0
പൊന്നാനി:പൊന്നാനിയില്‍ തുറമുഖവകുപ്പിന്റെ കീഴില്‍ കാലാവസ്ഥയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ രേഖപ്പെടുത്തുന്നതിനായി മെറ്റീരിയോളജിക്കല്‍ സ്റ്റേഷന്‍ സ്ഥാപിച്ചു.

പൊന്നാനി പാതാറിലെ തുറമുഖവകുപ്പ് ഓഫീസിന് മുന്നിലാണ് സ്റ്റേഷന്‍ സ്ഥാപിച്ചത്. സംസ്ഥാനത്ത് എട്ട് തുറമുഖങ്ങളിലാണ് സ്റ്റേഷന്‍ സ്ഥാപിക്കുന്നത്. മലപ്പുറം ജില്ലയില്‍ പൊന്നാനിയില്‍ മാത്രമാണിത്.

എല്‍കോ എന്ന കമ്പനിയാണ് സ്റ്റേഷന്‍ സ്ഥാപിക്കാനുള്ള ടെന്‍ഡര്‍ നല്‍കിയത്. നാലുലക്ഷം രൂപയോളം ചെലവുള്ള കനേഡിയന്‍ കമ്പനിയുടെ ഉപകരണമാണ് സ്ഥാപിച്ചിരിക്കുന്നത്.

മഴയുടെ അളവ്, കാറ്റിന്റെ വേഗത, ഗതി, അന്തരീക്ഷ താപനില, സാന്ദ്രത, അന്തരീക്ഷമര്‍ദം തുടങ്ങിയവ രേഖപ്പെടുത്താനാകും. ഓരോ സെക്കന്‍ഡിലും ഇത് രേഖപ്പെടുത്തുന്നുണ്ട്. പക്ഷേ, ഇത് തിരുവനന്തപുരത്തുള്ള കേന്ദ്ര സ്റ്റേഷനിലേക്ക് അപ്‌ലോഡ് ചെയ്യാനുള്ള സംവിധാനമായിട്ടില്ല.

ഇപ്പോള്‍ ഈ ഉപകരണത്തില്‍ രേഖപ്പെടുത്തിക്കൊണ്ടിരിക്കുന്ന വിവരങ്ങള്‍ തിരുവനന്തപുരത്തേക്ക് നല്‍കണമെങ്കില്‍ സിംകാര്‍ഡ് വേണം. സിംകാര്‍ഡ് ലഭിക്കാന്‍ അധികൃതര്‍ സര്‍ക്കാരിനെ സമീപിച്ചിട്ടുണ്ട്. നാലുവര്‍ഷംവരെ ഇതിലെ വിവരങ്ങള്‍ സൂക്ഷിക്കാം.

വേലിയിറക്കവും വേലിയേറ്റവും രേഖപ്പെടുത്താനുള്ള ടൈഡല്‍ സ്റ്റേഷന്‍ എന്ന ഉപകരണം പോര്‍ട്ട് ഓഫീസിലെത്തിയിട്ടുണ്ടെങ്കിലും സ്ഥാപിച്ചിട്ടില്ല.

ടൈഡല്‍ സ്റ്റേഷന്‍ സ്ഥാപിക്കാനായി നിലവിലുള്ള ഫിഷിങ് ഹാര്‍ബറിനോട് ചേര്‍ന്ന പുഴഭാഗം പോര്‍ട്ടധികൃതര്‍ പരിശോധിച്ചിട്ടുണ്ട്. എന്നാല്‍ തീരുമാനമെടുത്തിട്ടില്ല.

Post a Comment

 
Top