നിലമ്പൂര്‍: ഒടുവില്‍ കാട്ടാനയുടെ കലി ഫോറസ്റ്റ് സ്റ്റേഷനുനേരെയും. കലിമൂത്ത ആന തൊണ്ടിയായി പിടിച്ചിട്ട ബൈക്കുകള്‍ മറിച്ചിട്ടു. ഒന്നിന്റെ പെട്രോള്‍ ടാങ്ക് ചവിട്ടി തകര്‍ത്തു. നിര്‍ത്തിയിട്ടിരുന്ന ഗുഡ്‌സ് ഓട്ടോ വലിച്ച് മാറ്റിയിട്ടു. ചാലിയാര്‍ ഗ്രാമപ്പഞ്ചായത്തിലെ അകമ്പാടം ഫോറസ്റ്റ് സ്റ്റേഷന്‍ പരിസരത്ത് തിങ്കളാഴ്ച രാവിലെ എട്ട് മണിയോടെയാണ് സംഭവം.
രാവിലെ ഏഴരയോടെ വനത്തിനോട് ചേര്‍ന്ന് സ്ഥിതി ചെയ്യുന്ന അകമ്പാടം ഫോറസ്റ്റ് സ്റ്റേഷന്റെ പിറകിലൂടെയാണ് കൊമ്പനാനവന്നത്. ജീവനക്കാര്‍ ബഹളം വെച്ചതോടെ ആദ്യം വനത്തിലേക്ക് പോകാനായി തിരിഞ്ഞെങ്കിലും പിന്നീട് ഓഫീസ് പരിസരത്തേക്ക് വന്ന് പരാക്രമം കാട്ടുകയായിരുന്നു.
ആറ് ജീവനക്കാര്‍ അപ്പോള്‍ സ്റ്റേഷനിലുണ്ടായിരുന്നു. തുടര്‍ന്ന് ദ്രുതപ്രതികരണ സേനയെ വിളിച്ച് ആനയെ ഉള്‍ക്കാട്ടിലേക്ക് തുരത്തുകയായിരുന്നു.