0
മലപ്പുറം: അസം കലാപത്തിന്‍േറതെന്ന പേരില്‍ മൊബൈല്‍ഫോണിലൂടെ വീഡിയോചിത്രങ്ങള്‍ പ്രചരിപ്പിച്ച കേസില്‍ കേരളപോലീസിന്റെ അന്വേഷണം തത്കാലം നിര്‍ത്തുന്നു. അന്വേഷണം കേന്ദ്ര ഇന്റലിജന്‍സ് ബ്യൂറോ ഏറ്റെടുത്തതോടെ ബാംഗ്ലൂരിലേക്ക് പോയ കേരള പോലീസ് സംഘം മടങ്ങി. കേസില്‍ മലപ്പുറം സ്വദേശികള്‍ ഉള്‍പ്പെട്ടിട്ടുണ്ടെങ്കിലും ബാംഗ്ലൂര്‍ പോലീസിന്റെ നിര്‍ദേശം കിട്ടിയാലേ ഇക്കാര്യത്തില്‍ കൂടുതല്‍ അന്വേഷണം നടത്താന്‍ കഴിയുകയുള്ളൂവെന്നാണ് കേരള പോലീസ് പറയുന്നത്. 

വ്യാജ വീഡിയോദൃശ്യങ്ങള്‍ കൈമാറിയതില്‍ ബാംഗ്ലൂരിലെ മലപ്പുറം സ്വദേശികള്‍ ഉള്‍പ്പെട്ടതായി തെളിഞ്ഞതിനെത്തുടര്‍ന്ന് ബാംഗ്ലൂരിലേക്ക് പോയ പോലീസ്‌സംഘം ശനിയാഴ്ച വൈകിയാണ് തിരിച്ചെത്തിയത്. മഞ്ചേരിയിലെ ഒരു വ്യക്തിയുടെ മൊബൈലിലേക്ക് അസം കലാപത്തിന്‍േറതെന്ന പേരില്‍ ചില ചിത്രങ്ങള്‍ ലഭിച്ചതായിരുന്നു കേസിന്റെ തുടക്കം. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ബാംഗ്ലൂരിലെ സുഹൃത്തുക്കള്‍ നാട്ടിലെത്തിയപ്പോള്‍ ദൃശ്യങ്ങള്‍ ഫോര്‍വേര്‍ഡ് ചെയ്ത് കിട്ടിയതാണെന്ന് ഇയാള്‍ മൊഴിനല്‍കി. ഈ വിവരങ്ങള്‍ ബാംഗ്ലൂര്‍ പോലീസിന് കൈമാറി. ഇവരെ തിരിച്ചറിയാനും ചോദ്യംചെയ്യലിനെ സഹായിക്കാനുമാണ് മലപ്പുറത്തുനിന്നുള്ള പോലീസ് സംഘം ബാംഗ്ലൂരിലേക്ക് പോയത്. ആകെ 11 പേരെ കര്‍ണാടക പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു.

മലപ്പുറം സ്വദേശികളടക്കം മൊത്തം മൂന്ന് മലയാളികളെയാണ് പോലീസ് കസ്റ്റഡിയിലെടുത്തിട്ടുള്ളത്. എന്നാല്‍ ഇവരെ അറസ്റ്റു ചെയ്യുകയോ കേസെടുക്കുകയോ ചെയ്തിട്ടില്ല. വീഡിയോ ചിത്രങ്ങള്‍ കൈമാറിയതിന്റെ സ്രോതസ്സ് കണ്ടെത്താനാണ് കേന്ദ്ര ഇന്റലിജന്‍സ് ബ്യൂറോവിന്റെയും കര്‍ണാടക പോലീസിന്റെയും ശ്രമം. വ്യാജ വീഡിയോ പ്രചരിപ്പിക്കുന്നതിന് ബോധപൂര്‍വം ശ്രമിച്ചയാള്‍ ഒളിവിലാണെന്നാണ് പോലീസ് പറയുന്നത്. കര്‍ണാടക സ്വദേശിയായ ആദം എന്നയാളെ കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്. മലപ്പുറം സ്വദേശിക്ക് വീഡിയോ ലഭിച്ചത് ഇയാളുടെ സുഹൃത്ത് വഴിയാണെന്ന് കരുതുന്നു. അതേസമയം ആദമില്‍നിന്ന് ശൃംഖല നീളാന്‍ സാധ്യതയുണ്ടെന്നും പോലീസ് പറയുന്നുണ്ട്.

Post a Comment

 
Top