0

എന്താണ് കൊളസ്ട്രോള്‍

കൊളസ്ട്രോള്‍ അപകടകാരിയോ?

    ഏറെ തെറ്റിദ്ധരിപ്പിക്കപ്പെട്ട ഒരു പദമാണ് കൊളസ്ട്രോള്‍. മലയാളിയെ ഉറക്കം കെടുത്തുന്ന ഒന്നാണ് കൊളസ്ട്രോള്‍ എന്നു പറഞ്ഞാല്‍ പോലും തെറ്റില്ല. കൊളസ്ട്രോളിനെ ഇത്രമേല്‍ ഭയപ്പെടേണ്ടതുണ്ടോ? നമ്മുടെ ശരീരത്തിന്റെ പ്രവര്‍ത്തനത്തിന് അത്യന്താപേക്ഷിതമാണ് കൊളസ്ട്രോള്‍. മറ്റെല്ലാ വസ്തുക്കളെയും പോലെ അധികമാകുമ്പോള്‍ മാത്രമാണ് ഇവനും വില്ലനാകുന്നത്.
എന്താണ് കൊളസ്ട്രോള്‍?
മനുഷ്യ കോശങ്ങളിലും രക്തത്തിലും കണ്ടു വരുന്ന ഒരു കൊഴുത്ത പദാര്‍ത്ഥമാണ് കൊളസ്ട്രോള്‍. ഭക്ഷണത്തിലൂടെയും കരളിലെ ഉത്പാദനത്തിലൂടെയുമാണ് ശരീരത്തില്‍ കൊളസ്ട്രോള്‍ ഉണ്ടാകുന്നത്. കൊളസ്ട്രോള്‍ തന്മാത്രകളെ മൂന്നായി തിരിച്ചിരിക്കുന്നു.
1.സാന്ദ്രത കുറഞ്ഞ ലിപോ പ്രോട്ടീന്‍ കൊളസ്ട്രോള്‍ (എല്‍.ഡി.എല്‍)
2. സാന്ദ്രത കൂടിയ ലിപോപ്രോട്ടീന്‍ കൊളസ്ട്രോള്‍. (എച്ച്.ഡി.എല്‍)
3.സാന്ദ്രത തീരെ കുറഞ്ഞ ലിപോപ്രോട്ടീന്‍ കൊളസ്ട്രോള്‍ (വി.എല്‍.ഡി.എല്‍)
കൊളസ്ട്രോള്‍ എന്ന ബന്ധു.
ഹൃദ്രോഗങ്ങളില്‍ നിന്നും ഹൃദയത്തെ സംരക്ഷിക്കാനും രക്തക്കുഴലുകളില്‍ അടിഞ്ഞു കിടക്കുന്ന ചീത്ത കൊളസ്ട്രോളിനെ അലിയിച്ചു കളയാനും സാന്ദ്രത കൂടിയ എച്ച്.ഡി.എല്ലിനു കഴിയും. ഇത് നല്ല കൊളസ്ട്രോള്‍ എന്നറിയപ്പെടുന്ന കോശങ്ങളിലെ വൈദ്യുതിവാഹകപ്രക്രിയക്ക്  ചുക്കാന്‍ പിടിക്കുന്നു. വിറ്റാമിന്‍ എ,ഡി,ഇ,കെ തുടങ്ങിയവയുടെ ആഗിരണത്തെ സജീവമാക്കുന്നു. വിവിധയിനം സ്റ്റിറോയിഡ് ഹോര്‍മോണുകളുടേയും ലൈംഗിക ഹോര്‍മോണുകളുടേയും ഉത്പാദനം കൊളസ്ട്രോളില്‍ നിന്നാണ്.
കൊളസ്ട്രോള്‍ വില്ലനാകുന്നത് എങ്ങനെ?
രക്തത്തിലെ കൊളസ്ട്രോളിന്റെ എഴുപതു ശതമാനവും സാന്ദ്രത കുറഞ്ഞ ലിപോ പ്രോട്ടീന്‍ (എല്‍.ഡി.എല്‍) ആണ്. ഓക്സീകരണം സംഭവിച്ച എല്‍.ഡി.എല്‍ അത്യപകടകാരിയാണ്. ഇത് ധമനികളുടെ ഉള്‍പ്പാളികളില്‍ പറ്റിപ്പിടിച്ച് പുറ്റായി വളര്‍ന്ന് ധമനികളുടെ വ്യാസം കുറച്ച് രക്തപ്രവാഹത്തിന് തടസമുണ്ടാക്കുന്നു. അതിരോസ്ക്ളിറോസിസ് എന്നാണിത് അറിയപ്പെടുന്നത്. ഹൃദയധമനികള്‍ അടഞ്ഞുപോകല്‍, പിന്നെ നെഞ്ചുവേദനയും ഹാര്‍ട്ട് അറ്റാക്കും ആണ് അനന്തരഫലം. അതുകൊണ്ടുതന്നെ എല്‍.ഡി.എല്ലിനെ ചീത്ത കൊളസ്ട്രോള്‍ എന്നു വിളിക്കുന്നു.
കുടവയര്‍ ബാഹ്യസൂചന
യാതൊരു ലക്ഷണങ്ങളുമില്ലാതെ നിശ്ശബ്ദമായി, അനേകവര്‍ഷങ്ങള്‍ എടുത്താണ് അതിരോസ്ക്ളിറോസിസ് ആക്രമിക്കുന്നത്. ഇത് കൌമാരത്തില്‍ത്തന്നെ ആരംഭിക്കുന്നു. അദ്ധ്വാനം കൂടിയ ജോലികള്‍ ചെയ്യുമ്പോഴോ വേഗത്തില്‍ നടക്കുമ്പോഴോ വിമ്മിഷ്ടം അനുഭവപ്പെടുന്നത് കൊഴുപ്പടിയുന്നതിന്റെ ലക്ഷണമാണ്. അന്‍ജൈന എന്നാണ് ഇത് അറിയപ്പെടുന്നത്. കൊഴുപ്പടിയുന്നതിന്റെ ബാഹ്യസൂചനതന്നെയാണ് കുടവയര്‍.
കൊളസ്ട്രോള്‍ നില അറിയുക.
20 വയസ്സിന് മുകളില്‍ പ്രായമുള്ള എല്ലാവരും കൊളസ്ട്രോള്‍ നില പരിശോധിച്ചറിയണം. വര്‍ഷത്തില്‍ രണ്ട് തവണയെങ്കിലും ഇത് വേണം. പ്രമേഹം, ബി.പി തുടങ്ങിയ അസുഖങ്ങളുള്ളവര്‍ ഇടയ്ക്കിടെ പരിശോധിക്കണം. വിവധതരം കൊളസ്ട്രോളിലെ നില പരിശോധിക്കുന്നതിലൂടെ അര്‍ത്ഥമാക്കുന്നത് ലിപിഡ് പ്രൊഫൈല്‍ അറിയുകയാണ്.
ചികിത്സിക്കാം, മരുന്നില്ലാതെതന്നെ.
മുന്നുവേണ്ട, മനസ്സുവെച്ചാല്‍ മതി മൂന്നു മാസം കൊണ്ട് കൊളസ്ട്രോള്‍ നിയന്ത്രിക്കാം. ഭക്ഷണനിയന്ത്രണം,വ്യായാമം, ടെന്‍ഷനില്ലാത്ത മനസ്സ് ഇതാണ് ശരിയായ മാര്‍ഗ്ഗം. ഒപ്പം പുകവലിയും മദ്യപാനവും ഒഴിവാക്കുകയും വേണം.
ഭക്ഷണക്രമം:
* നാരുകൂടിയ ഭക്ഷണം കഴിക്കുക.
* പഴവര്‍ഗ്ഗങ്ങളും പച്ചക്കറികളും കൂടുതലായി ഉപയോഗിക്കുക.
* ഇറച്ചി കഴിയുന്നതും ഒഴിവാക്കുക.
*മീന്‍ പൊരിച്ചതിനു പകരം കറിവെച്ച് കഴിക്കുക.
*മുട്ടയുടെ മഞ്ഞക്കരു ഒഴിവാക്കണം.
*പൂരിതകൊഴുപ്പുകള്‍ അടങ്ങിയ എണ്ണ ഉപയോഗിക്കരുത്.
വ്യായാമം:
ദിവസവും 45 മിനിട്ടുവീതം സ്ഥിരമായി നടക്കുന്നത് അമിതകൊഴുപ്പ് അടിയുന്നത് തടയും. നീന്തല്‍, സൈക്ളിങ് പോലുള്ളവയും നല്ലതാണ്. എങ്കിലും ഡോക്ടറുടെ ഉപദേശപ്രകാരമേ വ്യായാമം തുടങ്ങാവൂ.

 

Post a Comment

 
Top