പര്‍' എന്ന യന്ത്രമാണ് ഇപ്പോള്‍ കോളേജ് ഫാമിലുള്ളത്.

ഈ യന്ത്രമുപയോഗിച്ച് കൊയ്ത്ത് പൂര്‍ത്തിയാക്കാന്‍ ദിവസങ്ങളെടുക്കുമെന്നതിനാലാണ് ജില്ലാ പഞ്ചായത്തിന്റെ കൊയ്ത്ത്‌മെതി യന്ത്രത്തിനായി അധികൃതര്‍ കാത്തിരിക്കുന്നത്. എന്നാല്‍, തുലാവര്‍ഷം കനത്തുപെയ്യുകയാണെങ്കില്‍ വിളഞ്ഞ നെല്ലുകള്‍ നശിക്കാനും കാരണമാകും. ചില സ്ഥലങ്ങളില്‍ നെല്ല് ഇതിനോടകം വീണിട്ടുണ്ട്. നെല്ല് കൊയ്‌തെടുത്തില്ലെങ്കില്‍ കര്‍ഷകര്‍ക്ക് ആവശ്യമായ നെല്‍വിത്തുകള്‍ വിതരണം ചെയ്യാന്‍ കഴിയാതെ വരും.

Post a Comment

 
Top