അന്നദാനം രാവിലെ ഒമ്പതര മുതല്‍

തിരൂരങ്ങാടി: മമ്പുറം സയ്യിദ് മൗലദ്ദവീല തങ്ങളുടെ 174-ാമത് ആണ്ടുനേര്‍ച്ചയ്ക്ക് വ്യാഴാഴ്ച കൊടിയിറങ്ങും. മതപ്രഭാഷണം, മൗലീദ് സദസ്സുകള്‍ തുടങ്ങിയ പരിപാടികളുമായി കഴിഞ്ഞ ഒരാഴ്ചയായി ആത്മീയ നിര്‍വൃതിയിലാണ് മമ്പുറം മഖാമും പരിസരവും. 

വ്യാഴാഴ്ച മഗ്‌രിബ് നമസ്‌കാരത്തിന് ശേഷം നടക്കുന്ന സ്വലാത്ത് മജ്‌ലിസോടെയാണ് സമാപനം. സ്വലാത്തിന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ അധ്യക്ഷന്‍ സി. കോയക്കുട്ടി മുസ്‌ലിയാര്‍ ആനക്കര നേതൃത്വംനല്‍കും. ഒരു ലക്ഷത്തോളം പേര്‍ക്കുള്ള അന്നദാനവും നേര്‍ച്ചയുടെ ഭാഗമായി ഉണ്ടാകും. രാവിലെ ഒമ്പതരമുതല്‍ ഉച്ചയ്ക്ക് രണ്ടുവരെ മഖാം പരിസരത്ത് സജ്ജീകരിച്ച പ്രത്യേക കൗണ്ടറുകള്‍ വഴിയാണ് അന്നദാനം. പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ്തങ്ങള്‍ ഉദ്ഘാടനംചെയ്യും. ഉച്ചയ്ക്ക് രണ്ടുമണിക്ക് നടക്കുന്ന മൗലീദ് ഖത്തം ദുആ മജ്‌ലിസിന് സമസ്ത ജനറല്‍ സെക്രട്ടറി ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാര്‍ നേതൃത്വംനല്‍കും. 

ബുധനാഴ്ച നടന്ന ദിക്‌റ് ദുആ സമ്മേളനം പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ്തങ്ങള്‍ ഉദ്ഘാടനംചെയ്തു. വാവാട് കുഞ്ഞിക്കോയ മുസ്‌ലിയാര്‍ ദിക്‌റ് ദുആ സദസ്സിന് നേതൃത്വം നല്‍കി. ദാറുല്‍ ഹുദ വൈസ്ചാന്‍സലര്‍ ഡോ. ബഹാഉദ്ധീന്‍ മുഹമ്മദ് നദ്‌വി അധ്യക്ഷനായി. കോഴിക്കോട് ഖാസി നാസര്‍ ഹയ്യ് ശിഹാബ്തങ്ങള്‍, സയ്യിദ് അഹമ്മദ് ജിഫ്‌രി തങ്ങള്‍ മമ്പുറം, വി.പി അബ്ദുള്ളക്കോയ തങ്ങള്‍, അത്തിപ്പറ്റ മൊയ്തീന്‍കുട്ടി മുസ്‌ലിയാര്‍, അയ്യായ ഉസ്താദ്, സൈതാലി ഫൈസി അരിപ്ര, ഹാജി എ മരയ്ക്കാര്‍ മുസ്‌ലിയാര്‍, ഹാജി കെ അബ്ദുള്‍ ഖാദര്‍ മുസ്‌ലിയാര്‍, സൈതലവി ഫൈസി കോറാട് എന്നിവര്‍ പ്രസംഗിച്ചു. 
 
Top