പ്ലസ്‌വണ്‍ പരീക്ഷയില്‍ കൂട്ട ആള്‍മാറാട്ടം നടത്തിയ സംഭവത്തില്‍ ഉള്‍പ്പെട്ട മൂര്‍ക്കനാട് സുബുലുസ്സലാം ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ 23 വിദ്യാര്‍ഥികളും തിങ്കളാഴ്ച തിരുവനന്തപുരത്ത് ഹയര്‍ സെക്കന്‍ഡറി ഡയറക്ടര്‍ മുമ്പാകെ ഹാജരാകും.
ഒന്നാംവര്‍ഷ പ്ലസ് വണ്‍ ഇംഗ്ലീഷ് ഇംപ്രൂവ്‌മെന്റ് പരീക്ഷയില്‍ വിദ്യാര്‍ഥികള്‍ ആള്‍മാറാട്ടം നടത്തിയതായി പരീക്ഷാവിഭാഗം ഡെപ്യൂട്ടി ഡയറക്ടറുടെയും ജോയിന്റ് ഡയറക്ടറുടെയും അന്വേഷണ റിപ്പോര്‍ട്ടില്‍ വ്യക്തമായതായും ബോധപൂര്‍വവും സംഘടിതവുമായി നടത്തിയ ക്രമക്കേടിന്റെ ക്രിമിനല്‍ സ്വഭാവം കണക്കിലെടുത്ത് കുട്ടികള്‍ ക്രിമിനല്‍ നടപടിക്ക് അര്‍ഹരാണെന്നും ഉത്തരവിലുണ്ട്.
കുട്ടികള്‍ നടത്തിയ കുറ്റസമ്മതത്തിന്‍േറയും ഭാവി പഠനസാധ്യതകളുടേയും അടിസ്ഥാനത്തില്‍ കടുത്ത ശിക്ഷാനടപടികള്‍ വേണ്ടെന്ന് തീരുമാനിച്ചതായും ക്രമക്കേടിന്റെ ഗൗരവം കണക്കിലെടുത്ത് തുടര്‍ച്ചയായ മൂന്ന് പരീക്ഷകളില്‍ വിലക്ക് ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചതായുമാണ് ഡയറക്ടര്‍ വിദ്യാര്‍ഥികളെ അറിയിച്ചിട്ടുള്ളത്. ഇങ്ങനെ അച്ചടക്ക നടപടി സ്വീകരിക്കാതിരിക്കാന്‍ കാരണങ്ങളുണ്ടെങ്കില്‍ അത് നേരിട്ട് ബോധിപ്പിക്കണമെന്നാണ് അറിയിപ്പ്.
ഭാവി നടപടികളില്‍ നിന്നൊഴിവാക്കാന്‍ മാപ്പപേക്ഷ എഴുതി നല്‍കണമെന്ന് ബന്ധപ്പെട്ടവരെല്ലാം നിര്‍ദേശിച്ചതിന്റെ അടിസ്ഥാനത്തിലാണ് കുട്ടികള്‍ അങ്ങനെ എഴുതി നല്‍കിയതെന്നും ഇപ്പോള്‍ അത് കുട്ടികള്‍ക്കെതിരെ ആയുധമാക്കുന്നത് അനീതിയാണെന്നുമാണ് രക്ഷിതാക്കള്‍ പറയുന്നത്.
വിഷയം നേരിട്ട് ഹയര്‍ സെക്കന്‍ഡറി ഡയറക്ടറുടെ ശ്രദ്ധയില്‍ പെടുത്തുന്നതോടെ ശിക്ഷാനടപടികളില്‍ നിന്നും കുട്ടികള്‍ ഒഴിവാകുമെന്ന് രക്ഷിതാക്കളും കുട്ടികളും പ്രതീക്ഷിക്കുന്നുണ്ട്.
ഇത്രയും കുട്ടികളെ ഒരുമിച്ച് തിരുവനന്തപുരത്തേക്ക് വിളിപ്പിക്കുന്നതിന് പകരം ബന്ധപ്പെട്ടവര്‍ സ്‌കൂളിലോ കോഴിക്കോട് ഹയര്‍ സെക്കന്‍ഡറി റീജ്യണല്‍ ഓഫീസിലോ ഹാജരായി തെളിവെടുപ്പ് നടത്തിയാല്‍ മതിയായിരുന്നുവെന്ന പക്ഷക്കാരുമുണ്ട്. തിരുവനന്തപുരത്ത് ഹാജരാകാന്‍ പ്രത്യേക ബസ്സിലാണ് 23 കുട്ടികളും അവരുടെ രക്ഷിതാക്കളും പുറപ്പെട്ടിട്ടുള്ളത്.