0
പെരിന്തല്‍മണ്ണ: മന്ത്രി മഞ്ഞളാംകുഴി അലി താഴേക്കോട്‌ പഞ്ചായത്തില്‍ ജനസമ്പര്‍ക്ക പരിപാടി നടത്തി. പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നു 197 അപേക്ഷകള്‍ ലഭിച്ചു. പരാതിയില്‍ ഏറെയും കുടിവെള്ളം, റോഡ്‌, നടപ്പാതകള്‍, വൈദ്യുതി, ഹൈസ്‌കൂള്‍, പി.എച്ച്‌. സെന്റര്‍ വിപുലീകരണം തുടങ്ങിയ അടിസ്‌ഥാന പ്രശ്‌നങ്ങളായിരുന്നു. ജനത്തിന്റെ ആവശ്യമനുസരിച്ചു സമ്പൂര്‍ണ വൈദ്യുതീകരണത്തിനാവശ്യമായ 4.5 ലക്ഷം രൂപ മന്ത്രി പ്രഖ്യാപിച്ചു. നാട്ടുകല്‍-പുത്തൂര്‍-അലനല്ലൂര്‍ റോഡ്‌ ഉടന്‍ പണി ആരംഭിക്കുമെന്ന്‌ അദ്ദേഹം ഉറപ്പ്‌ നല്‍കി. പഞ്ചായത്തിലെ എട്ടു മീറ്റര്‍ വീതിയുള്ള മുഴുവന്‍ റോഡുകളും ഉടന്‍ തുക വകയിരുത്തി പണി ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു. അമ്മിനിക്കാട്‌ വടക്കേക്കര കുടിവെള്ള പദ്ധതിക്ക്‌ ജില്ലാ പഞ്ചായത്തിന്റെ വിഹിതം അടക്കം 11.5 ലക്ഷം രൂപ അനുവദിച്ചു. കൊടികുത്തിമല ജില്ലയിലെ മികച്ച ടൂറിസ്‌റ്റ് കേന്ദ്രമാക്കി ഉയര്‍ത്തും. അരക്കുപറമ്പ്‌ വില്ലേജില്‍ ഹൈസ്‌കൂള്‍ അനുവദിക്കുന്നതിനാവശ്യമായ നടപടികള്‍ കൈക്കൊള്ളും. ജില്ലാ പഞ്ചായത്ത്‌ മെമ്പര്‍ ഹാജറുമ്മ അധ്യക്ഷത വഹിച്ചു. അഡ്വ. എന്‍ സൂപ്പി ഉദ്‌ഘാടനം ചെയ്‌തു. പഞ്ചായത്ത്‌ വൈസ്‌ പ്രസിഡന്റ്‌ എ കെ നാസര്‍, ആലിപ്പറമ്പ്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ശീലത്ത്‌ വീരാന്‍ കുട്ടി, മെമ്പര്‍ വി പി റഷീദ്‌, പത്മനാഭന്‍, കെ പി ഹുസൈന്‍, ജോസ്‌ പണ്ടാരപ്പള്ളി, വി പി കെ യൂസഫ്‌ ഹാജി, പി ടി സിദ്ദീഖ്‌ ജാഫര്‍ പ്രസംഗിച്ചു.

Post a Comment

 
Top