0
മലപ്പുറം: ഗ്യാസ് ടാങ്കര്‍ ലോറികള്‍ സ്ഥിരമായി നിര്‍ത്തിയിട്ടിരുന്ന മലപ്പുറം മുണ്ടുപറമ്പ് ബൈപ്പാസില്‍ ട്രാഫിക് പോലീസിന്റെ അനുമതിയോടെ ജനകീയസമിതി 'നോ പാര്‍ക്കിങ്' ബോര്‍ഡ് സ്ഥാപിച്ചു. ടാങ്കറും ലോറികളും നിര്‍ത്തിയിടുന്ന വഴിയോരത്ത് പാര്‍ക്കിങ് നടത്താതിരിക്കാന്‍ നിറയെ കല്ലുകളും എടുത്തുവെച്ചിട്ടുണ്ട്.എന്നാല്‍ നോ പാര്‍ക്കിങ് ബോര്‍ഡുകളെ അവഗണിച്ച് ചരക്ക് ലോറികള്‍ ഇപ്പോഴും നിര്‍ത്തിയിടുന്നുണ്ട്. ടാങ്കറുകളുടെ പാര്‍ക്കിങ് പോലീസ് നടപടി ശക്തമാക്കിയതിനെത്തുടര്‍ന്ന് ഇപ്പോഴില്ലെന്ന ആശ്വാസത്തിലാണ് നാട്ടുകാര്‍. 

കോഴിക്കോട്-പാലക്കാട് ദേശീയപാതയുടെ ഭാഗമായ മുണ്ടുപറമ്പ് ബൈപ്പാസില്‍ അനധികൃതമായി ഗ്യാസ് ടാങ്കറുകള്‍ നിര്‍ത്തിയിടുന്നതിനെതിരെ കഴിഞ്ഞ തിങ്കളാഴ്ച മുതലാണ് പോലീസ് നടപടിതുടങ്ങിയത്. ഇവിടെ ടാങ്കര്‍ലോറികള്‍ പാര്‍ക്ക് ചെയ്യുന്നത് നിരോധിച്ചു. തുടര്‍ദിവസങ്ങളില്‍ മലപ്പുറം സ്റ്റേഷനില്‍ നിന്നുള്ള പോലീസ് ഉദ്യോഗസ്ഥരുടെയും ട്രാഫിക് പോലീസിന്റെയും കര്‍ശന നിരീക്ഷണവുമേര്‍പ്പെടുത്തിയിരുന്നു. തിരക്കേറിയ ബൈപ്പാസിന്റെ ഇരുവശത്തും ദിവസേന ഒട്ടേറെ ടാങ്കര്‍ലോറികളാണ് നിര്‍ത്തിയിട്ടിരുന്നത്. കാവുങ്കല്‍ വരെയുള്ള ബൈപ്പാസില്‍ മുണ്ടുപറമ്പ് ജങ്ഷനോട് ചേര്‍ന്നാണ് ഇവ നിര്‍ത്തിയിട്ടിരുന്നത്.

Post a Comment

 
Top