തിരൂര്‍: തെങ്ങുകയറുന്നതിനിടയില്‍ വീണ് നട്ടെല്ലിന് ക്ഷതംപറ്റി ദുരിതമനുഭവിക്കുന്ന കൂട്ടായി സ്വദേശി പള്ളിവളപ്പില്‍ കുട്ടന്‍ (41) മുഖ്യമന്ത്രിക്ക് മുന്നില്‍ സഹായമഭ്യര്‍ഥിച്ചെത്തിയത് ആംബുലന്‍സിലായിരുന്നു. കുട്ടന് ഭാര്യയും മൂന്ന് മക്കളുമുണ്ട്. മൂന്ന് സെന്റ് ഭൂമിയാണ് ആകെയുള്ളത്. ഏഴുവര്‍ഷമായി അപകടംപറ്റി കിടപ്പിലായിട്ട്. മുഖ്യമന്ത്രിയെ തിരൂര്‍ സര്‍ക്കാര്‍ വിശ്രമമന്ദിരത്തിന് മുന്നില്‍ ആംബുലന്‍സിലെത്തിയാണ് കുട്ടന്‍ കണ്ടത്.

കുട്ടന്റെ ദുരിതം നേരിട്ട് മനസ്സിലാക്കിയ മുഖ്യമന്ത്രി കൂടെയുണ്ടായിരുന്ന ജില്ലാകളക്ടര്‍ എം.സി. മോഹന്‍ദാസിനോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു.

കുട്ടനും ഭാര്യക്കും പെന്‍ഷന്‍ നല്‍കാന്‍ ഉത്തരവിടുകയും ചെയ്തു. മംഗലം ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് അഡ്വ. പി. നസറുള്ള, സലാം താണിക്കാട്, എ.കെ. സലീം, പി. മുഹമ്മദ്‌സലീം, സി.വി. മുനീര്‍, ചെമ്പയില്‍ മുഹമ്മദ്കുട്ടി എന്നിവരാണ് കുട്ടനെ മുഖ്യമന്ത്രിയുടെ അടുത്തെത്തിച്ചത്.
 
Top