0

തിരൂര്‍: മലബാറുകാരോട് റെയില്‍വേ കാണിക്കുന്ന അവഗണനയ്ക്ക് ഇനിയും മാറ്റമില്ല. ദീര്‍ഘദൂര തീവണ്ടികള്‍ക്ക് ഓരോ ജില്ലയിലും സ്റ്റോപ്പനുവദിക്കപ്പെടുമ്പോള്‍ മലപ്പുറം ജില്ലയോട് അവഗണന കാട്ടുകയാണ്. മംഗലാപുരം- ജമ്മുതാവി നവയുഗ് എക്‌സ്​പ്രസ്സ്, കൊച്ചുവേളി- ചണ്ഡിഗഡ്, കേരള സമ്പര്‍ക്കക്രാന്തി എക്‌സ്​പ്രസ്, കൊച്ചുവേളി- ഡെറാഡൂണ്‍ എക്‌സ്​പ്രസ്, കൊച്ചുവേളി- അമൃത്‌സര്‍ എക്‌സ്​പ്രസ്സ്, തിരുനെല്‍വേലി- ഹാപ്പ എക്‌സ്​പ്രസ്സ്, തിരുവനന്തപുരം- ഹസ്രത്ത് നിസാമുദ്ദീന്‍ രാജധാനി എക്‌സ്​പ്രസ് എന്നീ തീവണ്ടികള്‍ തിരൂരില്‍ നിര്‍ത്താതെയാണ് കടന്നുപോകുന്നത്. കൂടാതെ കഴിഞ്ഞ റെയില്‍വെ ബജറ്റില്‍ മലബാറിന് അനുവദിച്ചതും ഓടി തുടങ്ങാത്തതുമായ കോയമ്പത്തൂര്‍- ബിക്കാനീര്‍ എക്‌സ്​പ്രസ്സ്, തിരുനെല്‍വേലി- ദാദര്‍ എക്‌സ്​പ്രസ് എന്നിവയ്ക്കും പുതിയ സമയവിവര പട്ടികയനുസരിച്ച് തിരൂരില്‍ സ്റ്റോപ്പില്ല. തൃശ്ശൂര്‍- കണ്ണൂര്‍ പാസഞ്ചര്‍, മംഗലാപുരം- കോയമ്പത്തൂര്‍ ഇന്റര്‍സിറ്റി, മംഗലാപുരം- നാഗര്‍കോവില്‍ ഏറനാട് എക്‌സ്​പ്രസ് എന്നിവയ്ക്കും ബോഗികളുടെ എണ്ണം കുറവായതിനാല്‍ യാത്രാദുരിതം ഏറെയാണ്.

അവധിക്കാലത്ത് യാത്രക്കാര്‍ക്ക് തീവണ്ടിയില്‍ കാല്‍ കുത്താന്‍ ഇടമില്ല. ബാംഗ്ലൂര്‍, ചെന്നൈ എന്നിവിടങ്ങളില്‍ നിന്ന് മലബാറിലേക്കും തിരിച്ചും കൂടുതല്‍ സ്‌പെഷല്‍ ട്രെയിനുകള്‍ അനുവദിക്കണമെന്നാവശ്യം ശക്തമായി.

ചെന്നൈ, ബാംഗ്ലൂര്‍ എന്നിവിടങ്ങളില്‍ നിന്നുമായി ദക്ഷിണ കേരളത്തിലേക്ക് 10 സ്‌പെഷല്‍ ട്രെയിനുകളാണ് ഓടിത്തുടങ്ങിയത്. അതേസമയം ചെന്നൈയില്‍നിന്ന് മലബാറിലേക്ക് ഒരു സ്‌പെഷല്‍ ട്രെയിന്‍ മാത്രമേ ഓടുന്നുള്ളൂ.

ബാംഗ്ലൂരിലേക്ക് സ്‌പെഷല്‍ ട്രെയിന്‍ അനുവദിക്കണമെന്ന് ഫെഡറേഷന്‍ ഓഫ് നോര്‍ത്ത് കേരള ചേംബര്‍ ഓഫ് കോമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രി ചെയര്‍മാന്‍ എം. മുസമ്മില്‍, ജനറല്‍ കണ്‍വീനര്‍ മുനീര്‍ കുറുമ്പടി എന്നിവര്‍ ആവശ്യപ്പെട്ടു.

Post a Comment

 
Top