തിരൂര്‍: എടരിക്കോട് സ്‌കൂളിന്റെ കായികചരിത്രത്തിലേക്ക് സ്വര്‍ണശോഭ പകര്‍ന്ന ഹംസക്ക് ഡബിള്‍ വിജയത്തിന്റെ സന്തോഷം. ജൂനിയര്‍ ആണ്‍കുട്ടികളുടെ ഷോട്ട്പുട്ടില്‍ സ്വര്‍ണവും ഡിസ്‌കസ് ത്രോയില്‍ വെങ്കലവും നേടിയാണ് ഹംസ ആദ്യദിനത്തില്‍ ഡബിള്‍ നേടിയത്. എടരിക്കോട് പി.കെ.എം.എം.എച്ച്.എസ്.എസ്സിന്റെ ചരിത്രത്തിലെ ആദ്യ സ്വര്‍ണമാണ് ഹംസയിലൂടെ നേടിയതെന്നാണ് കോച്ച് സര്‍ഫറാസ് അഹമ്മദ് പറഞ്ഞത്.

ഷോട്ട്പുട്ടില്‍ 13.83 മീറ്റര്‍ എറിഞ്ഞ് ഹംസ സ്വര്‍ണമണിഞ്ഞത് എതിരാളികളെ ഒരു മീറ്ററിലേറെ പിന്നിലാക്കിയാണ്. ഡിസ്‌കസ്‌ത്രോയില്‍ 28.71 മീറ്റര്‍ എറിഞ്ഞാണ് ഹംസ വെങ്കലശോഭ സ്വന്തമാക്കിയത്. വേങ്ങര ഉപജില്ലാ കായികമേളയില്‍ ഡിസ്‌കസ് ത്രോയിലും ഷോട്ട്പുട്ടിലും ഹാമര്‍ത്രോയിലും ഒന്നാം സ്ഥാനം നേടി വ്യക്തിഗത ചാമ്പ്യനായ ഹംസയ്ക്ക് ഇനി ഹാമറിലും മത്സരം ബാക്കിയുണ്ട്. എടരിക്കോട് ക്ലാരി സൗത്തില്‍ തൂമ്പത്ത് അബ്ദുല്‍അസീസിന്റെയും ആസ്യയുടെയും മകനാണ് ഈ പത്താംക്ലാസ് വിദ്യാര്‍ഥി.
 
Top