പെരിന്തല്‍മണ്ണ: പെരിന്തല്‍മണ്ണയിലെ മരമില്‍ മാനേജരുടെ കൊലപാതകക്കേസ് ഒരാഴ്ചയ്ക്കകം ക്രൈംബ്രാഞ്ചിന് കൈമാറും. പെരിന്തല്‍മണ്ണ ഊട്ടി റോഡിലെ മരമില്‍ മാനേജര്‍ ആയിരുന്ന വടകര സ്വദേശി വലിയപറമ്പത്ത് ബാലകൃഷ്ണന്‍ നമ്പ്യാരുടെ കൊലപാതകക്കേസാണ് ലോക്കല്‍ പോലീസില്‍നിന്ന് ക്രൈംബ്രാഞ്ചിന് കൈമാറുന്നത്. ഇതിനുള്ള നടപടികള്‍ പൂര്‍ത്തിയായി വരികയാണെന്ന് പെരിന്തല്‍മണ്ണ സി.ഐ ജലീല്‍ തോട്ടത്തില്‍ പറഞ്ഞു. 2007 ഡിസംബര്‍ 27നാണ് പെരിന്തല്‍മണ്ണ ഊട്ടി റോഡിലെ മരമില്ലില്‍ അറക്ക പ്പൊടി ഇടുന്ന കുഴിയില്‍ അഴുകിയനിലയില്‍ ബാലകൃഷ്ണന്‍ നമ്പ്യാരുടെ മൃതദേഹം കണ്ടെത്തിയത്. അസ്വാഭാവിക മരണത്തിന് പോലീസ് കേസെടുത്തിരുന്നു. തുടര്‍ന്ന് പോസ്റ്റ്‌മോര്‍ട്ടം ചെയ്ത ഡോക്ടറുടെ റിപ്പോര്‍ട്ടില്‍ തലയ്ക്കും വാരിയെല്ലിനും മുഖത്തും ഗുരുതര പരിക്കേറ്റിരുന്നെന്ന് തെളിഞ്ഞതോടെയാണ് കേസ് കൊലപാതകമായി രജിസ്റ്റര്‍ചെയ്ത് പോലീസ് അന്വേഷണം തുടങ്ങിയത്. പെരുന്നാള്‍ പ്രമാണിച്ച് 10 ദിവസം മില്ലിന് അവധിയായിരുന്നു. അവധികഴിഞ്ഞ് മില്‍ തുറന്നപ്പോഴാണ് അഴുകിയനിലയില്‍ മൃതദേഹം കണ്ടെത്തിയത്. മൃതദേഹം കണ്ടെത്തുന്നതിന് മുമ്പുള്ള ദിവസങ്ങളിലൊന്നില്‍ മില്ലിന് സമീപത്തെ ഗ്രാമീണ്‍ബാങ്ക് ശാഖയില്‍ പൂട്ട് തകര്‍ത്ത് മോഷണശ്രമവും നടന്നിരുന്നു. ഇവിടെനിന്ന് കാണാതായ മില്ലില്‍ ജോലിചെയ്തിരുന്ന അസം സ്വദേശിയെ കേസില്‍ പ്രതിയാക്കുകയും ചെയ്തിരുന്നു. വിനോദ് എന്ന പേരാണ് അസം സ്വദേശി പറഞ്ഞിരുന്നത്. ഇയാള്‍ ബിഹാറില്‍ ഉണ്ടെന്ന വിവരം ലഭിച്ചു. ഇതിനിടെ കേസില്‍ ഡി.ജി.പി അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥര്‍ അവലോകനം നടത്തുകയും അന്വേഷണം തുടരാന്‍ നിര്‍ദേശിക്കുകയുമായിരുന്നു. ഈമാസം നാലിന് സി.ഐ ജലീല്‍ തോട്ടത്തിലും സംഘവും ബിഹാറിലും നേപ്പാളിന്റെ അതിര്‍ത്തി പ്രദേശങ്ങളിലും പോയിരുന്നു. പ്രതിയുടെ നാടും താമസിച്ചിരുന്ന വീടും കണ്ടെത്താനേ സാധിച്ചുള്ളൂ. ലോക്കല്‍ പോലീസിന്റെ ക്രമസമാധാന തിരക്കുകളും മറ്റും കണക്കിലെടുത്താണ് കേസന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറുന്നതെന്ന് സി.ഐ പറഞ്ഞു. അതേസമയം പ്രതി ഭാര്യയോടൊപ്പം നേപ്പാളിലെത്തിയിട്ടുണ്ടെന്ന് സൂചനയുണ്ട്.
 
Top