പെരിന്തല്‍മണ്ണ: രണ്ടുവര്‍ഷം മുമ്പ് നിര്‍മ്മാണം തുടങ്ങിയ പെരിന്തല്‍മണ്ണ-മാനത്ത്മംഗലം-കക്കൂത്ത്-പൊന്ന്യാകുര്‍ശ്ശി രണ്ടാംഘട്ട ബൈപ്പാസ് റോഡിന്റെ ടാറിങ് നാല് ദിവസത്തിനകം തുടങ്ങും.ടാറിങ്ങിന് മുന്നോടിയായുള്ള ലെവലിങ് പ്രവൃത്തികള്‍ ചൊവ്വാഴ്ച തുടങ്ങി.പുതുക്കി നല്‍കിയ എസ്റ്റിമേറ്റ് തുകയില്‍ത്തന്നെ സാധാരണ ടാറിങ്ങാണ് നടത്തുക.കഴിഞ്ഞ ഡിസംബറില്‍ പൊതുമരാമത്ത് വകുപ്പ് പുതുക്കി നല്‍കിയ എസ്റ്റിമേറ്റിന് സര്‍ക്കാരിന്റെ അനുമതി ലഭിക്കാത്തതിനാല്‍ നിര്‍മ്മാണം സ്തംഭിച്ചിരിക്കുകയായിരുന്നു.പാടത്ത് കൂടി കടന്നുപോകുന്ന ബൈപ്പാസിന്റെ ഇരുവശവും ഉയര്‍ത്തി മണ്ണിട്ട് നികത്തുന്ന പ്രവൃത്തിയും നേരത്തെ പൂര്‍ത്തിയായിരുന്നു.ആദ്യം നല്‍കിയ എസ്റ്റിമേറ്റില്‍ ചില മാറ്റങ്ങള്‍ വന്നതോടെയാണ് പുതിയ എസ്റ്റിമേറ്റ് നല്‍കേണ്ടതായി വന്നത്.പാടത്ത് മഴക്കാലത്ത് വെള്ളം കയറുമെന്നതിനാല്‍ വശങ്ങള്‍ ഉയര്‍ത്തി സാധാരണ ടാറിങ്ങ് നടത്തുന്നതിനാണ് എസ്റ്റിമേറ്റ് നല്‍കിയത്.എന്നാല്‍ പിന്നീട് വശങ്ങള്‍ കെട്ടുന്നതിന്റെ ഉയരം കുറച്ച് റബ്ബറൈസ് ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു.എസ്റ്റിമേറ്റില്‍ മാറ്റം വരുത്തിയെങ്കിലും ആദ്യം നല്‍കിയ ആറ് കോടിയിലേറെ രൂപ തന്നെ നിജപ്പെടുത്തി.കഴിഞ്ഞ മഴക്കാലത്ത് റോഡില്‍വെള്ളം കയറിയതോടെയാണ് വശങ്ങള്‍ ഉയര്‍ത്താതെ പറ്റില്ലെന്നായത്.ഇതേതുടര്‍ന്നാണ് പൊതുമരാമത്ത് അധികൃതര്‍ എസ്റ്റിമേറ്റ് പുതുക്കി സര്‍ക്കാരിന്റെ അനുമതിക്കായി സമര്‍പ്പിച്ചത്.്

നിലമ്പൂര്‍-പെരുമ്പിലാവ് സംസ്ഥാന പാതയെ ദേശീയപാത 213 മായി ബന്ധിപ്പിക്കുന്നതാണ് ബൈപ്പാസ്.മാനത്ത്മംഗലത്ത് നിന്നും പൊന്ന്യാകുര്‍ശ്ശി വഴി ദേശീയ പാതയില്‍ ദുബായ്പടിക്കുസമീപമെത്തുന്ന റോഡ് 2010 ഫിബ്രവരിയിലാണ് നിര്‍മ്മാണം തുടങ്ങിയത്.24 മീറ്റര്‍ വീതിയില്‍ 2.91 കിലോമീറ്റര്‍ ദൈര്‍ഘ്യത്തിലുള്ള റോഡിനായി 101 ഭൂവുടമകളില്‍ നിന്നായി 15.91 ഏക്കര്‍ ഭൂമിയാണ് ഏറ്റെടുത്തത്.നാല് കോടി രൂപ സ്ഥലത്തിനും ആറ് കോടി രൂപയോളം റോഡിനുമായി തുകയും അനുവദിച്ചിരുന്നു.
 
Top