0
മമ്പാട്: വിനോദ സഞ്ചാര കേന്ദ്രമായ നിലമ്പൂര്‍ കനോലി തേക്ക് തോട്ടത്തിലെ തൂക്കുപാലത്തില്‍നിന്ന് വീണുപരിക്കേറ്റ യുവതിക്ക് നഷ്ടപരിഹാരം അനുവദിക്കണമെന്ന് ആവശ്യം.

മമ്പാട് വടപുറം ചെട്ടിയാരോടത്ത് അഷ്‌റഫിന്റെ ഭാര്യ സബിതയാണ് വീണത്.

ശനിയാഴ്ച വൈകീട്ട് നാലുമണിയോടെയാണ് യുവതിക്ക് പരിക്കേറ്റത്. തേക്കുതോട്ടത്തിലേക്കായി തൂക്കുപാലത്തിന്റെ പടിയിറങ്ങുമ്പോള്‍ തെന്നി വീഴുകയായിരുന്നു. ഇടതുകാലിന്റെ എല്ലുപൊട്ടിയതായി ബന്ധുക്കള്‍ പറഞ്ഞു.

വീണസമയം മതിയായ പരിചരണം ലഭ്യമായില്ലെന്നും ആസ്​പത്രിയിലെത്തിക്കാന്‍ കനോലി പ്ലോട്ടില്‍ സൗകര്യങ്ങളില്ലെന്നും ബന്ധുക്കള്‍ ആരോപിച്ചു. ആംബുലന്‍സ് വിളിക്കാന്‍ ആവശ്യപ്പെട്ടെങ്കിലും യഥാസമയം നടപടി കൈക്കൊണ്ടില്ലെന്നും പരാതിയുണ്ട്. പരിക്കേറ്റ യുവതിക്ക് ചികിത്സാ സഹായമുള്‍പ്പെടെ നഷ്ടപരിഹാരം നല്കണമെന്നും ഇക്കാര്യം ആവശ്യപ്പെട്ട് വനം മന്ത്രി ഉള്‍പ്പെടെയുള്ളവര്‍ക്ക് നിവേദനം നല്‍കുമെന്നും മമ്പാട് പഞ്ചായത്തംഗം റഫീഖാ നാസര്‍ പറഞ്ഞു.

എന്നാല്‍ തങ്ങളുടെ ഭാഗത്ത് വീഴ്ചകളുണ്ടായിട്ടില്ലെന്നും കനോലി പ്ലോട്ടില്‍ ജീവനക്കാരുടെ കുറവുണ്ടെന്നും ശനിയാഴ്ച ജോലിയിലുണ്ടായിരുന്ന വനം ജീവനക്കാര്‍ പറഞ്ഞു.

നിലവിലെ സാഹചര്യത്തില്‍ വനംവകുപ്പിന് നഷ്ടപരിഹാരം നല്‍കാന്‍ വ്യവസ്ഥയില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി.

Post a Comment

 
Top