0
കുറ്റിപ്പുറം ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിനു പുതിയ കെട്ടിടം നിര്‍മിച്ചുവെങ്കിലും ഫര്‍ണിച്ചറില്ലാത്തതിനാല്‍ ക്ലാസുകള്‍ പുതിയ കെട്ടിടത്തിലേക്കു മാറ്റാനായില്ല. ഇതോടെ ഇപ്പോഴും തുടരുന്നതു ഷിഫ്‌റ്റ് സമ്പ്രദായം. കെ.ടി. ജലീല്‍ എം.എല്‍.എയുടെ പ്രത്യേക താല്‍പര്യപ്രകാരം ഹയര്‍ സെക്കന്‍ഡറി വിഭാഗത്തിനു പുതിയ കെട്ടിടം നിര്‍മിക്കുന്നതിനായി നബാര്‍ഡിന്റെ ഫണ്ട്‌ അനുവദിച്ചിരുന്നുവെങ്കിലും എം.എല്‍.എയുമായി സ്വരച്ചേര്‍ച്ചയില്ലാതിരുന്ന ജില്ലാ പഞ്ചായത്ത്‌ ഭരണ സമിതി, ജില്ലാ പഞ്ചായത്തിന്റെ വിഹിതമായ 10% തുക അടയ്‌ക്കാന്‍ തയാറായില്ല. ഇതോടെ ഫണ്ട്‌ നഷ്‌ടപ്പെട്ടു. തുടര്‍ന്ന്‌ ധനമന്ത്രിയുടെ പ്രത്യേക താല്‍പര്യപ്രകാരം രണ്ടു കോടിയിലധികം രൂപ അനുവദിച്ചു. ഒരു വര്‍ഷം മുമ്പു കെട്ടിടം പണി തീരുകയും ആറു മാസം മുമ്പു ക്ലാസുകള്‍ തുടങ്ങാന്‍ കഴിയുന്ന രീതിയില്‍ തയാറാവുകയും ചെയ്‌തു. എന്നാല്‍ 12 ക്ലാസ്‌ മുറികളിലേക്കും ലാബുകളിലേക്കും ആവശ്യമായ ഫര്‍ണിച്ചറുകളും മറ്റു സൗകര്യങ്ങളുമൊരുക്കുന്നതിനാവശ്യമായ 15 ലക്ഷം രൂപയുടെ ഫണ്ട്‌ അനുവദിക്കുന്നതിനും ഉദ്‌ഘാടനത്തിനുമായി നിലവിലുള്ള എം.എല്‍.എയെ പി.ടി.എ ഭാരവാഹികള്‍ സമീപിച്ചിരുന്നുവെങ്കിലും ഫണ്ട്‌ അനുവദിച്ചില്ലെന്നും അവഹേളിക്കുന്ന രീതിയിലാണ്‌ എം.എല്‍.എ പെരുമാറിയതെന്നും പി.ടി.എ ഭാരവാഹികള്‍ പറയുന്നു. ജില്ലാ പഞ്ചായത്തിന്റെ കീഴിലുള്ള സ്‌കൂളായിട്ടും ജില്ലാ പഞ്ചായത്തും ഇതു ഗൗരവമായെടുക്കുന്നില്ല. ആകെ 15 ബെഞ്ചും ഡെസ്‌കുമാണു ജില്ലാ പഞ്ചായത്ത്‌ നല്‍കാമെന്നേറ്റിരിക്കുന്നത്‌. സ്‌കൂളിലെ ഷിഫ്‌റ്റ് സമ്പ്രദായം അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ തന്നെ ശ്രമിക്കുമ്പോഴാണു കുറ്റിപ്പുറം ഹയര്‍ സെക്കന്‍ഡറി സ്‌കൂളിനു കെട്ടിടമുണ്ടായിട്ടും ഈ ദുര്‍ഗതി. വികസനത്തിനു കൂടുതല്‍ ഫണ്ടുണ്ടായിട്ടാണ്‌ ഒരു സര്‍ക്കാര്‍ സ്‌കൂളിന്‌ ഈ ദുര്‍ഗതി. ഇപ്പോള്‍ സ്‌കൂള്‍ ഫര്‍ണിച്ചറിനായി സ്‌കൂളില്‍ പ്രവേശനം നേടുന്നവരില്‍നിന്നു ഫീസിനു പുറമെ 500 രൂപയിലധികം പി.ടി.എ ഫണ്ട്‌ വാങ്ങിയിട്ടുണ്ട്‌. ഓണാവധിക്കുശേഷം ഔദ്യോഗിക ഉദ്‌ഘാടന ചടങ്ങുകളൊന്നുമില്ലാതെ കുറച്ചു ക്ലാസുകളെങ്കിലും പുതിയ കെട്ടിടത്തിലേക്കു മാറ്റാനുള്ള ശ്രമത്തിലാണു പി.ടി.എ ഭാരവാഹികള്‍. രാഷ്‌ട്രീയ സ്വാര്‍ഥതമൂലം ജനപ്രതിനിധികള്‍ നിഷേധാത്മക സമീപനം സ്വീകരിക്കുന്നതു ശരിയല്ലെന്ന അഭിപ്രായമാണു രക്ഷിതാക്കള്‍ക്കുള്ളത്‌.

Post a Comment

 
Top