0
പെരിന്തല്‍മണ്ണ: അലിഗഢ് സര്‍വകലാശാല മലപ്പുറം പ്രത്യേക കേന്ദ്ര വികസനത്തിന് സമര്‍പ്പിച്ച 140 കോടിയുടെ പദ്ധതിക്ക് കേന്ദ്ര ആസൂത്രണകമ്മീഷന്റെ അംഗീകാരം. മലപ്പുറം, മൂര്‍ഷിദാബാദ് കേന്ദ്രങ്ങള്‍ക്ക് ആസൂത്രണകമ്മീഷന്‍ അംഗീകാരം ലഭിച്ചതോടെയാണ് 140 കോടിയുടെ പദ്ധതിക്കും അനുമതിയായത്. ഇതോടെ 12-ാം പദ്ധതി വിഹിതമായി 140 കോടി വീതം ഇരു കേന്ദ്രങ്ങള്‍ക്കും ലഭിക്കും. പ്രത്യേക കേന്ദ്രങ്ങള്‍ക്കായി സര്‍വകലാശാല സമര്‍പ്പിച്ച പ്രത്യേക പദ്ധതി പരിഗണിക്കാന്‍ എക്‌സ്‌പെന്‍ഡിച്ചര്‍ ഫിനാന്‍സ് കമ്മിറ്റി (ഇ.എഫ്.സി) ഉടന്‍ വിളിച്ചുചേര്‍ക്കാന്‍ മാനവശേഷി വികസന മന്ത്രാലയം നടപടി തുടങ്ങിയിട്ടുണ്ടെന്ന് മലപ്പുറം കേന്ദ്രം ഡയറക്ടര്‍ ഡോ. പി. മുഹമ്മദ് അറിയിച്ചു. വകുപ്പ് സഹമന്ത്രി ഇ. അഹമ്മദ്, എം.എച്ച്.ആര്‍.ഡി ഉദ്യോഗസ്ഥര്‍ തുടങ്ങിയവരുമായി നടത്തിയ ചര്‍ച്ചകള്‍ക്ക് ശേഷമാണ് ഡയറക്ടര്‍ ഇക്കാര്യം അറിയിച്ചത്.

മലപ്പുറം കേന്ദ്രത്തിന് ധനസഹായം ഉടന്‍ ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി മാനവശേഷി വകുപ്പ് മന്ത്രി കപില്‍ സിബലിന് കത്തയച്ചിരുന്നു. പ്രത്യേക കേന്ദ്രങ്ങള്‍ തുടങ്ങുന്നതിനായി തമിഴ്‌നാട്, ഹരിയാന, അസം എന്നീ സംസ്ഥാനങ്ങള്‍ സമര്‍പ്പിച്ച അപേക്ഷ അടുത്തമാസം 29ന് ചേരുന്ന എക്‌സിക്യുട്ടീവ് കൗണ്‍സില്‍ പരിഗണിക്കുമെന്നും ഡയറക്ടര്‍ അറിയിച്ചു.

പദ്ധതിക്ക് ആസൂത്രണകമ്മീഷന്‍ അംഗീകാരം ലഭിച്ചതോടെ കേന്ദ്രത്തിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് വേഗമാകുകയാണ്. 140 കോടിയുടെ പകുതിയോളം തുക കാമ്പസിലെ സ്ഥിരം കെട്ടിടങ്ങളുടെ നിര്‍മാണത്തിനാണ് വിനിയോഗിക്കുക. സ്ഥിരം അധ്യാപകരെ നിയമിക്കുന്നതിനും സാധിക്കുമെന്ന് ഡയറക്ടര്‍ പറഞ്ഞു. അതേസമയം മലപ്പുറം കാമ്പസില്‍ പുതിയ കോഴ്‌സുകള്‍ തുടങ്ങുന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ പുനരവലോകനം ചെയ്യേണ്ടതായി വരുമെന്നാണ് സൂചന.

സമ്പൂര്‍ണ സര്‍വകലാശാല എന്ന രീതിയില്‍ 1200 കോടിയുടെ പദ്ധതിയാണ് സര്‍വകലാശാല കേന്ദ്ര സര്‍ക്കാരിന് ആദ്യം നല്‍കിയിരുന്നത്. ഇത് പുതുക്കി നിശ്ചയിച്ച് 500 കോടിയുടെ പദ്ധതി സമര്‍പ്പിച്ചിരുന്നെങ്കിലും അനുമതി ലഭിച്ചില്ല. തുടര്‍ന്നാണ് 140 കോടിയുടെ പദ്ധതി സമര്‍പ്പിച്ചത്.

ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍, വനിതാ പോളിടെക്‌നിക് കോളേജ്, മെഡിക്കല്‍ കോളേജ് എന്നിവ തുടങ്ങുന്നതിനായിരുന്നു നേരത്തെ പദ്ധതി തയ്യാറാക്കിയിരുന്നത്. 1200 കോടിയുടെ പദ്ധതി 140 കോടിയായി ചുരുക്കിയതോടെയാണ് തുടങ്ങാന്‍ തീരുമാനിച്ച കാര്യങ്ങളില്‍ പുനരവലോകനം വേണ്ടി വരുന്നത്. മലപ്പുറം കാമ്പസിലേക്കുള്ള താത്കാലിക അധ്യാപകരുടെ ഇന്റര്‍വ്യു തിങ്കളാഴ്ച ഉത്തര്‍പ്രദേശിലെ അലിഗഢ് സര്‍വകലാശാലയില്‍ നടക്കും.

Post a Comment

 
Top