0
വളാഞ്ചേരി: സെറിബ്രല്‍ പാള്‍സി അഥവാ ചലനവൈകല്യം ബാധിച്ച കുട്ടികള്‍ പിച്ചവെച്ച് നടന്നുതുടങ്ങുകയാണ്. ജീവിതത്തിന്റെ ഉയരങ്ങളിലേക്ക്. പുറമണ്ണൂര്‍ വി.കെ.എം. സ്‌പെഷല്‍ സ്‌കൂള്‍ ഫോര്‍ മെന്റലി ചാലഞ്ച്ഡ് എന്ന സ്ഥാപനമാണ് വൈകല്യനിവാരണ ശസ്ത്രക്രിയകള്‍ നടത്തി ശരീരശേഷിയില്ലാതിരുന്ന കുട്ടികളെ നടക്കാന്‍ പ്രാപ്തരാക്കുന്നത്.

2011-12 വര്‍ഷത്തില്‍ സെറിബ്രല്‍ പാള്‍സി ബാധിച്ച് നടക്കാന്‍ കഴിയാത്ത 42 കുട്ടികള്‍ക്കാണ് സൗജന്യ വൈകല്യനിവാരണ ശസ്ത്രക്രിയകള്‍ നടത്തിയത്. നാല് വയസ്സിനും 22 വയസ്സിനും ഇടയ്ക്ക് പ്രായമുള്ള കുട്ടികളായിരുന്നു എല്ലാം. ശസ്ത്രക്രിയകള്‍ക്കുശേഷം ചിട്ടയായ ഫിസിയോതെറാപ്പിയും പുനരധിവാസ പരിശീലനവും ലഭിച്ച ഈ കുട്ടികള്‍ ഇപ്പോള്‍ നടന്നു തുടങ്ങുകയാണ്. വി.കെ.എം. സ്‌പെഷല്‍ സ്‌കൂളിനോടൊപ്പംഎം.ഇ.എസ്. മെഡിക്കല്‍ കോളേജ്, കേരള അക്കാദമി ഫോര്‍ സെറിബ്രല്‍ പാള്‍സി ആന്‍ഡ് ഡെവലപ്‌മെന്റല്‍ ഡിസെബിലിറ്റീസ് എന്നീ സ്ഥാപനങ്ങളും സംരംഭത്തില്‍ പങ്കാളികളായി. ഈ കുട്ടികളുടെയും രക്ഷിതാക്കളുടെയും ഒത്തുചേരലും ഓണാഘോഷവും ഞായറാഴ്ച ഒമ്പതിന് പുറമണ്ണൂര്‍ വി.കെ.എം. ചാരിറ്റബിള്‍ സ്‌കൂളില്‍ നടക്കും.

പത്ത് വര്‍ഷംകൊണ്ട് സെറിബ്രല്‍ പാള്‍സി രോഗം ബാധിച്ച നൂറ്റിഅമ്പത്തി അഞ്ച് കുട്ടികള്‍ക്ക് വി.കെ.എം. സ്‌പെഷല്‍ സ്‌കൂള്‍ സൗജന്യശസ്ത്രക്രിയ നടത്തി. ഇവര്‍ക്കെല്ലാം തുടര്‍ചികിത്സയും നടക്കുന്നുണ്ട്.

ജന്മനാലോ പ്രസവസമയത്തോ തലച്ചോറിനുണ്ടാവുന്ന വിവിധ പരിക്കുകള്‍ മൂലം ശരീരത്തിന്മേലുള്ള നിയന്ത്രണം നഷ്ടപ്പെട്ട് വൈകല്യം ബാധിക്കുന്ന അവസ്ഥയാണ് സെറിബ്രല്‍ പാള്‍സി രോഗമെന്ന് പുനരധിവാസ വിഭാഗം ഡയറക്ടര്‍ സിനില്‍ദാസ് പറഞ്ഞു.

Post a Comment

 
Top