0


കുറ്റിപ്പുറം: തലയിലും ശരീരത്തിലുമേറ്റ മുറിവുകളുടെ വേദനയില്‍ പിടയുമ്പോഴും ആ ദുഃഖസത്യം അവരറിഞ്ഞിരുന്നില്ല... ഇതിലും വലിയൊരു വേദന കാത്തിരിക്കുന്നുണ്ടെന്നുള്ള സത്യം. കുറ്റിപ്പുറത്തെ വാഹനാപകടത്തില്‍ മരിച്ച സുമീരയുടെ മാതാപിതാക്കളാണ് ഏകമകള്‍ തങ്ങളെ വിട്ടുപോയെന്നുള്ള യാഥാര്‍ഥ്യമറിയാതെ ആസ്​പത്രിയില്‍ കഴിച്ചുകൂട്ടിയത്.

അപകടം നടന്നയുടനെ രംഗത്തിറങ്ങിയ രക്ഷാപ്രവര്‍ത്തകര്‍ വാഹനത്തില്‍നിന്ന് വലിച്ചെടുത്തവരുമായി ആസ്​പത്രികളിലേക്ക് കുതിച്ചു. വാഹനത്തില്‍നിന്ന് ആളുകളെ പുറത്തെടുക്കാന്‍ ഒട്ടേറെപ്പേരുണ്ടായെങ്കിലും കൂടെ ആസ്​പത്രിയിലേക്ക് പോകാന്‍ പലര്‍ക്കും മടിയായിരുന്നുവെന്ന് രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്ത കുറ്റിപ്പുറം സ്വദേശി അബ്ദുല്‍ഹമീദും ഓട്ടോ ഡ്രൈവര്‍ അലിയും പറഞ്ഞു. സുമീരയുടെ പിതാവ് സുബ്രഹ്മണ്യനെ ആസ്​പത്രിയിലെത്തിച്ചത് അബ്ദുല്‍ ഹമീദായിരുന്നു. ഇവരെത്തുന്നതിനുമുമ്പേ പദ്മാവതിയെ മറ്റുചിലര്‍ ആസ്​പത്രിയിലെത്തിച്ചിരുന്നു.

പദ്മാവതിയെ കണ്ടതോടെ സുബ്രഹ്മണ്യന്‍ തിരക്കിയത് മകളെയും കാറിലുണ്ടായിരുന്ന മറ്റുള്ളവരെയും കുറിച്ചായിരുന്നു. പക്ഷേ, അപകടത്തില്‍ മൂന്നുപേര്‍ക്ക് ജീവന്‍ നഷ്ടമായെന്ന ഞെട്ടിക്കുന്ന യാഥാര്‍ഥ്യം എല്ലാവരും മനഃപൂര്‍വം അവരില്‍നിന്ന് മറച്ചുവെച്ചു. മൊഴിയെടുക്കാനെത്തിയ പോലീസിനോടും പ്രിയമകളെക്കുറിച്ചാണ് ഇരുവരും ആദ്യം തിരക്കിയത്. പരിക്കേറ്റ് ആസ്​പത്രിയിലാണെന്നറിഞ്ഞതോടെ ഇരുവരുടെയും മുഖത്ത് ആശ്വാസം മിന്നിമറഞ്ഞു. ഒടുവില്‍ ബന്ധുക്കളെത്തി കോഴിക്കോട്ടെ ആസ്​പത്രിയിലേക്കായി കൊണ്ടുപോകുമ്പോഴും ആ മാതാപിതാക്കള്‍ നെഞ്ചുരുകി പ്രാര്‍ഥിക്കുകയായിരുന്നു പ്രിയപുത്രിയുടെ പരിക്ക് ഗുരുതരമാവരുതേ എന്ന്. അപ്പോഴേയ്ക്കും പ്രിയപുത്രിയും കാറിലുണ്ടായിരുന്ന മറ്റുരണ്ടുപേരും മറ്റൊരു വഴിയിലൂടെ അത്തോളിയിലേക്ക് നീങ്ങിയിരുന്നു. വെള്ളത്തുണിയില്‍ പൊതിഞ്ഞുകെട്ടിയ മൂന്ന് ശരീരങ്ങളായി.

Post a Comment

 
Top