
ക്ലാസ്സ് മുറിയില്‍ നിന്നിറങ്ങി ഉച്ചവെയിലില്‍ കത്തിനില്‍ക്കുന്ന മൈതാനത്തേക്ക് നടക്കുമ്പോള്‍ തന്നെ ദൂരെ ദഫിന്റെ താളം കേട്ടുതുടങ്ങിയിരുന്നു. പൊടി പാറുന്ന മൈതാനത്ത്് വിയര്‍ത്തൊലിച്ച കുപ്പായങ്ങളുമണിഞ്ഞ് റൗഫും കൂട്ടുകാരും തകര്‍ത്ത് കൊട്ടുകയാണ്. ദഫിന്റെ താളം കേട്ട് മൈതാനത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടികളും ചുറ്റും കൂടിയതോടെ റൗഫിനും സംഘത്തിനും ആവേശമേറി. ദഫിന്റെ താളവും വട്ടപ്പാട്ടിന്റെ ഇശലുകളും നെയ്ത സ്വപ്നങ്ങളുമായാണ് പറപ്പൂര്‍ ഐ.യു. ഹൈസ്‌കൂള്‍ കൗമാരത്തിന്റെ കലാപൂരത്തിന് ഒരുങ്ങുന്നത്.
ജില്ലാ കലോല്‍സവത്തില്‍ ഓവറോള്‍ ചാമ്പ്യന്‍മാരായ വേങ്ങര ഉപജില്ലയിലെ മൂന്നാം സ്ഥാനക്കാരായ പറപ്പൂര്‍ ഐ.യു. ഹൈസ്‌കൂള്‍ ഇക്കുറിയും തികഞ്ഞ പ്രതീക്ഷകളിലാണ്. കഴിഞ്ഞ തവണ സംസ്ഥാന കലോത്സവത്തില്‍ വമ്പന്‍ ടീമുകളെ അട്ടിമറിച്ച് ഒന്നാം സ്ഥാനം നേടിയ വട്ടപ്പാട്ടിലാണ് ഇക്കുറി ഐ.യു. ഹൈസ്‌കൂളിന്റെ അഭിമാനപ്പോരാട്ടം. ഉവൈസിന്റെ നേതൃത്വത്തില്‍ ഇര്‍ഷാദും വാഹിദും നാസിലും ഷഫീഖും ഷഹീദും ഷമീമും മിസ്‌വാദും ജാഫറും അസ്മില്‍ഷായും അടങ്ങിയ സംഘം പൊരിഞ്ഞ പരിശീലനം നടത്തുമ്പോള്‍ സമ്മാനം മറ്റാരും കൊണ്ടുപോകില്ലെന്നാണ് ഐ.യു. ഹൈസ്‌കൂളിന്റെ വിശ്വാസം.
ഒപ്പനക്കാരെ കാണണ്ടേയെന്ന് ചോദിച്ച് കലാകണ്‍വീനര്‍ കബീര്‍ കൂട്ടിക്കൊണ്ടുപോയത് സ്‌കൂളിന് അടുത്ത വീട്ടിലേക്കാണ്. വീടിന്റെ മുറ്റത്ത് ഫാത്തിമ സഹ്‌ലയും തോഴിമാരും മനോഹരമായ ഇശലുകളില്‍ കൈകൊട്ടിപ്പാടുകയാണ്. സ്‌കൂളില്‍ സൗകര്യം കുറവായതുകൊണ്ടാണ് പരിശീലനം അടുത്ത വീടുകളിലേക്ക് മാറ്റിയതെന്ന് ഒപ്പന സംഘത്തിലെ ശ്രുതിയും റാഫിദയും ജുമാനയും പറഞ്ഞു. ഒപ്പന കൂടാതെ ഫായിസും കൂട്ടരും അണിനിരക്കുന്ന പരിചമുട്ടുകളിയിലും ജിനോഷും കൂട്ടരും അവതരിപ്പിക്കുന്ന ചെണ്ടമേളത്തിലും ഐ.യു. ഹൈസ്‌കൂളിന് പ്രതീക്ഷകളേറെയാണ്. കഴിഞ്ഞ തവണ ജില്ലാമേളയില്‍ മാപ്പിളപ്പാട്ടില്‍ എ ഗ്രേഡ് നേടിയ റഫീദയും ലളിതഗാനത്തില്‍ എ ഗ്രേഡ് നേടിയ അരുണും വിജയപ്രതീക്ഷകളോടെയാണ് ഇത്തവണയും ഇറങ്ങുന്നത്.
പരിമിതമായ സൗകര്യങ്ങള്‍ മാത്രമുള്ള ഐ.യു. ഹൈസ്‌കൂളിലെ കലാകാരന്‍മാര്‍ കൂട്ടായ്മയുടെ കരുത്തിലാണ് വിജയങ്ങള്‍ നേടുന്നതെന്ന് പ്രഥമാധ്യാപിക ഷൈലജ പറഞ്ഞു. കായികരംഗത്ത് നടപ്പാക്കിയ കളിയും കരുത്തും പോലെയുള്ള പദ്ധതി കലാരംഗത്തും നടപ്പാക്കാനാണ് സ്‌കൂളിന്റെ ശ്രമം. അധ്യാപകരായ സി.കബീര്‍, സതീഷ്, അഷറഫ്, യാസിര്‍, ഇബ്രാഹിംകുട്ടി, രാധിക എന്നിവരാണ് ഐ.യു. സ്‌കൂളിന്റെ കലാക്കൂട്ടത്തിന് നേതൃത്വം നല്‍കുന്നത്.