കുറ്റിപ്പുറം: ദേശീയപാതയോരത്തുള്ള കുറ്റിപ്പുറത്തെ സര്‍ക്കാര്‍ ആസ്പത്രിയില്‍ ട്രോമാകെയര്‍ യൂണിറ്റ് ഇനിയും പ്രവര്‍ത്തനസജ്ജമായില്ല. മന്ത്രിമാര്‍ നേരിട്ടെത്തി പ്രഖ്യാപനങ്ങള്‍ പലതും നടത്തിപ്പോയെങ്കിലും ട്രോമാകെയര്‍ യൂണിറ്റ് ഇപ്പോഴും കടലാസിലാണ്.
കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്താണ് കുറ്റിപ്പുറത്തെ ആസ്പത്രിയിലേക്ക് ട്രോമാകെയര്‍ യൂണിറ്റ് അനുവദിച്ചത്. പിന്നീട്, ആസ്പത്രി താലൂക്ക് ആസ്പത്രിയുടെ പദവിലേക്ക് മാറിയെങ്കിലും നിലവാരം മെച്ചപ്പെട്ടില്ല. ട്രോമാകെയര്‍ യൂണിറ്റ് ഉടന്‍ പ്രവര്‍ത്തനമാരംഭിക്കുമെന്ന ആരോഗ്യമന്ത്രിയുടെ പ്രസ്താവനയും പ്രഖ്യാപനത്തിലൊതുങ്ങി.
പുതിയ സര്‍ക്കാര്‍ അധികാരത്തിലെത്തിയപ്പോള്‍ മന്ത്രി ആസ്പത്രി സന്ദര്‍ശിക്കുകയും ഒരുമാസത്തിനകം യൂണിറ്റ് പ്രവര്‍ത്തനമാരംഭിക്കുമെന്ന് അറിയിക്കുകയും ചെയ്തതാണ്. എന്നാല്‍, വര്‍ഷം ഒന്ന് പിന്നിടുമ്പോഴും ട്രോമാകെയര്‍ യൂണിറ്റ് ചുവപ്പുനാടയില്‍ കുടുങ്ങിക്കിടക്കുകയാണ്.
യൂണിറ്റിലേക്കാവശ്യമായ ഉപകരണങ്ങള്‍ ആസ്പത്രിയിലെത്തിയിട്ട് മാസങ്ങള്‍ പിന്നിട്ടെങ്കിലും ആവശ്യമായ ഡോക്ടര്‍മാരെയും ജീവനക്കാരെയും നിയമിക്കുന്നതിന് നടപടിയുണ്ടായിട്ടില്ല. ആസ്പത്രിയിലെത്തിച്ച ഉപകരണങ്ങള്‍ പലയിടത്തായി കൂട്ടിയിട്ടിരിക്കുകയാണ്.
കോഴിക്കോടിനും തൃശ്ശൂരിനുമിടയില്‍ ദേശീയപാതയോരത്ത് പ്രവര്‍ത്തിക്കുന്ന ഏക സര്‍ക്കാര്‍ ആസ്പത്രിയാണ് കുറ്റിപ്പുറത്തേത്. ഈ പ്രാധാന്യം കണക്കിലെടുത്താണ് ഇവിടേക്ക് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ട്രോമാകെയര്‍ യൂണിറ്റ് അനുവദിച്ചത്.
ദേശീയപാതയില്‍ അപകടങ്ങളുണ്ടാകുമ്പോള്‍ റോഡരികിലെ സര്‍ക്കാര്‍ ആസ്പത്രി വെറും നോക്കുകുത്തിയാവുകയാണ്. മുഴുവന്‍ സമയം പ്രവര്‍ത്തിക്കുന്ന അത്യാഹിതവിഭാഗമില്ലാത്തതാണ് കാരണം.
കുറ്റിപ്പുറത്ത് അപകടമുണ്ടാകുമ്പോള്‍ പരിക്കേല്‍ക്കുന്നവരുമായി കിലോമീറ്ററുകള്‍ അകലെയുള്ള എടപ്പാളിലെയും വളാഞ്ചേരിയിലെയും ആസ്പത്രിയിലേക്ക് പോകേണ്ട സ്ഥിതിയാണ്. പരിക്ക് ഗുരുതരമാണെങ്കില്‍ ഇവിടെയെത്തുമ്പോഴേക്ക് ജീവന്‍ നഷ്ടമാവുകയുംചെയ്യും.
ദേശീയപാതയിലെ അപകടമേഖലയായ മൂടാലിനും റെയില്‍വെ മേല്‍പ്പാലത്തിനും ഇടയിലാണ് ഈ ആതുരാലയം. ചൊവ്വാഴ്ച കാറും ബസ്സും കൂട്ടിയിടിച്ച് മൂന്നുപേരുടെ മരണത്തിനിടയാക്കിയ അപകടമുണ്ടായതും ആസ്പത്രിയുടെ ഏതാനും മീറ്ററുകള്‍ അകലെയാണ്. ട്രോമാകെയര്‍ യൂണിറ്റിന്റെ അഭാവംമൂലം പരിക്കേറ്റവരെ കിലോമീറ്ററുകള്‍ അകലെയുള്ള സ്വകാര്യ ആസ്പത്രിയിലാണ് പ്രവേശിപ്പിച്ചത്.
Post a Comment