
നിലമ്പൂര്‍: ആര്‍.എസ്.ബി.വൈ പദ്ധതി (ആരോഗ്യ ഇന്‍ഷുറന്‍സ് പ്രകാരമുള്ള ആനുകൂല്യം) ഇന്‍സെന്റീവ് ലഭിക്കുന്നതിനായി താലൂക്കാസ്പത്രിയിലെ ഡോക്ടര്‍മാര്‍ ആര്‍.എസ്.ബി.വൈ ഗുണഭോക്താക്കളായ രോഗികളെ മനഃപൂര്‍വം ആസ്പത്രിയില്‍ കിടത്തി ച്ചികിത്സിച്ചു. എച്ച്.എം.സി ഉപസമിതി നടത്തിയ അന്വേഷണത്തിലാണ് ഇക്കാര്യം ബോധ്യപ്പെട്ടത്.
പദ്ധതി പ്രകാരം, അടുത്തനാള്‍ വരെ കിടത്തിച്ചികിത്സിക്കുന്ന ഒരു രോഗിക്ക് 1500 രൂപ തോതില്‍ ആസ്പത്രി ആര്‍.എസ്.ബി.വൈ ഫണ്ടില്‍നിന്ന് ലഭിക്കും. ഇതിന്റെ 25 ശതമാനം ഡോക്ടര്‍മാര്‍ക്കും സ്റ്റാഫുകള്‍ക്കും ഇന്‍സെന്റീവായി ലഭിക്കും. മൊത്തം ആസ്പത്രിയില്‍ ലഭിക്കുന്ന ഇന്‍സെന്റീവിന്റെ 30 ശതമാനവും ഡോക്ടര്‍മാര്‍ക്കാണ് ലഭിച്ചിരുന്നത്. അതായത് ഒരാളെ കിടത്തിച്ചികിത്സിച്ചാല്‍ 112 രൂപ ഡോക്ടര്‍ക്ക് ലഭിക്കും. ആയതിനാല്‍ രോഗികളെ പ്രവേശിപ്പിച്ചതില്‍ ക്രമക്കേട് നടന്നതായാണ് കണ്ടെത്തല്‍.
2011 ജൂലായ് മുതല്‍ ആറുമാസം ഡോ. ഷിനാസ് ബാബുവും ഡോ. രാമനും കൈപ്പറ്റിയ ഇന്‍സെന്റീവ് 1,22,567 രൂപ വീതമാണ്. രണ്ടാള്‍ക്കും ഒരേ തുക ഇന്‍സെന്റീവായി കിട്ടണമെങ്കില്‍ മൊത്തം തുക രണ്ടാളും തുല്യമായി വീതിച്ചതാകാമെന്നും വീതിച്ചതാണെങ്കില്‍ ഒരു ഗൂഢാലോചന നടന്നിരിക്കാമെന്നും സമിതി അനുമാനിക്കുന്നു. ഇക്കാര്യങ്ങളെല്ലാം ഫാര്‍മസി വിഭാഗത്തിനും സൂപ്രണ്ടിനും അറിവുണ്ടായിരുന്നതാണെന്ന് അവരുടെ മൊഴിയിലുണ്ട്.
ആസ്പത്രിയിലെ ഫാര്‍മസിയില്‍ ആവശ്യമായ മരുന്നുകള്‍ സ്റ്റോക്ക് ചെയ്യുന്നതില്‍ വീഴ്ചയുണ്ടെന്ന പരാതിയും ഫാര്‍മസിയില്‍നിന്ന് ആര്‍.എസ്.ബി.വൈ സ്റ്റോറിലേക്ക് നല്‍കുന്ന ഇന്റന്‍ഡില്‍ ഡോക്ടര്‍ കൗണ്ടര്‍ സൈന്‍ ചെയ്യുന്നില്ലെന്ന പരാതിയും ആര്‍.എസ്.ബി.വൈ പദ്ധതി പ്രവര്‍ത്തനങ്ങളില്‍ സാമ്പത്തിക ക്രമക്കേടുകളുണ്ടെന്ന പരാതിയും അന്വേഷിക്കണമെന്ന ആവശ്യവും ഉപസമിതി മുന്നോട്ടുവെക്കുന്നുണ്ട്.
ആസ്പത്രിയിലെത്തുന്ന രോഗികളില്‍ പലരെയും മഞ്ചേരിയിലേക്കോ കോഴിക്കോട്ടേക്കോ റഫര്‍ ചെയ്യുന്നതായും ഉപസമിതിക്ക് പരാതിയുണ്ട്. ഈ പരാതിയിലും അന്വേഷണം നടത്തണമെന്ന് ഉപസമിതി ആവശ്യപ്പെട്ടിട്ടുണ്ട്.
അഡ്വ. ബാബുമോഹനക്കുറുപ്പിന് പുറമെ കെ.ടി. കുഞ്ഞാന്‍, പി.ടി. ഉമ്മര്‍, കെ. ശിവശങ്കരന്‍ എന്നിവരും ഉപസമിതിയില്‍ അംഗങ്ങളായിരുന്നു.