0




കുറ്റിപ്പുറം: ഞെട്ടിയ്ക്കുന്ന ദുരന്തവാര്‍ത്തിയിലേക്കാണ് ഉത്രാടപ്പുലരിയില്‍ കുറ്റിപ്പുറം ഉണര്‍ന്നെണീറ്റത്...അടിക്കടിയുണ്ടാകുന്ന ദുരന്തങ്ങളില്‍ വിറങ്ങലിച്ച് നില്‍ക്കുകയാണിവിടത്തുകാര്‍.. ദാരുണമായ വാര്‍ത്തകള്‍ ഇത്തവണ കുറ്റിപ്പുറത്തുകാരുടെ ഓണാഘോഷത്തിന് മങ്ങലേല്‍പ്പിച്ചിരിക്കുന്നു... ചൊവ്വാഴ്ച രാവിലെ എട്ടോടെ ദേശീയപാതയിലുണ്ടായ വാഹനാപകടത്തില്‍ കോഴിക്കോട് അത്തോളി സ്വദേശികളായ മൂന്നുപേരാണ് മരിച്ചത്.

അപകടത്തിന്റെ തീവ്രതകണ്ട് രക്ഷാപ്രവര്‍ത്തനത്തിനെത്തിയവര്‍പോലും ഒരുനിമിഷം പകച്ചുനിന്നു. കാറോടിച്ചിരുന്ന ബാലകൃഷ്ണനും മുന്‍സീറ്റിലിരുന്ന കൃഷ്ണന്‍കുട്ടിയും പിന്‍സീറ്റിലിരുന്ന സുമീരയും സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചു. കാറിനുള്ളില്‍ കുടുങ്ങിയ സുബ്രഹ്മണ്യനെ ഏറെനേരംപണിപ്പെട്ടാണ് പുറത്തെടുത്തത്. നാട്ടുകാരും യാത്രക്കാരും പോലീസും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. പരിക്കേറ്റ സുബ്രഹ്മണ്യന്‍ വികലാംഗനാണ്. ഇയാളുടെ ഇടതുകാല്‍ നേരത്തെ മുറിച്ചുമാറ്റിയിരുന്നു.

അമിതവേഗവും അശ്രദ്ധയുമാണ് അപകടത്തിനിടയാക്കിയതെന്നാണ് പോലീസിന്‍േറയും മോട്ടോര്‍ വാഹനവകുപ്പ് അധികൃതരുടേയും പ്രാഥമിക നിഗമനം. കനത്ത മഴയുണ്ടായിരുന്നതും അപകടത്തിന് വഴിയൊരുക്കി. മിക്ക അപകടങ്ങളിലും വില്ലനാകാറുള്ള സ്വകാര്യബസ് ഇത്തവണ പതിവ് തെറ്റിച്ചു. സാമാന്യംവേഗത്തിലായിരുന്നെങ്കിലും ബസ് ഇടതുവശം ചേര്‍ന്നാണ് നിന്നിരുന്നത്. മുന്നിലുണ്ടായിരുന്ന വാഹനത്തെ മറികടക്കാനുള്ള കാര്‍ ഡ്രൈവറുടെ ശ്രമമാണ് അപകടത്തിനിടയാക്കിയതെന്നാണ് ദൃക്‌സാക്ഷികള്‍ പറഞ്ഞത്.

അപകടങ്ങളും മരണങ്ങളും കുറ്റിപ്പുറത്തിനെ വേട്ടയാടിക്കൊണ്ടിരിക്കുകയാണ്. തിങ്കളാഴ്ച രാങ്ങാട്ടൂരില്‍ സ്വകാര്യബസ്സും കാറും കൂട്ടിയിടിച്ച് പുത്തനത്താണി കല്ലിങ്ങല്‍ തേവര്‍പറമ്പില്‍ മുഹമ്മദ് അസറുദ്ദീന്‍ (19) മരിച്ചിരുന്നു.

ഒരാഴ്ചമുമ്പ് ഒമാനിലുണ്ടായ വാഹനാപകടത്തില്‍ കുറ്റിപ്പുറം സ്വദേശികളായ മൂന്നുപേരാണ് മരിച്ചത്. തൃക്കണാപുരം അണിമംഗലത്ത് വീട്ടില്‍ മുസ്തഫ, ഭാര്യ റുഖിയ, മകള്‍ മുഹ്‌സീന എന്നിവരാണ് മരിച്ചത്. ശനിയാഴ്ചയാണ് മൂവരുടേയും മൃതദേങ്ങള്‍ നാട്ടിലെത്തിച്ച് ഖബറടക്കിയത്. ഈ ദുരന്തത്തിന്റെ നടുക്കം വിട്ടുമാറുന്നതിന് മുമ്പാണ് ചൊവ്വാഴ്ചത്തെ അപകടം.

Post a Comment

 
Top