തിരൂരങ്ങാടി: വയലിലേക്ക് ആവശ്യത്തിന് വെള്ളം കിട്ടാത്തതിനാല്‍ അഞ്ഞൂറേക്കറോളം വരുന്ന കൊളപ്പുറം-മമ്പുറം പാടശേഖരങ്ങളില്‍ കൃഷിയിറക്കാന്‍ കര്‍ഷകര്‍ മടിക്കുന്നു. കൊളപ്പുറം ലിഫ്റ്റ് ഇറിഗേഷന്‍ പദ്ധതിയിലെ പഴയ മോട്ടോറുകള്‍ മാറ്റി സ്ഥാപിക്കാത്തതാണ് വെള്ളത്തിന്റെ കുറവിന് കാരണം.
മമ്പുറം കുന്നംകുലത്ത് കടലുണ്ടിപ്പുഴയോരത്താണ് കൊളപ്പുറം ലിഫ്റ്റ് ഇറിഗേഷന്‍ പദ്ധതി. ഇവിടെയുണ്ടായിരുന്ന പഴക്കം ചെന്ന രണ്ട് മോട്ടോറുകളില്‍ ഒന്ന് കത്തിനശിച്ചിട്ട് ഒരു വര്‍ഷമായി. പുതുതായി മൂന്ന് മോട്ടോറുകള്‍ എത്തിയിട്ടുണ്ടെങ്കിലും വാക്വം പമ്പ് ഇല്ലെന്ന കാരണത്താല്‍ ചെറുകിട ജലസേചന വകുപ്പ് ഇത് സ്ഥാപിച്ചിട്ടില്ല.
തത്കാലത്തേക്ക് പഴയ മോട്ടോറുകള്‍ നന്നാക്കി വെള്ളം എത്തിക്കാന്‍ തുടങ്ങിയില്ലെങ്കില്‍ കൃഷിയിറക്കല്‍ അവതാളത്തിലാകും. പ്രശ്‌നത്തിന് ഉടന്‍ പരിഹാരം കാണണമെന്ന് ഏ.ആര്‍ നഗര്‍ പഞ്ചായത്ത് കാര്‍ഷിക വികസന സമിതി യോഗം ആവശ്യപ്പെട്ടു. പ്രസിഡന്റ് ടി.കെ മൊയ്തീന്‍കുട്ടി അധ്യക്ഷനായി. സ്ഥിരസമിതി അധ്യക്ഷന്‍ കെ. ലിയാഖത്തലി, കൃഷി ഓഫീസര്‍ പി.വി ഷൈലജ, സമിതി അംഗങ്ങളായ സി.പി മരക്കാര്‍, ഉള്ളാടന്‍ അസീസ്, പി.ടി മൂസക്കുട്ടി, ടി സുബ്രഹ്മണ്യന്‍ എന്നിവര്‍ പ്രസംഗിച്ചു.