0

മലപ്പുറം: പൊതുജനങ്ങള്‍ക്ക് കുറഞ്ഞ നിരക്കില്‍ എല്ലാ ദിവസവും അവശ്യസാധനങ്ങള്‍ നല്‍കുന്നതിന് എല്ലാ പഞ്ചായത്തുകളിലും ത്രിവേണി നന്മ സ്റ്റോറുകള്‍ തുടങ്ങാനുള്ള പദ്ധതി തയ്യാറായി വരികയാണെന്ന് സഹകരണ മന്ത്രി സി.എന്‍. ബാലകൃഷ്ണന്‍ പറഞ്ഞു.
മലപ്പുറം സര്‍വീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തില്‍ സുവര്‍ണ ജൂബിലിയുടെ ഭാഗമായി ബാങ്കിലെ മുതിര്‍ന്ന അംഗങ്ങള്‍ക്കുള്ള പെന്‍ഷനും പ്ലസ് വണ്‍, പ്ലസ്ടു വിദ്യാര്‍ഥികള്‍ക്കുള്ള സ്‌കോളര്‍ഷിപ്പ് വിതരണവും നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
രണ്ടുവര്‍ഷം കൊണ്ട് സഹകരണ ബാങ്കുകള്‍ മുന്‍കൈയെടുത്ത് 2500 നീതി മെഡിക്കല്‍ സ്റ്റോറുകള്‍ നടത്തും. ജീവന്‍രക്ഷാ മരുന്നുകള്‍, കാന്‍സര്‍ മരുന്നുകള്‍ സാധാരണക്കാര്‍ക്ക് കുറഞ്ഞ നിരക്കില്‍ ലഭ്യമാക്കുന്നതിനുവേണ്ടിയാണിത്. സഹകരണബാങ്കുകളുടെ പ്രവര്‍ത്തനത്തില്‍ മാറ്റം വരുത്തും. ബാങ്കിങ്ങിനുപുറമെ സേവന മേഖലയ്ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കും. സ്ത്രീകളുടെ കഷ്ടപ്പാടുകള്‍ക്ക് അറുതി വരുത്താനും ഉദ്ദേശിക്കുന്നതായി മന്ത്രി പറഞ്ഞു.
പ്ലസ്‌വണ്‍, പ്ലസ്ടു വിദ്യാര്‍ഥികള്‍ക്ക് 200 രൂപ പ്രതിമാസം ധനസഹായം നല്‍കുന്ന വിദ്യാസഹായി പദ്ധതി പ്രകാരം 70 കുട്ടികള്‍ക്കാണ് ധനസഹായം നല്‍കുന്നത്. ബാങ്കിലെ മുതിര്‍ന്ന അംഗങ്ങള്‍ക്കുള്ള പെന്‍ഷന്‍ 1,000 രൂപ വീതമാണ് നല്‍കുക. വി.സി. ശങ്കരനാരായണന്‍ നമ്പൂതിരി, കെ. സില്‍വിയ എന്നിവര്‍ക്ക് തുക നല്‍കി പദ്ധതിയുടെ ഉദ്ഘാടനം മന്ത്രി നിര്‍വഹിച്ചു.
പെയിന്‍ ആന്‍ഡ് പാലിയേറ്റീവ് കെയര്‍ ക്ലിനിക്കിനുള്ള 50,000 രൂപയുടെ ധനസഹായം സഹകരണസംഘം ജോ. രജിസ്ട്രാര്‍ (ജനറല്‍) വി. അബ്ദുള്‍ നാസര്‍, ടി. അബൂബക്കറിന് നല്‍കി. യോഗത്തില്‍ പി. ഉബൈദുള്ള എം.എല്‍.എ അധ്യക്ഷനായി. നഗരസഭാ ചെയര്‍മാന്‍ കെ.പി. മുഹമ്മദ് മുസ്തഫ, വൈസ് ചെയര്‍പേഴ്‌സണ്‍ കെ.എം. ഗിരിജ, ബാങ്ക് പ്രസിഡന്റ് കെ.കെ. അബ്ദുള്ള, സഹകരണ സംഘം അസി. രജിസ്ട്രാര്‍ (ജനറല്‍) എം. വേലായുധന്‍, ബാങ്ക് വൈസ് പ്രസിഡന്റ് വാളന്‍ സമീര്‍ എന്നിവര്‍ പങ്കെടുത്തു.

Post a Comment

 
Top