നിലമ്പൂര്‍: ടൂറിസം കേന്ദ്രമായ ആഢ്യന്‍പാറയില്‍ അപകട മരണങ്ങള്‍ പതിവായിട്ടും സുരക്ഷാസംവിധാനമൊരുക്കാത്ത അധികൃതരുടെ നിലപാടിനെതിരേ പ്രതിഷേധം ശക്‌തമാകുന്നു. അപകടത്തില്‍പ്പെട്ടു മരണമടഞ്ഞവരുടെ എണ്ണം 19 കവിഞ്ഞിട്ടും ഒരു സുരക്ഷാ സംവിധാനവും ഒരുക്കാന്‍ ഇതുവരെ അധികൃതര്‍ തയാറായിട്ടില്ല. 2004 മുതല്‍ ആഢ്യന്‍പാറയില്‍ അപകടമരണങ്ങള്‍ തുടരുകയാണ്. തിരുവോണ നാളില്‍ തിരൂര്‍ പുക്കയില്‍ മുണ്ടേതില്‍ ബഷീറിനെയാണ് അവസാനമായി ആഢ്യന്‍പാറയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായത്. 2011 മേയ് രണ്ടിന് കോഴിക്കോട് ബേപ്പൂര്‍ സ്വദേശികളായ അരക്കിണര്‍ പില്ലാടന്‍ നാസറിന്റെ മകന്‍ ജനീഷ് (20), ഉണിക്കോട്ടുപറമ്പ് ബൈത്തുള്‍ ഫഹദ് അശ്‌റഫിന്റെ മകന്‍ അമീര്‍ഫഹദ് (20), ആഢ്യന്‍പാറയിലെ ഗോപി, 2006ല്‍ പരപ്പനങ്ങാടിയിലെ സന്ദീപ്, 2007ല്‍ തിരുവനന്തപുരം സ്വദേശി വിഷ്‌ണു, താനാളൂര്‍ സ്വദേശി അന്‍സാരി, കോഴിക്കോട് മെഡിക്കല്‍ കോളജ് വിദ്യാര്‍ഥി ഡോ. ബിനോയി, ശുഹൈബ്, തിരൂര്‍ സ്വദേശി ഷാഹിദ്, 2008 ല്‍ രാമനാട്ടുകര സ്വദേശി ഷിജു, 2009ല്‍ കോഴിക്കോട് സ്വദേശി സജീഷ് തുടങ്ങിയവരുടെ ജീവനുകള്‍ ആഢ്യന്‍പാറയില്‍ പൊലിഞ്ഞു. വനംവകുപ്പ് സ്‌ഥാപിച്ച മുന്നറിയിപ്പ് ബോര്‍ഡ് മാത്രമാണ് നിലവിലുള്ളത്. സാമൂഹിക വിരുദ്ധര്‍ ബോര്‍ഡിന്റെ പല ഭാഗങ്ങളും നശിപ്പിച്ചിട്ടുണ്ട്. പാറയുടെ വഴുവഴുപ്പുമൂലം പലരും വീഴുകയും അപകടത്തില്‍പെടുകയും ചെയ്യാറുണ്ട്. ഇവിടെ കോണ്‍ക്രീറ്റ് പടവുകളും കൈവരികളും നിര്‍മിക്കുമെന്ന് അധികൃതര്‍ മുമ്പ് വാഗ്‌ദാനം നല്‍കിയിരുന്നു. അപകടങ്ങള്‍ തുടര്‍ക്കഥയാകുമ്പോഴും വാഗ്‌ദാനങ്ങള്‍ നല്‍കുക മാത്രമാണ് അധികൃതര്‍. ലൈഫ് ഗാര്‍ഡുമാരെയും സുരക്ഷാ ഉദ്യോഗസ്‌ഥരെയും നിയമിക്കണമെന്ന ആവശ്യത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. എന്നാല്‍ ഇതൊന്നും ഒരുക്കാന്‍ ടൂറിസം വികസന കൗണ്‍സിലോ മറ്റോ തയാറായിട്ടില്ല. പൊലീസ്/വനം എയ്‌ഡ് പോസ്‌റ്റ്, ലൈഫ്‌ഗാര്‍ഡ്, ചവിട്ടുപടി നിര്‍മാണം, കൈവരി, വാട്ടര്‍ ട്യൂബുകള്‍, ലൈഫ് ജാക്കറ്റ് തുടങ്ങി നിരവധി ആവശ്യങ്ങളടങ്ങിയ നിര്‍ദേശങ്ങള്‍ ചാലിയാര്‍ ഗ്രാമപഞ്ചായത്ത് അധികൃതര്‍ സമര്‍പ്പിച്ചെങ്കിലും നടപടി കൈക്കൊള്ളാത്തതാണ് അപകടമരണങ്ങള്‍ വര്‍ധിക്കാനിടയാക്കുന്നത്. സഞ്ചാരികളെ നിയന്ത്രിക്കാന്‍ ഒരു ഹോം ഗാര്‍ഡും 10 കുടുംബശ്രീ പ്രവര്‍ത്തകരും നാട്ടുകാരും മാത്രമാണിവിടെയുള്ളത്. സുരക്ഷയ്‌ക്കായി രണ്ടു കോടി രൂപയുടെ പദ്ധതിയും കൈവരിക്കായി 30 ലക്ഷം രൂപയുടെ പദ്ധതിയും നടപ്പാക്കുമെന്ന് പ്രഖ്യാപിച്ചിരുന്നുവെങ്കിലും ഇതുവരെ നടപ്പായിട്ടില്ല. ആഘോഷ ദിനങ്ങളില്‍ പോത്തുകല്‍ സ്‌റ്റേഷനില്‍നിന്നു പോലീസുകാരനെ നിയോഗിച്ചിരുന്നുവെങ്കിലും പിന്നീട് പിന്‍വലിക്കുകയായിരുന്നു. ശുചീകരണ ജോലി ചെയ്യുന്ന കുടുംബശ്രീ അയല്‍ക്കൂട്ടം വനിതകളാണ് പലപ്പോഴും സഞ്ചാരികള്‍ക്ക് അപകട മുന്നറിയിപ്പ് നല്‍കുന്നത്. സുരക്ഷാ വീഴ്‌ച വരുത്തിയ അധികൃതരുടെ അനാസ്‌ഥയില്‍ നാട്ടുകാരുടെ പ്രതിഷേധം ശക്‌തമായിരിക്കുകയാണ്.
Post a Comment