കല്പകഞ്ചേരി: വൈലത്തൂര്‍ - കരിങ്കപ്പാറ റൂട്ടില്‍ തിങ്കളാഴ്ച ബസ്സുടമകള്‍ നടത്തിയ സൂചനാസമരത്തില്‍ സഹികെട്ട് ജനകീയസമിതിയുടെ നേതൃത്വത്തില്‍ കരിങ്കപ്പാറയില്‍ നാട്ടുകാര്‍ ബസ്സുകള്‍ തടഞ്ഞു. ഇതിനെത്തുടര്‍ന്ന് ചൊവ്വാഴ്ച ഈ റൂട്ടില്‍ ബസ്സോട്ടം ഉണ്ടായില്ല.
പാരലല്‍ സര്‍വീസിന്റെ പേരിലാണ് ബസ്സുകള്‍ തിങ്കളാഴ്ച സൂചനാപണിമുടക്ക് നടത്തിയത്. പണിമുടക്കും കഴിഞ്ഞ് ചൊവ്വാഴ്ച ബസ്സുകള്‍ ഓടാനെത്തിയപ്പോഴാണ് ജനകീയസമിതി ബസ്സുകള്‍ തടഞ്ഞ് പ്രതിഷേധിച്ചത്. അടിക്കടിയുണ്ടാകുന്ന സൂചനാ പണിമുടക്ക്, സമയക്രമം പാലിക്കാതെ വൈലത്തൂരിലും കോഴിച്ചെനയിലും ദീര്‍ഘനേരം ബസ്സുകള്‍ നിര്‍ത്തിയിടല്‍, ട്രിപ്പുകള്‍ റദ്ദ്‌ചെയ്യല്‍, വിദ്യാര്‍ഥികളെ കയറ്റാതിരിക്കല്‍ തുടങ്ങിയ പരാതികളാണ് നാട്ടുകാര്‍ ഉന്നയിച്ചത്. കുട്ടികളെ കയറ്റാത്തത് ചോദ്യംചെയ്ത പൊതുപ്രവര്‍ത്തകനെ വൈലത്തൂര്‍ നഴ്‌സറിപ്പടിയില്‍ ബസ് ജീവനക്കാര്‍ മര്‍ദിച്ച സംഭവവും കഴിഞ്ഞമാസം ഉണ്ടായി.
ബസ്സുകള്‍ തടഞ്ഞതിനെത്തുടര്‍ന്ന് താനൂര്‍ പോലീസെത്തി ഇരുകൂട്ടരുമായി സംസാരിച്ചു. എന്നാല്‍ ജനങ്ങളുടെ പ്രശ്‌നങ്ങള്‍ തീര്‍ക്കാതെ ബസ്സുകള്‍ ഓടാന്‍ സമ്മതിക്കില്ലെന്നായിരുന്നു നാട്ടുകാരുരെട വാദം. പാരലല്‍ സര്‍വീസ് അമര്‍ച്ചചെയ്യാതെ തങ്ങള്‍ക്കും ഈ റൂട്ടില്‍ രക്ഷയില്ലെന്ന് ബസ്സുകാരും വാദിച്ചു.
തുടര്‍ന്ന് വൈകുന്നേരം താനൂര്‍ പോലീസ്‌സ്റ്റേഷനില്‍ ബസ്സുടമകളും ജനകീയസമിതി പ്രതിനിധികളും ഒഴൂര്‍ പഞ്ചായത്ത് പ്രസിഡന്റ് നൂഹ് കരിങ്കപ്പാറ, സി.ഐ സന്തോഷ്, എസ്.ഐ സദാനന്ദന്‍ തുടങ്ങിയവര്‍ പങ്കെടുത്ത ചര്‍ച്ചയില്‍ ഇരുവിഭാഗത്തിന്റെയും പ്രശ്‌നങ്ങള്‍ പരിഹരിക്കാമെന്ന ധാരണയിലെത്തി. ഇതുപ്രകാരം പാരലല്‍സര്‍വീസ് നിര്‍ത്താന്‍ പോലീസ് രംഗത്തിറങ്ങും. ജനങ്ങള്‍ ഉന്നയിച്ച പ്രശ്‌നങ്ങള്‍ ബസ്സുകാരും പരിഗണിക്കും.