മലപ്പുറം: നഗരത്തിലെത്തുന്ന പാവപ്പെട്ടവര്‍ക്ക് ഒരുനേരത്തെ ഭക്ഷണം സൗജന്യമായി നല്‍കുന്ന വിശപ്പുരഹിത നഗരം പദ്ധതി സംസ്ഥാനത്തെ മുഴുവന്‍ നഗരങ്ങളിലേക്കും വ്യാപിപ്പിക്കുമെന്ന് സാമൂഹികക്ഷേമ മന്ത്രി എം.കെ. മുനീര്‍ പറഞ്ഞു. മലപ്പുറം നഗരത്തില്‍ വിശപ്പുരഹിത നഗരം പദ്ധതി ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ഭക്ഷണം കിട്ടാതെ അലയേണ്ടിവരുന്ന അവസ്ഥ ഉണ്ടാവാന്‍ പാടില്ല. പദ്ധതി നടപ്പാക്കാന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പിന്തുണ വേണം. കോഴിക്കോട് മെഡിക്കല്‍കോളജ് ആസ്​പത്രിയിലാണ് ഇപ്പോള്‍ വിശപ്പുരഹിതനഗരം പദ്ധതി നടപ്പാക്കിവരുന്നത്. കോഴിക്കോട് നഗരത്തില്‍ ഇത് വിപുലപ്പെടുത്തും. തിരുവനന്തപുരത്തും കൊല്ലത്തും പദ്ധതി തുടങ്ങാന്‍ തീരുമാനിച്ചിട്ടുണ്ടെങ്കിലും തുടങ്ങിയിട്ടില്ല. സംസ്ഥാനത്തെ നഗരസഭകളില്‍ മലപ്പുറത്താണ് ഈ പദ്ധതി ആദ്യമായി നടപ്പാക്കുന്നതെന്നും മന്ത്രി പറഞ്ഞു.

സാമൂഹിക സുരക്ഷാമിഷന്‍ മുഖേന ഒട്ടേറെ പദ്ധതികള്‍ തുടങ്ങിയിട്ടുണ്ട്. ഇതിന്റെ ഗുണം പാവപ്പെട്ടവരില്‍ എത്തണം. ഇതിനായി തദ്ദേശസ്ഥാപനങ്ങളില്‍ സാമൂഹിക സുരക്ഷാ പദ്ധതികളുടെ ഫോമുകള്‍ എത്തിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. പദ്ധതികളുടെ നടത്തിപ്പ് പരമാവധി സുതാര്യമാക്കാനുള്ള നടപടികള്‍ കൈക്കൊണ്ടിട്ടുണ്ട്. ഇതുസംബന്ധിച്ച വിവരങ്ങളെല്ലാം വെബ്‌സൈറ്റില്‍ നല്‍കുന്നുണ്ട്. മാധ്യമ പ്രതിനിധികളെ ഉള്‍പ്പെടുത്തി സോഷ്യല്‍ ഓഡിറ്റ് നടത്താനും തീരുമാനിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. പി. ഉബൈദുള്ള എം.എല്‍.എ. അധ്യക്ഷതവഹിച്ചു. സാമൂഹിക സുരക്ഷാ മിഷന് സ്റ്റാമ്പ് വില്‍പ്പനയിലൂടെ ജില്ലയിലെ കുടുംബശ്രീ സ്വരൂപിച്ച 3.8 ലക്ഷം രൂപ ചടങ്ങില്‍ കുടുംബശ്രീ ജില്ലാ കോ- ഓര്‍ഡിനേറ്റര്‍ കെ. മുഹമ്മദ് ഇസ്മയില്‍ മന്ത്രിക്ക് കൈമാറി.

ജില്ലാപഞ്ചായത്ത് പ്രസിഡന്റ് സുഹ്‌റ മമ്പാട്, മലപ്പുറം നഗരസഭാ വൈസ്‌ചെയര്‍പേഴ്‌സണ്‍ കെ.എം. ഗിരിജ , സ്ഥിരംസമിതി അധ്യക്ഷന്മാരായ പരി അബ്ദുല്‍ മജീദ്, പി.കെ. സക്കീര്‍ ഹുസൈന്‍, ഇരിയകുളം ഹഫ്‌സത്ത്, അഡ്വ എന്‍. കെ. അബ്ദുല്‍മജീദ്, നഗരസഭാ കൗണ്‍സിലര്‍ പാലോളി കുഞ്ഞിമുഹമ്മദ്, കേരള സാമൂഹികസുരക്ഷാ മിഷന്‍ എക്‌സിക്യൂട്ടിവ് ഡയറക്ടര്‍ ഡോ ടി. പി. അഷ്‌റഫ്, ജില്ലാ സാമൂഹികക്ഷേമ ഓഫീസര്‍ കെ. സുബ്രഹ്മണ്യന്‍, നഗരസഭാ സെക്രട്ടറി ബിനു ഫ്രാന്‍സിസ്, മലപ്പുറം താലൂക്ക് ആസ്​പത്രി സൂപ്രണ്ട് എ. കെ. ശശിധരന്‍, ജില്ലാ ഹോമിയോ ആസ്​പത്രി സൂപ്രണ്ട് ഡോ. അനീഷ്‌കുമാര്‍, യൂസഫ് കൊന്നോല, വി.എസ്. എന്‍ നമ്പൂതിരി, മലപ്പുറം നഗരസഭാ ചെയര്‍മാന്‍ കെ. പി. മുഹമ്മദ് മുസ്തഫ, കേരള സാമൂഹിക സുരക്ഷാമിഷന്‍ റീജ്യണല്‍ ഡയറക്ടര്‍ ഡോ. റോഷന്‍ ബിജിലി എന്നിവര്‍ പ്രസംഗിച്ചു.
 
Top