വളാഞ്ചേരി/പെരിന്തല്‍മണ്ണ: ചൊവ്വാഴ്ച കാറപകടത്തില്‍ മരിച്ച അഖില്‍ അഹമ്മദും സഫ്‌വാനും യാത്രയായത് ഡോക്ടര്‍ മോഹം ബാക്കിയാക്കി. കോട്ടയ്ക്കല്‍ യൂണിവേഴ്‌സല്‍ കോച്ചിങ്‌സെന്ററിലെ വിദ്യാര്‍ഥികളായിരുന്നു ഇരുവരും. സഫ്‌വാന്‍ 2012 ജൂണില്‍ ആണ് പരിശീലനത്തിന് ചേര്‍ന്നത്.

ഉപ്പ, ഉമ്മ, സഹോദരങ്ങള്‍ എന്നിവര്‍ക്കൊപ്പം ഖത്തറിലായിരുന്നു സഫ്‌വാന്‍ പ്ലസ്ടുവരെ പഠിച്ചത്. കഴിഞ്ഞ ജൂണില്‍ റിപ്പീറ്റ് ചെയ്യാനാണ് സഫ്‌വാന്‍ നാട്ടിലേക്ക് തിരിച്ചത്. പൂക്കാട്ടിരി കൊട്ടാമ്പാറ അബ്ദുള്‍ സമദിന്റെയും സുഹ്‌റയുടെയും മകനാണ് സഫ്‌വാന്‍.

ഉമ്മയും ഉപ്പയും സഹോദരങ്ങളും ഖത്തറിലായതിനാല്‍ അമ്മാവനായ നബീലിന്റെ കൂടെയാണ് താമസിക്കുന്നത്. നമീന, ഷെബീഹ്, സലീല്‍, സജീഹ്, സജീദ് എന്നിവര്‍ സഹോദരങ്ങളാണ്. കോളേജില്‍നിന്ന് സുഹൃത്തിന്റെ കൂടെ കാറില്‍ പോകവേയായിരുന്നു അപകടവും മരണവും. ഖത്തറില്‍നിന്ന് ഉമ്മയും ഉപ്പയും സഹോദരങ്ങളും ചൊവ്വാഴ്ച രാത്രിയോടെ നാട്ടിലെത്തും.

അഖില്‍ അഹമ്മദിന്റെ ബാപ്പയും മൂത്തസഹോദരനും ഗള്‍ഫില്‍ ആണ് ജോലിചെയ്യുന്നത്. അഖില്‍ ഈ വര്‍ഷത്തെ എന്‍ട്രന്‍സ് പരീക്ഷ എഴുതാനിരിക്കുകയായിരുന്നു. അഖില്‍ അഹമ്മദിന്റെ മരണവാര്‍ത്ത നാട്ടുകാര്‍ കേട്ടത്‌ഞെട്ടലോടെയാണ്. വളരെ സൗമ്യസ്വഭാവക്കാരനായ അഖില്‍ നാട്ടുകാര്‍ക്കും വീട്ടുകാര്‍ക്കും ഏറെ പ്രിയങ്കരനായിരുന്നു. എല്ലാവരോടും നല്ല സൗഹൃദം പങ്കുവെക്കുന്ന അഖിലിന് നാട്ടിലും പഠനസ്ഥലത്തും ധാരാളം സുഹൃത്തുക്കള്‍ ഉണ്ട്. ഇതുകൊണ്ട് തന്നെ അഖിലിന്റെ മരണവാര്‍ത്തയറിഞ്ഞ് ധാരാളം പേരാണ് സംഭവസ്ഥലത്തേക്ക് ഒഴുകിയെത്തിയത്. അഖില്‍ അഹമ്മദിന്റെ മൃതദേഹം ബുധനാഴ്ച 11.30ന് കുന്നപ്പള്ളി ജുമാമസ്ജിദില്‍ ഖബറടക്കം.
 
Top