കുറ്റിപ്പുറം: യു.ഡി.എഫിന്റെ പഞ്ചായത്ത് പ്രസിഡന്റിനെതിരെ യു.ഡി.എഫ് അംഗങ്ങള്‍തന്നെ അവിശ്വാസപ്രമേയത്തിന് നോട്ടീസ് നല്‍കി. കുറ്റിപ്പുറം പഞ്ചായത്ത് പ്രസിഡന്റ് ടി.പി.വേലായുധനെതിരെയാണ് യു.ഡി.എഫിലെതന്നെ അംഗങ്ങള്‍ അവിശ്വാസപ്രമേയത്തിന് നോട്ടീസ് നല്‍കിയത്.

മുസ്‌ലിംലീഗിന്റെ ജില്ലാ നേതൃത്വം ആവശ്യപ്പെട്ടിട്ടും സ്ഥാനം രാജിവെക്കാന്‍ പഞ്ചായത്ത് പ്രസിഡന്റ് തയ്യാറാകാത്തതിനെത്തുടര്‍ന്നാണ് തിങ്കളാഴ്ച പഞ്ചായത്ത് ഭരണസമിതിയിലെ യു.ഡി.എഫ് അംഗങ്ങള്‍ ബ്ലോക്ക് ഡവലപ്‌മെന്റ് ഓഫീസര്‍ക്ക് അവിശ്വാസപ്രമേയത്തിന് നോട്ടീസ് നല്‍കിയത്.

ഭരണസമിതിയിലെ 19 യു.ഡി.എഫ് അംഗങ്ങളില്‍ പ്രസിഡന്റ് ഒഴികെയുള്ള ബാക്കി 18 പേരും നോട്ടീസില്‍ ഒപ്പുവെച്ചിട്ടുണ്ട്. ഭരണകാര്യങ്ങളില്‍ പ്രസിഡന്റ് വിമുഖത കാണിക്കുകയാണെന്നും ഓഫീസിലെത്തുന്നില്ലെന്നും കാണിച്ചാണ് അവിശ്വാസം കൊണ്ടുവന്നിരിക്കുന്നത്. 

ജലനിധി പദ്ധതി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് ഭരണസമിതിക്കുള്ളിലുണ്ടായ അഭിപ്രായവ്യത്യാസങ്ങളാണ് പ്രസിഡന്റ് ഒറ്റപ്പെടാനിടയായത്. മുസ്‌ലിംലീഗിലെ ഒരുവിഭാഗം അംഗങ്ങളുടെ പിന്തുണ പ്രസിഡന്റിനുണ്ടായിരുന്നു. പദ്ധതിയുമായി ബന്ധപ്പെട്ട് നിലനില്‍ക്കുന്ന ആശങ്കകള്‍ അകറ്റിയതിനുശേഷം പദ്ധതി നടപ്പാക്കിയാല്‍ മതിയെന്ന നിലപാടിലായിരുന്നു ലീഗിലെ ഔദ്യോഗികവിഭാഗം. ഔദ്യേഗിക വിഭാഗത്തിന്റെ നിര്‍ദേശങ്ങള്‍ പ്രസിഡന്റ് അംഗീകരിക്കാതായതോടെ പ്രശ്‌നം ജില്ലാകമ്മിറ്റിക്ക് മുന്നിലെത്തി.

പ്രസിഡന്റിനെ തത്സ്ഥാനത്തുനിന്ന് നീക്കണമെന്നാവശ്യപ്പെട്ടാണ് പ്രാദേശിക ലീഗ് നേതൃത്വം ജില്ലാകമ്മിറ്റിയെ സമീപിച്ചത്. ഇതേത്തുടര്‍ന്ന് ജില്ലാ കമ്മിറ്റി രാജി ആവശ്യപ്പെട്ടെങ്കിലും പ്രസിഡന്റ് വഴങ്ങിയില്ല.

ഇതോടെ അവിശ്വാസത്തിലൂടെ പ്രസിഡന്റിനെ നീക്കാന്‍ ലീഗ് തീരുമാനിക്കുകയായിരുന്നു. മുസ്‌ലിംലീഗിന്റെ ആവശ്യം യു.ഡി.എഫ് പഞ്ചായത്ത് നേതൃത്വം അംഗീകരിച്ചതോടെയാണ് അവിശ്വാസപ്രമേയത്തിന് കളമൊരുങ്ങിയത്. അവിശ്വാസപ്രമേയം പാസാക്കി മുസ്‌ലിംലീഗിലെതന്നെ കുമാരിയെ പ്രസിഡന്റായി തിരഞ്ഞെടുക്കാനാണ് യു.ഡി.എഫ് തീരുമാനിച്ചിട്ടുള്ളത്. 2010 നവംബര്‍ ഒന്നിനാണ് ടി.പി. വേലായുധന്റെ നേതൃത്വത്തില്‍ യു.ഡി.എഫ് ഭരണസമിതി അധികാരമേറ്റത്.

23 അംഗ ഭരണസമതിയില്‍ മുസ്‌ലിംലീഗ്-13, കോണ്‍ഗ്രസ്-ആറ്, ബി.ജെ.പി-രണ്ട്, എല്‍.ഡി.എഫ്-രണ്ട് എന്നിങ്ങനെയാണ് കക്ഷിനില.
 
Top