നിലമ്പൂര്‍: നിലമ്പൂരില്‍ അയ്യപ്പസേവാ സംഘത്തിന്റെ 50-ാം വാര്‍ഷിക അഖണ്ഡനാമയജ്ഞം ശനിയാഴ്ച നടത്തുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. 

1957 മുതലാണ് മണ്ഡലകാലത്ത് പ്രത്യേക ഭജന, പൂജ എന്നിവ തുടങ്ങിയത്. 1962 മുതല്‍ അഖണ്ഡനാമയജ്ഞവും തുടങ്ങി. കിഴക്കന്‍ ഏറനാട് പ്രദേശത്ത് ആദ്യമായി അഖണ്ഡനാമയജ്ഞം തുടങ്ങിയത് നിലമ്പൂരില്‍ അയ്യപ്പസേവാസംഘമാണ്. പോരൂര്‍ പി.എന്‍. നമ്പീശന്‍, നീലകണ്ഠശര്‍മ്മ എന്നിവരാണ് ആദ്യകാലത്ത് ചടങ്ങുകളില്‍ ഗുരുസ്ഥാനീയരായി നേതൃത്വം നല്‍കിയിരുന്നത്. ഇപ്പോള്‍ ഗുരുസ്വാമി എ. നാരായണന്‍ നായര്‍ നേതൃത്വംനല്‍കുന്നു. കോവിലകത്തെ സീനിയര്‍ അംഗം ടി.എന്‍. ഗോദവര്‍മ്മന്‍ തിരുമുല്‍പ്പാടാണ് പ്രസിഡന്റ്.

ഉച്ചയ്ക്കുള്ള പ്രസാദഊട്ടില്‍ ഏഴായിരത്തിലേറെയും വൈകീട്ട് അയ്യായിരത്തിലേറെയും പേര്‍ പങ്കെടുക്കുന്നു. ശനിയാഴ്ച പുലര്‍ച്ചെ ഗണപതിഹോമത്തോടെ പരിപാടികള്‍തുടങ്ങും. ഞായറാഴ്ച പ്രഭാതത്തില്‍ സമാപിക്കുമെന്ന് വേണുഗോപാലന്‍ നായര്‍, സി. ശിവശങ്കരന്‍, എ. നാരായണന്‍ നായര്‍, ടി. മോഹനന്‍, പി. രാജീവ്, പി. ദേവദാസ്, കെ. കൃഷ്ണസ്വാമി, കെ.എസ്. ഉണ്ണികൃഷ്ണന്‍ എന്നിവര്‍ അറിയിച്ചു.
 
Top