
30 വര്‍ഷത്തെ കാത്തിരിപ്പിന് വിരാമം
തിരൂര്‍:30 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ തിരൂര്‍ താഴെപ്പാലം-സിറ്റി ജങ്ഷന്‍ റോഡ് വീതികൂട്ടുന്നു. 1982 മുതല്‍ പറഞ്ഞുതുടങ്ങിയതായിരുന്നു ഈ വീതികൂട്ടല്‍.
റോഡിന് ഇരുവശവും കടകള്‍ നിര്‍മിച്ചതോടെ ഇടുങ്ങിയ റോഡിലൂടെയുള്ള യാത്ര ദുസ്സഹമായിരുന്നു. റോഡരികിലെ കടകള്‍ പൊളിച്ചുമാറ്റുന്ന ജോലി തിങ്കളാഴ്ച തുടങ്ങി.
1982ല്‍ മലപ്പുറം ടൗണ്‍പ്ലാനിങ് വിഭാഗം 18 മീറ്ററില്‍ ഈ റോഡ് വീതികൂട്ടാന്‍ പ്ലാന്‍ തയ്യാറാക്കിയിരുന്നെങ്കിലും ഉടമകള്‍ സ്ഥലം വിട്ടുനല്‍കിയില്ല. ഒടുവില്‍ ഉടമകളുമായി സി. മമ്മൂട്ടി എം.എല്‍.എ നടത്തിയ ചര്‍ച്ച വിജയിച്ചു. തിരുവനന്തപുരത്ത് മന്ത്രി മഞ്ഞളാംകുഴി അലിയുമായി നടത്തിയ ചര്‍ച്ചയില്‍ 'തിരൂര്‍ സിറ്റി ജങ്ഷന്‍ പാക്കേജിന്' മന്ത്രി അംഗീകാരം നല്‍കുകയായിരുന്നു.
ഇതിന്റെ അടിസ്ഥാനത്തില്‍ വ്യാപാരികളുമായും സ്ഥലമുടമകളുമായും സഹകരിച്ച് തിങ്കളാഴ്ച റോഡ് വീതികൂട്ടല്‍ നടപടി തുടങ്ങി.
സി. മമ്മൂട്ടി എം.എല്‍.എ താഴെപ്പാലത്തെ പഴകിയ കെട്ടിടം പൊളിച്ചുകൊണ്ട് ഉദ്ഘാടനം നിര്‍വഹിച്ചു. ചടങ്ങില്‍ നഗരസഭാ ചെയര്‍പേഴ്‌സണ്‍ കെ. സഫിയ, വൈസ് ചെയര്‍മാന്‍ രാമന്‍കുട്ടി പാങ്ങാട്ട്, വെട്ടം ആലിക്കോയ, ആതവനാട് മുഹമ്മദലി, കെ.പി. ഹുസൈന്‍, നഗരസഭാ കൗണ്‍സിലര്‍മാര്‍, ചേംബര്‍ ഓഫ് കൊമേഴ്‌സ് പ്രസിഡന്റ് പി.എ. ബാവ, ജനറല്‍ സെക്രട്ടറി പി.പി. അബ്ദുറഹിമാന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
റോഡ് വീതികൂട്ടുന്നതിന്റെ ഭാഗമായി 18 കോടിയോളം വിലവരുന്ന 36 സെന്റ് സ്ഥലമാണ് ഉടമകള്‍ സൗജന്യമായി വിട്ടുകൊടുത്തത്.