0

ഹൃദയാഘാതം


ഹാര്‍ട്ട് അറ്റാക്ക് അഥവാ ഹൃദയാഘാതത്തെ കുറിച്ചുള്ള ഒരു കാര്യം ആദ്യം തന്നെ സൂചിപ്പിക്കട്ടെ. സ്വന്തമായി ഒരു ഹൃദയാഘാതം സംഘടിപ്പിക്കുന്നത് വരെ എല്ലാവരുടെയും ഒരു തെറ്റിദ്ധാരണ, ഹാര്‍ട്ട് അറ്റാക്ക് എനിക്ക് വരാത്ത ഒരു രോഗമാണ് എന്നാണ്. ഇവിടെ ഹൃദയാഘാതം സംഘടിപ്പിക്കുക എന്ന് മനഃപ്പൂര്‍വ്വം ഉപയോഗിച്ചിരിക്കുന്നതാണ്. കാരണം ഇന്നത്തെ ഹൃദ്രോഗങ്ങള്‍ മിക്കവാറും ജീവിത ശൈലിയിലും, ഭക്ഷണ ശൈലിയിലും വന്ന മാറ്റങ്ങള്‍ കൊണ്ട് വന്നതാണ്. അത് പോലെ നെഞ്ചു വേദനയോ, നെഞ്ചെരിച്ചിലോ അനുഭവപ്പെടുമ്പോള്‍, ഓ ഇത് ഗ്യാസിന്റെ പ്രശ്നമാണ് എന്ന് നിസാര മട്ടില്‍ പറഞ്ഞ് വേഗം പോയി ഒരു ഗ്യാസ് ഗുളിക എടുത്ത് കഴിക്കലാണ് മിക്കവരുടെയും ഒരു ശീലം. ഈ ഒരു സ്ഥിതി വിശേഷം ഇനി എങ്കിലും മാറേണ്ടിയിരിക്കുന്നു. മുറി വൈദ്യന്‍ രോഗിയെ കൊല്ലും എന്ന് കേട്ടിട്ടില്ലേ. നിങ്ങള്‍ ഗ്യാസ് എന്ന് തെറ്റിദ്ധരിക്കുന്ന ഹൃദയാഘാതം ഉണ്ടായി കഴിഞ്ഞുള്ള ആദ്യത്തെ ഒരു മണിക്കൂര്‍ അത്രയും നിര്‍ണായകമാണ്. ഈ ഒരു മണിക്കൂര്‍ ഗോള്‍ഡന്‍ അവര്‍ എന്നാണ് അറിയപ്പെടുന്നത്. ഈ ഒരു മണിക്കൂറിനകം നിങ്ങള്‍ക്ക് ചികിത്സ ലഭിക്കുകയാണെങ്കില്‍ നിങ്ങള്‍ രക്ഷപ്പെടാനുള്ള സാദ്ധ്യത വളരെ കൂടുതല്‍ ആണ്. അത് കൊണ്ട് വേദന തോന്നുമ്പോള്‍ എത്രയും പെട്ടെന്ന് ഡോക്ടറുടെ വിദഗ്ദോപദേശം തേടുന്നതാണ് ഉചിതം. ചിലപ്പോള്‍ നിങ്ങള്‍ക്ക് ഗ്യാസിന്റെ പ്രശ്നമായിരിക്കും. പക്ഷേ അത് ഡോക്ടറെ കണ്ട് ഒന്ന് ഉറപ്പ് വരുത്തുന്നതല്ലേ നല്ലത്.
എന്താണ് ഹൃദയാഘാതം
ഹൃദയാഘാതം എന്താണ് എന്ന് ഒറ്റ വാക്കില്‍ ചോദിച്ചാല്‍ ഹൃദയത്തിന് പ്രവര്‍ത്തിക്കാനാവശ്യമായ  ഓക്സിജന്‍ ലഭിക്കാതെ വരുന്ന അവസ്ഥയാണ് ഹൃദയാഘാതം. വിശദമായി പറയുകയാണെങ്കില്‍ ഹൃദയം എപ്പോഴും സ്പന്ദിച്ചു കൊണ്ടിരിക്കണമെങ്കില്‍ ഹൃദയത്തിനും ഭക്ഷണം വളരെ ആവശ്യമാണ്. അതായത് ഹൃദയത്തിന്റെ പേശികളിലെ കോശങ്ങള്‍ക്ക് പ്രാണവായുവും പോഷകങ്ങളും ലഭിച്ചു കൊണ്ടിരിക്കണം. ഇവ എത്തിക്കുന്നത് കൊറോണറി ധമനികള്‍ എന്ന പ്രത്യേക രക്തക്കുഴലുകള്‍ വഴിയാണ്. ഈ കൊറോണറി ധമനികളില്‍ എന്തെങ്കിലും തടസ്സമുണ്ടാവുകയോ അവ ഇടുങ്ങി പോവുകയോ ചെയ്താല്‍ ഹൃദയത്തിന്റെ പേശികളിലെ കോശങ്ങള്‍ക്ക് ആവശ്യത്തിന് ഭക്ഷണം കിട്ടാതെ ആവും. അതായത് ഓക്സിജനും പോഷകങ്ങളും. ഓക്സിജന്റെ വരവ് നിലക്കുന്നതോടെ കോശങ്ങളുടെ പ്രവര്‍ത്തനവും നിലയ്ക്കുന്നു. ഇതിന്റെ ഫലമായി ഓക്സിജന്‍ കിട്ടാത്ത ഭാഗത്തെ കോശങ്ങള്‍ പെട്ടെന്ന് നിലച്ചു പോകുന്നു. ഹൃദയത്തിന്റെ പേശികളിലെ കോശങ്ങള്‍ എല്ലാം ഇങ്ങനെ നശിച്ച് ഹൃദയ പേശികള്‍ക്ക് ക്ഷതമുണ്ടാക്കുന്നു. ഈ രോഗാവസ്ഥയാണ് ഹാര്‍ട്ട് അറ്റാക്ക് എന്നറിയപ്പെടുന്നത്. ഹാര്‍ട്ട് അറ്റാക്ക് വന്ന് ഹൃദയം നിലച്ചു പോകുന്ന അവസ്ഥയാണ് കാര്‍ഡിയാക് അറസ്റ്റ് എന്നറിയപ്പെടുന്നത്. ഈ അവസ്ഥയില്‍ ഒരാള്‍ക്ക് മരണം വരെ സംഭവിക്കാം.
ഹാര്‍ട്ട് അറ്റാക്കിന്റെ ലക്ഷണങ്ങള്‍
നെഞ്ചിനകത്ത് ഭാരം അനുഭവപ്പെടല്‍
നെഞ്ചില്‍ തുടങ്ങി ക്രമേണ ചുമലുകളിലേയ്ക്കും, കഴുത്തിലേയ്ക്കും, കൈയ്യിലേയ്ക്കും പടരുന്ന വേദന
ശ്വാസ ഗതിയിലുള്ള വ്യതിയാനം
പെട്ടെന്ന് വിയര്‍ക്കല്‍
നെഞ്ചു വേദന വന്ന് 15 മിനിട്ട് കഴിഞ്ഞും കുറയുന്നില്ലെങ്കില്‍ എത്രയും പെട്ടെന്ന് ഡോക്ടറെ കാണുക

ഹൃദ്രോഗത്തിലേയ്ക്ക് നയിക്കുന്ന കാരണങ്ങള്‍

ഹൃദയ ധമനികളുടെ പ്രവര്‍ത്തനം അപകടാവസ്ഥയില്‍(Coronary Artery Disease)ആക്കി ഹൃദ്രോഗത്തിലേയ്ക്ക് നയിക്കുന്ന കാരണങ്ങള്‍ നിരവധി ആണ്.അവയില്‍ ചിലത് ജീവിത രീതി കൊണ്ട് ഒരു പരിധി വരെ നിയന്ത്രണ വിധേയമാക്കാം എങ്കിലും ചുരുക്കം ചില കാരണങ്ങള്‍ നിയന്ത്രിക്കാന്‍ കഴിയാതെ വരുകയും രോഗി അപകടാവസ്ഥയില്‍എത്തിച്ചേരുകയും ചെയ്യും.
ഏതാനും ചില ഹൃദ്രോഗ കാരണങ്ങള്‍ താഴെ പറയുന്നു.
1.പുകവലി
2.പ്രമേഹം
3.അമിത രക്തസമ്മര്‍ദം
4.കൊളസ്ട്രോള്‍
5.അമിതവണ്ണം
അമിത രക്തസമ്മര്‍ദം
ഹൃദയാഘാതവും അമിത രക്തസമ്മര്‍ദ്ദവുമായി കടുത്ത ബന്ധമാണുള്ളത്.  ഒട്ടുമിക്ക രക്തസമ്മര്‍ദക്കാരിലും ഹൃദയാഘാതമോ, ഹൃദ്രോഗമോ കണ്ടുവരുന്നു. ഹൃദയത്തിലെത്തുന്ന രക്തത്തിന്റെ അളവ് കുറയ്ക്കുക മാത്രമല്ല രക്തസമ്മര്‍ദ്ദ തോത് ഉയരുമ്പോള്‍ ഉണ്ടാകുന്നത്, രക്തത്തില്‍ ആവശ്യമായ പ്രാണവായുവും ഇല്ലാതെ വരുന്നു.  രക്തപ്രവാഹിനിക്കുഴലുകളുടെ സങ്കോചവും തകരാറുമൊക്കെയാകാം ഇതിന് കാരണമെങ്കിലും അത്യന്തികമായി ഇത് നേരെ ബാധിക്കുന്നത് ഹൃദയത്തിന്റെ പ്രവര്‍ത്തനത്തെയാണ്.   രക്തസമ്മര്‍ദ്ദ വര്‍ദ്ധനയോ, കുറവോ ഉണ്ടാകാനുള്ള സാധ്യതകള്‍ കണ്ടെത്തി ചികിത്സയ്ക്കും വൈദ്യസഹായത്തിനും അമാന്തിക്കരുത്.
    പ്രായം കൂടുംതോറും രക്തസമ്മര്‍ദ്ദ തോത് കൂടിവരാനുള്ള സാധ്യതകളുണ്ട്. ആര്‍ട്ടറികള്‍ സങ്കോചിക്കുക, ഹൃദയമിടിപ്പ് വേഗത കൂടുക, വൃക്ക രോഗം, തൈറോയിഡ് രോഗം, ഉറക്കക്കുറവ് എന്നിവയും ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തിനുള്ള കാരണങ്ങളാണ്. ജലദോഷ നിവാരണത്തിനും ആസ്തമയ്ക്കുമുള്ള മരുന്നുകള്‍ കഴിച്ചാലും ചിലര്‍ക്ക് രക്തസമ്മര്‍ദ്ദം കൂടുന്നതായി കണ്ടുവരുന്നു.  ചില സ്ത്രീകളിലാണെങ്കില്‍ ഗര്‍ഭനിരോധന ഗുളികകള്‍ കഴിച്ചാലും ഗര്‍ഭിണിയായാലും ഹോര്‍മോണ്‍ ചികിത്സകള്‍ നടക്കുമ്പോഴും ഉയര്‍ന്ന രക്തസമ്മര്‍ദ്ദം ഉണ്ടാകുന്നു.  എന്തു തന്നെയായാലും രക്തസമ്മര്‍ദ്ദം കൂടുമ്പോള്‍ ഹൃദയത്തിലേക്കുള്ള രക്തചംക്രമണക്കുഴലുകളില്‍ സമ്മര്‍ദ്ദം വര്‍ദ്ധിക്കുകയാണ്.  ഏതെങ്കിലും മറ്റ് ആരോഗ്യപ്രശ്നങ്ങളും ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തിന് കാരണമാക്കുന്നു.  പലപ്പോഴും ഇതിന്റെ കാരണങ്ങള്‍ അറിയാറില്ല.  അതിരക്ത സമ്മര്‍ദ്ദം ചികിത്സിച്ച് പൂര്‍ണ്ണമായി മാറ്റിയെടുക്കാന്‍ കഴിയില്ലെങ്കിലും ഇതിനെ തടയാനും നിയന്ത്രിതമാക്കാനും വൈദ്യസഹായത്താല്‍ സാധ്യമാണ്.  ഹൃദയാഘാതത്തിനും ഹൃദ്രോഗത്തിനും അമിത രക്തസമ്മര്‍ദ്ദം പ്രധാന കാരണക്കാരനാണ്.
    ഹൃദയാഘാതം അകറ്റി നിര്‍ത്താന്‍ രക്തസമ്മര്‍ദ്ദ തോത് സാധാരണ നിലയിലാക്കുകയാണ് പ്രധാന മാര്‍ഗ്ഗങ്ങളിലൊന്ന്.  രക്ത സമ്മര്‍ദ്ദം ഉയരാതിരിക്കാന്‍ പുകവലി നിയന്ത്രിക്കുന്നത് നല്ലതാണ്. ഇതോടൊപ്പം അമിത ശരീരഭാരം കുറയ്ക്കുകയും കൊളസ്ട്രോള്‍ നിയന്ത്രിക്കുകയും ചെയ്യേണ്ടതുണ്ട്.  പ്രമേഹരോഗികള്‍ക്ക് ഉയര്‍ന്ന രക്തസമ്മര്‍ദ്ദമുണ്ടാകുകയും ഇതുവഴി ഹൃദയാഘാതത്തിന് ഇടയാക്കുകയും ചെയ്യുന്നു.  ദേഹാദ്ധ്വാനക്കാര്‍ക്ക് പൊതുവെ അതി രക്തസമ്മര്‍ദ്ദം അപൂര്‍വ്വമായിട്ടേ കാണാറുള്ളു. വ്യായാമം ചെയ്താല്‍ രക്തസമ്മര്‍ദ്ദത്തെ പിടിച്ച പിടിയാല്‍ നിര്‍ത്താമെന്നാണ് വിദഗ്ദരുടെ അഭിപ്രായം.
    ഹൃദയാഘാതത്തിന് അമിത രക്തസമ്മര്‍ദ്ദം ഇടയാക്കുന്നതുപോലെ, ഹൃദ്രോഗത്തിന്റെ ഒരു ലക്ഷണമായിട്ടും അമിത രക്തസമ്മര്‍ദ്ദ തോതിനെ പരിഗണിക്കുന്നുണ്ട് വൈദ്യശാസ്ത്രം. എന്നു കരുതി രക്തസമ്മര്‍ദ്ദമുണ്ടായാല്‍, കൂടിയാല്‍ ഉടന്‍ തന്നെ ഹൃദയാഘാതമുണ്ടാകുമെന്ന ധാരണവേണ്ട.  രക്തസമ്മര്‍ദ്ദത്തിന്റെ കാരണങ്ങള്‍ മറ്റു പലതുമാകാനിടയുള്ളതിനാല്‍ ശരിയായ രോഗനിര്‍ണ്ണയത്തിനുശേഷം മാത്രമേ അനന്തര നടപടികളുടെ ആവശ്യമുള്ളു.  ആന്തരിക അവയവങ്ങളുടെ തകരാറുകള്‍ മൂലവും രക്തസമ്മര്‍ദ്ദം വര്‍ദ്ധിക്കാം. ഹൃദയ പേശികളുടെ ക്ഷയം മൂലം ഹൃദയത്തിന് ആവശ്യമുള്ളത്ര രക്തം പമ്പുചെയ്യാന്‍ സാധിക്കാതെ വരുന്നത് പേശികളെ നിഷ്ക്രിയമാക്കുകയോ മൃതപ്രായത്തിലെത്തിക്കുകയോ ചെയ്യുന്നു.  ഇത് മിക്കവാറും ഹൃദയാഘാതത്തിന് ശേഷമുണ്ടാകുന്ന സ്ഥിതിവിശേഷമായിട്ടാണ് കണ്ടുവരുന്നത്.  ഈ ഒരു അവസ്ഥയിലും അമിത രക്തസമ്മര്‍ദ്ദം രേഖപ്പെടുത്തുന്നു. മാത്രമല്ല, ചിലതരം മരുന്നുകള്‍ കഴിച്ചാല്‍, ഹൃദയത്തിനേല്‍ക്കുന്ന ഒരുതരം 'വിഷബാധ'മൂലവും ഉയര്‍ന്ന രക്തസമ്മര്‍ദ്ദ നില രേഖപ്പെടുത്തുമെന്നാണ് വിദഗ്ദരായ ഭിഷഗ്വരന്മാര്‍ പറയുന്നത്.
    പ്രായമായവരിലാണ് രക്തസമ്മര്‍ദ്ദ തോത് വര്‍ദ്ധിയ്ക്കുന്നതെന്നിരിക്കെ, രക്തസമ്മര്‍ദ്ദവും ഹൃദയാഘാതവുമായുള്ള അടുത്ത ബന്ധവും ഈ പ്രായക്കാരിലാണ് ഏറെയും കാണപ്പെടുന്നത്. 
താഴ്ന്ന രക്തസമ്മര്‍ദ്ദവും ഹൃദയാഘാതവും
  
    ഹൃദയാഘാത കാരണങ്ങളില്‍ ഒന്നായ, ആര്‍ട്ടറികളിലെ തടസ്സങ്ങള്‍ രക്തസമ്മര്‍ദ്ദവുമായി നേരിട്ട് ബന്ധമുള്ളതാണ്.  ഇതുണ്ടാകുന്നത് കൊഴുപ്പുതരികള്‍ കട്ടയായി ഹൃദയത്തിലേക്ക് പ്രവഹിക്കുന്ന ധമനികളുടെ ഭിത്തികളില്‍ പറ്റിപ്പിടിച്ച് ഒഴുക്കിനെ കുറയ്ക്കുന്നതു മൂലമാണ്.  അതുമല്ലെങ്കില്‍ രക്തമാത്രകള്‍ കൂട്ടിപ്പിടിച്ച് രക്തവാഹിനികളിലൂടെ സഞ്ചരിച്ച് ഹൃദയത്തിനകത്ത് കടക്കുന്നതിനുമുമ്പേ കുഴലുകളെ പിളര്‍ത്തുന്നു.  ഇതോടെ, രക്തസമ്മര്‍ദ്ദം വര്‍ദ്ധിക്കുക സ്വാഭാവികം. യാഥാര്‍ത്ഥ്യത്തില്‍ ഇങ്ങിനെയുണ്ടാകുന്ന ഹൃദയാഘാതത്തിന്റെ മുഖ്യ ഉത്തരവാദിത്വം രക്തസമ്മര്‍ദ്ദത്തിനാണ്.
    രക്തസമ്മര്‍ദ്ദത്തിന് ഹൃദയാഘാതവുമായിട്ടുള്ള ബന്ധം കൊളസ്ട്രോള്‍, പ്രമേഹം, വൃക്കരോഗം എന്നിവയുമായിട്ടുള്ളതിനേക്കാള്‍ കൂടുതലോ, കുറവോ ആണെന്ന് പറയാനാകില്ലെങ്കിലും, ഒരു കാര്യം വ്യക്തമാണ് - രക്തസമ്മര്‍ദ്ദം മൂലം പ്രത്യേകിച്ച് അതീവ വര്‍ദ്ധിത രക്തസമ്മര്‍ദ്ദമാണ് ഹൃദയാഘാതത്തിന്റെ വലിയ കാരണക്കാരില്‍ ഒന്ന്. പ്രത്യേകിച്ച് ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് രക്തസമ്മര്‍ദ്ദവും ഹൃദയാഘാതവും ഹൃദ്രോഗവുമൊക്കെ ഏറ്റവും കൂടുതലുള്ള സംസ്ഥാനങ്ങളില്‍ ഒന്നാണ് കേരളം എന്നിരിയ്ക്കെ നമ്മുടെ ഭക്ഷണശീലങ്ങളും ജീവിതശൈലിയുമൊക്കെ ആരോഗ്യകരമായ രീതിയില്‍ പുനര്‍ക്രമീകരിക്കേണ്ടതുണ്ട്.
    റെഡിമെയ്ഡ് ഭക്ഷണങ്ങളും ഭക്ഷണപദാര്‍ത്ഥങ്ങളും ആവുന്നത്ര അകറ്റുകയാണ് പ്രധാനമായും അനുവര്‍ത്തിക്കേണ്ടത്.  ഇതിന് പുറമെ ശരീരത്തിന് വ്യായാമം ലഭിക്കുന്ന വിധത്തിലുള്ള പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുക, പാക്കറ്റുകളില്‍ വില്‍പ്പനയ്ക്കെത്തുന്ന പ്രത്യേകിച്ച് എണ്ണയില്‍ വറുത്തെടുക്കുന്ന ലഘുഭക്ഷണ പദാര്‍ത്ഥങ്ങള്‍ ഒഴിവാക്കുന്നതുമെല്ലാം രക്തസമ്മര്‍ദ്ദത്തേയും അതുവഴിയുള്ള ഹൃദ്രോഗങ്ങളേയും ആഘാതങ്ങളേയും ഒരു പരിധിവരെ അകറ്റാന്‍ പര്യാപ്തമാണ്. 

Post a Comment

 
Top