
കുറ്റിപ്പുറം: ശബരിമല തീര്‍ഥാടകരുടെ ഇടത്താവളമായ മിനിപമ്പയില്‍ ശുചിത്വം ഉറപ്പാക്കുന്നതിന് ആരോഗ്യവകുപ്പ് നടപടികളാരംഭിച്ചു. മിനിപമ്പയില്‍ നിയോഗിച്ചിട്ടുള്ള ശുചിത്വസേനയുടെ നേതൃത്വത്തിലാണ് നടപടികള്‍ കൈക്കൊള്ളുന്നത്.
ഇവിടെ വിശ്രമിക്കാനെത്തുന്ന തീര്‍ഥാടകര്‍ക്ക് ആരോഗ്യവകുപ്പിലെ പൊതുജനാരോഗ്യവിഭാഗം തയ്യാറാക്കിയ ലഘുലേഖകള്‍ വിതരണം ചെയ്തു. ശുചിത്വം ഉറപ്പുവരുത്തുന്നതിനായുള്ള നിര്‍ദേശങ്ങള്‍ ഉള്‍ക്കൊള്ളിച്ചാണ് ലഘുലേഖ തയ്യാറാക്കിയിട്ടുള്ളത്.
മിനിപമ്പയില്‍ ശുചിത്വം ഉറപ്പാക്കാന്‍ നടപടികളുണ്ടാകണമെന്ന് ചൂണ്ടിക്കാട്ടി കഴിഞ്ഞദിവസം 'മാതൃഭൂമി' വാര്‍ത്ത പ്രസിദ്ധീകരിച്ചിരുന്നു. തുടര്‍ന്നാണ് നടപടികളുമായി ആരോഗ്യവകുപ്പ് രംഗത്തെത്തിയത്.
മലയാളം, ഇംഗ്ലീഷ്, ഹിന്ദി ഭാഷകളിലാണ് നിര്‍ദേശങ്ങള്‍ അച്ചടിച്ചിട്ടുള്ളത്. വടക്കന്‍ ജില്ലകളില്‍നിന്നുള്ളവരെകൂടാതെ കര്‍ണാടക, തമിഴ്‌നാട്, ആന്ധ്രപ്രദേശ്, മഹാരാഷ്ട്ര തുടങ്ങിയിടങ്ങളില്‍നിന്നുള്ള തീര്‍ഥാടകരാണ് മിനിപമ്പയില്‍ ഏറേയും വിശ്രമിക്കാനെത്തുന്നത്.
മിനിപമ്പയില്‍ മാത്രമല്ല മറ്റിടങ്ങളില്‍കൂടി ശുചിത്വം ഉറപ്പുവരുത്താന്‍ പാലിക്കേണ്ട പൊതുനിര്‍ദേശങ്ങളും നോട്ടീസിലുണ്ട്. പകര്‍ച്ചവ്യാധികള്‍ക്കെതിരെ ജാഗ്രത പാലിക്കാനും പ്ലാസ്റ്റിക് കവറുകളുടെ ഉപയോഗം ഒഴിവാക്കാനും നോട്ടീസില്‍ പറയുന്നുണ്ട്. തുറസ്സായ സ്ഥലങ്ങളില്‍ മലമൂത്രവിസര്‍ജനം നടത്തരുതെന്നും ആരോഗ്യവകുപ്പ് നിര്‍ദേശിച്ചിട്ടുണ്ട്. മിനിപമ്പയോട് ചേര്‍ന്നുള്ള കെ.ടി.ഡി.സി.യുടെ ഹോട്ടലില്‍ ബുധനാഴ്ച ആരോഗ്യവകുപ്പ് അധികൃതര്‍ പരിശോധന നടത്തി.
അയല്‍ സംസ്ഥാനങ്ങളില്‍നിന്നുള്ള തീര്‍ഥാടകര്‍ തുറസ്സായ സ്ഥലത്ത് മലമൂത്ര വിസര്‍ജനം നടത്തുന്നതിനാല്‍ മിനിപമ്പയുടെ പരിസരങ്ങള്‍ വൃത്തിഹീനമായിട്ടുണ്ട്.
ഭക്ഷണാവശിഷ്ടങ്ങള്‍ തള്ളിയിരുന്ന കാന ശുചീകരിക്കുന്നതിനും ആ ഭാഗത്ത് മറകെട്ടി മാലിന്യങ്ങള്‍ ഇടുന്നതിനായി വീപ്പകള്‍ സ്ഥാപിക്കാനും അടുത്തദിവസം നടപടിയെടുക്കുമെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചിട്ടുണ്ട്.
ലഘുലേഖകളുടെ വിതരണോദ്ഘാടനം ആന്ധ്രയില്‍നിന്നെത്തിയ ഗുരുസ്വാമി സുനില്‍കുമാര്‍ ഗൗഡയ്ക്ക് നല്‍കി പഞ്ചായത്ത് പ്രസിഡന്റ് ശാന്തകുമാരി നിര്‍വഹിച്ചു. മിനിപമ്പ സംരക്ഷണ സമിതി ചെയര്‍മാന്‍ പ്രത്യുഷ് അയങ്കലം, ആരോഗ്യവകുപ്പ് ജീവനക്കാരായ കെ. രാജീവ്, രാജേഷ് പ്രശാന്തിയില്‍, സി.പി. ബാബു എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു.