0
തിരൂര്‍: സംസ്ഥാനത്ത് പോലീസ് സ്‌റ്റേഷനുകളില്‍ സിറ്റിസണ്‍ ഹെല്‍പ്പ് ഡെസ്‌ക്കുകള്‍ സപ്തംബര്‍ ഒന്നിന് പ്രവര്‍ത്തനം തുടങ്ങും. പുതിയ പരിഷ്‌കാരം വരുന്നതോടെ ഒരു സ്‌റ്റേഷനില്‍ നല്‍കുന്ന പരാതി സ്‌കാന്‍ ചെയ്ത് ഈ മെയില്‍ വഴി ആവശ്യമുള്ള സ്റ്റേഷനിലെത്തും. ഇതിനായി ഓരോ പോലീസ് സ്‌റ്റേഷനുകളിലും സി.ഐ, ഡിവൈ.എസ്.പി ഓഫീസുകളിലും ഇന്‍േറണല്‍ അഡ്മിനിസ്‌ട്രേറ്റീവ് പ്രോസസിങ് സിസ്റ്റം (ഐ.എ.പി.എസ്) സോഫ്റ്റ് വെയറുകള്‍ കമ്പ്യൂട്ടറുകളില്‍ സ്ഥാപിച്ചു.

ഇതിനായി പോലീസ് സ്‌റ്റേഷനുകളിലും സി.ഐ, ഡിവൈ.എസ്.പി ഓഫീസുകളിലും മൂന്നുവീതം കമ്പ്യൂട്ടറുകള്‍ സര്‍ക്കാര്‍ നല്‍കിയിട്ടുണ്ട്. ജില്ലാ പോലീസ് മേധാവി മുതല്‍ മുകളിലോട്ടുള്ള ഉദ്യോഗസ്ഥരുടെ ഓഫീസുകള്‍ പേപ്പര്‍ ലെസ്സ് ആക്കാനുള്ള ശ്രമത്തിന്റെകൂടി ഭാഗമാണിത്.

ജോലിക്കോ മറ്റോ പോലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് വേണമെങ്കിലും പോലീസ് സ്‌റ്റേഷന്‍വഴി അപേക്ഷ നല്‍കാം. ഇതുകൂടാതെ ക്രൈം, ക്രിമിനല്‍ ട്രാക്കിങ് നെറ്റ് വര്‍ക്ക് സിസ്റ്റവും ഉടന്‍ പോലീസ് സ്‌റ്റേഷനുകളില്‍ ഏര്‍പ്പെടുത്തും. ഇതുപ്രകാരം ഏതെങ്കിലും ഒരു വ്യക്തിക്കെതിരെ ഇന്ത്യയില്‍ ഏതെങ്കിലും ഒരു പോലീസ് സ്‌റ്റേഷനില്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്താല്‍ അതിന്റെ കോപ്പി എല്ലാ സ്റ്റേഷനുകളിലേയും കമ്പ്യൂട്ടറുകളില്‍ എത്തും.

പോലീസ് സ്‌റ്റേഷനുകളില്‍ സിറ്റിസണ്‍ ഹെല്‍പ്പ് ഡെസ്‌ക്കുകള്‍ വരുന്നതോടെ നിലവിലുള്ള വനിതാ ഹെല്‍പ്പ് ഡെസ്‌ക് ഇതിലേക്ക് മാറും. കേരളപ്പിറവി ദിനത്തില്‍ സേവനനിയമം നടപ്പാക്കുമ്പോള്‍ കേരള പോലീസ് 12 സേവനങ്ങളാണ് ജനങ്ങള്‍ക്ക് നല്‍കുക. പരാതികളില്‍ മണിക്കൂറുകള്‍ക്കുള്ളില്‍ തീരുമാനം ഉണ്ടാക്കുകയും ചെയ്യും. നാഷണല്‍ ഇന്‍ഫര്‍മാറ്റിക്ക് സെന്ററിന്റെ സോഫ്റ്റ് വെയര്‍ ഉപയോഗിച്ച് ഇന്ത്യയിലെ എല്ലാ പോലീസ് സ്‌റ്റേഷനുകളെയും കമ്പ്യൂട്ടര്‍ വഴി ബന്ധിപ്പിക്കും.

Post a Comment

 
Top