
കോട്ടയ്ക്കല്‍:കേരളത്തില്‍ ആദ്യമായി ആയുര്‍വേദത്തില്‍ മൃഗങ്ങള്‍ക്ക് മരുന്ന് ഉത്പാദിപ്പിക്കുന്നതിനുള്ള കരാറില്‍ ഡിസംബര്‍ നാലിന് തിരുവനന്തപുരത്ത് ഒപ്പുവെക്കും.
മണ്ണുത്തി വെറ്ററിനറി യൂണിവേഴ്‌സിറ്റിയും കോട്ടയ്ക്കല്‍ ആര്യവൈദ്യശാലയും കോട്ടയ്ക്കല്‍ വൈദ്യരത്‌നം പി.എസ്. വാരിയര്‍ ആയുര്‍വേദ കോളേജും കൈകോര്‍ത്തുകൊണ്ടുള്ളതാണ് ഈ നൂതന സംരംഭം.
ഇതുസംബന്ധിച്ച് മൂന്ന് സ്ഥാപനങ്ങളും തമ്മില്‍ നടന്ന ചര്‍ച്ചകളില്‍ ധാരണയിലെത്തിയതിന്റെ അടിസ്ഥാനത്തില്‍ആരോഗ്യ-കൃഷി-മൃഗസംരക്ഷണ വകുപ്പ് മന്ത്രിമാരുടെ സാന്നിധ്യത്തിലാണ് കരാര്‍ ഒപ്പുവെക്കുന്നത്.
മൃഗങ്ങള്‍ക്കുള്ള മരുന്ന് ഉത്പാദനരംഗത്ത് അലോപ്പതി, ഹോമിയോ വിഭാഗങ്ങളാണ് ഇന്ന് മുന്‍പന്തിയിലുള്ളത്. ആയുര്‍വേദത്തില്‍ ചുരുക്കം സ്ഥാപനങ്ങള്‍ മരുന്നുണ്ടാക്കുന്നുണ്ടെങ്കിലും ഇവയുടെ ഗുണനിലവാരം പരിശോധിക്കാന്‍ സംവിധാനങ്ങളില്ല. പണ്ടുകാലം തൊട്ടേ മൃഗങ്ങള്‍ക്ക് ആയുര്‍വേദത്തില്‍ ചികിത്സകളുണ്ടെങ്കിലും അതത് സമയത്ത് ഉണ്ടാക്കുന്ന മരുന്നുകളാണ് ഉപയോഗിക്കുന്നത്. എന്നാല്‍, ഈ മേഖലയിലെ പരിചയ സമ്പന്നരായ വൈദ്യന്മാരുടെ ഉപദേശങ്ങളും നിര്‍ദേശങ്ങളും സ്വീകരിച്ച് ശാസ്ത്രീയമായി ഔഷധങ്ങള്‍ വികസിപ്പിച്ചെടുക്കുകയാണ് ഈ പദ്ധതിയുടെ ലക്ഷ്യം.
കോട്ടയ്ക്കല്‍ ആര്യവൈദ്യശാലയുടെ ഫാക്ടറിയിലാണ് മരുന്നുകള്‍ ഉണ്ടാക്കുന്നത്. കരാറനുസരിച്ച് വിപണനവും കോട്ടയ്ക്കല്‍ ആര്യവൈദ്യശാലയ്ക്കാണ്.