
മലപ്പുറം: മുഴുവന്‍ പ്രാദേശിക പത്രപ്രവര്‍ത്തകര്‍ക്കും ആനുകൂല്യം നല്‍കുന്നതിനും ക്ഷേമനിധി ഏര്‍പ്പെടുത്തുന്നതിനും ഇന്‍ഫര്‍മേഷന്‍- പബ്ലിക് റിലേഷന്‍സ് വകുപ്പും സര്‍ക്കാരും നടപടികള്‍ ആരംഭിച്ചുവരുന്നതായി മന്ത്രി കെ.സി. ജോസഫ് പറഞ്ഞു. സിവില്‍സ്റ്റേഷന്‍ ബി 3 ബ്ലോക്കിലേക്ക് മാറിയ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. അധികം വൈകാതെ മുഴുവന്‍ പ്രാദേശിക പത്രപ്രവര്‍ത്തകര്‍ക്കും ഈ ആനുകൂല്യം ലഭ്യമാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സര്‍ക്കാരിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ ജനങ്ങളിലെത്തിക്കേണ്ടത് ഇന്‍ഫര്‍മേഷന്‍ വകുപ്പാണ്. അതുപോലെ ജനപ്രതികരണം മനസ്സിലാക്കാനും സര്‍ക്കാരിലെത്തിക്കാനും വകുപ്പിന് കഴിയണം. ജനങ്ങള്‍ക്ക് എന്താണ് സര്‍ക്കാര്‍ ചെയ്യേണ്ടതെന്ന് ബോധ്യപ്പെടുത്താനും വകുപ്പിന് സാധ്യമാകുമെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി പതിനാല് ജില്ലകളില്‍ നടത്തിയ പൊതുജനസമ്പര്‍ക്ക പരിപാടിയുടെ സമഗ്ര പുസ്തകം പി.ആര്‍.ഡിയും സാമൂഹികക്ഷേമവകുപ്പും തയ്യാറാക്കിക്കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
നഗരസഭാ ചെയര്‍മാന്‍ കെ.പി. മുഹമ്മദ് മുസ്തഫ അധ്യക്ഷതവഹിച്ചു. "ഉണര്‍വ്" വികസനപുസ്തകം ഐ ആന്‍ഡ് പി.ആര്‍.ഡി ഡയറക്ടര്‍ എ. ഫിറോസ് നഗരസഭാചെയര്‍മാന് കൈമാറി പ്രകാശനംചെയ്തു. ചടങ്ങില്‍ മുന്‍കാല പി.ആര്‍.ഡി ഉദ്യോഗസ്ഥരെയും ആദ്യകാല പത്രപ്രവര്‍ത്തകരെയും മന്ത്രി പൊന്നാടയണിയിച്ച് ആദരിച്ചു.
എ.ഡി.എം എന്‍.കെ.ആന്റണി, പ്രസ്‌ക്ലബ്ബ് പ്രസിഡന്റ് സി. നാരായണന്‍, സെക്രട്ടറി റഷീദ് ആനപ്പുറം, ആര്‍ക്കൈവിസ്റ്റ് സി.പി.അബ്ദുല്‍ മജീദ്, ജില്ലാപഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ വി. സുധാകരന്‍, നഗരസഭാ വൈസ്‌ചെയര്‍പേഴ്‌സണ്‍ വി.എം. ഗിരിജ തുടങ്ങിയവര്‍ സംസാരിച്ചു. ഐ ആന്‍ഡ് പി.ആര്‍.ഡി മേഖലാ ഡെപ്യൂട്ടി ഡയറക്ടര്‍ പി. വിനോദ് സ്വാഗതവും ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ വി.പി. സുലഭ നന്ദിയും പറഞ്ഞു.
കളക്ടറുടെ ഓഫീസിനുസമീപം ബി 3 ബ്ലോക്കില്‍ താഴത്തെ നിലയിലേക്കാണ് ഇന്‍ഫര്‍മേഷന്‍ ഓഫീസ് മാറ്റിയത്.
Post a Comment