
താനൂര്‍: താനൂര്‍ ബസ്സ്റ്റാന്‍ഡിന് സമീപം അഴുക്കുചാല്‍ നിര്‍മാണത്തിനിടെ സമീപത്തെ മതിലിടിഞ്ഞുവീണ് സ്ത്രീ തൊഴിലാളിയടക്കം ഒമ്പതുപേര്‍ക്ക് പരിക്കേറ്റു. തമിഴ്‌നാട് കടലൂര്‍ സ്വദേശികളായ അരവിന്ദന്‍ (18), മണിമേഖല (35), കൃഷ്ണകുമാര്‍(38), സുബ്രഹ്മണ്യന്‍ (45), കൃഷ്ണന്‍ (37), ചന്ദ്രന്‍ (39), ശിവകുമാര്‍ (27), ശെല്‍വകുമാര്‍ (18), മോഹനന്‍(29) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ പ്രാഥമിക ചികിത്സയ്ക്കുശേഷം കോട്ടയ്ക്കലിലെ സ്വകാര്യ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. ശനിയാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് അപകടം. പൊതുമരാമത്ത് വകുപ്പിന്റെ താനൂര്‍ റെയില്‍വേസ്റ്റേഷന്‍- ഓരിയക്കുളം റോഡിന്റെ വടക്കുഭാഗത്തെ അഴുക്കുചാല്‍ നിര്‍മ്മിച്ചിരുന്ന തൊഴിലാളികളുടെ മുകളിലേക്ക് സമീപമുള്ള എട്ടടി ഉയരവും 10 മീറ്റര്‍ നീളവുമുള്ള ചെങ്കല്ലുകൊണ്ട് നിര്‍മ്മിച്ച മതില്‍ ഇടിഞ്ഞ് വീഴുകയായിരുന്നു. വേങ്ങര സ്വദേശി പാങ്ങാട്ട് യൂസഫ് ഹാജിയുടെ ഉടമസ്ഥതയിലുള്ള സ്ഥലത്തിന്റെ മതിലാണ് ഇടിഞ്ഞത്.
അഴുക്കുചാലിന്റെ പാര്‍ശ്വഭിത്തി കോണ്‍ക്രീറ്റ് ചെയ്ത് നിര്‍മ്മിക്കുന്നതിനിടയിലാണ് അപകടം. അഴുക്കുചാല്‍ നിര്‍മ്മിക്കുന്നതിന് മതിലിനരികില്‍ നീളത്തില്‍ ചാല് കീറിയപ്പോള്‍ മതിലിന് ബലക്ഷയം സംഭവിച്ചതാകാം അപകടകാരണമെന്ന് കരുതുന്നു . പണി നടക്കുന്നിടത്ത് 25 ല്‍ പരം തൊഴിലാളികളുണ്ടായിരുന്നു. ഓട്ടോതൊഴിലാളികളും സബ്‌രജിസ്ട്രാര്‍ ഓഫീസിലെത്തിയവരും നാട്ടുകാരും ചേര്‍ന്നാണ് മതിലിനടിയില്‍പ്പെട്ടവരെ രക്ഷപ്പെടുത്തിയത്. പരിക്കേറ്റവരെ ഉടനെ പോലീസ് ജീപ്പിലും ഓട്ടോകളിലുമായി മൂലക്കലിലെ സ്വകാര്യ ആസ്പത്രിയിലെത്തിച്ചു. പിന്നീട് ഇവരില്‍ മൂന്ന് പേരെ കോട്ടയ്ക്കല്‍ അല്‍മാസ് ആസ്പത്രിയിലും മറ്റു നാലുപേരെ മിംസ് ആസ്പത്രിയിലും പ്രവേശിപ്പിച്ചു.
Post a Comment