മലപ്പുറം: മനുഷ്യാവകാശ പ്രവര്‍ത്തകരെന്ന പേരില്‍ ചില വ്യക്തികളും സംഘടനകളും നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ക്കെതിരെ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ പത്രക്കുറിപ്പിലൂടെ മുന്നറിയിപ്പ് നല്‍കി. ആസ്​പത്രികളിലും സ്ഥാപനങ്ങളിലും ചില വ്യക്തികള്‍ അനധികൃതമായി പ്രവേശിച്ച് പരിശോധനയും പിരിവും നടത്തുന്നതായി ധാരാളം പരാതികള്‍ ലഭിച്ച സാഹചര്യത്തിലാണ് അറിയിപ്പ്. നിസ്വാര്‍ഥ സേവനം നടത്തുന്ന ധാരാളം മനുഷ്യാവകാശ പ്രവര്‍ത്തകരും സംഘടനകളും സംസ്ഥാനത്തുണ്ട്. ഇവര്‍ക്ക് മനുഷ്യാവകാശങ്ങളെക്കുറിച്ച് ജനങ്ങളെ ബോധവാന്മാരാക്കുകയും മനുഷ്യാവകാശ ധ്വംസനങ്ങളുണ്ടായാല്‍ അത്തരം വിവരങ്ങള്‍ മനുഷ്യാവകാശ കമ്മീഷനെ അറിയിക്കുകയുമാവാം.

എന്നാല്‍ മനുഷ്യാവകാശ സംരക്ഷണനിയമം അനുസരിച്ച് കമ്മീഷന്‍ അംഗങ്ങള്‍ക്കോ കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ക്കോ കമ്മീഷന്‍ അന്വേഷണ വിഭാഗത്തിനോ കമ്മീഷന്‍ അധികാരപ്പെടുത്തുന്ന ഗസറ്റഡ് ഉദ്യോഗസ്ഥര്‍ക്കോ മാത്രമേ കമ്മീഷനില്‍ കിട്ടുന്ന പരാതികളില്‍ അന്വേഷണം നടത്താന്‍ അധികാരമുള്ളൂ. മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍പേഴ്‌സണും അംഗങ്ങള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും അന്വേഷണവിഭാഗത്തിലെ ഉദ്യോഗസ്ഥര്‍ക്കും ഫോട്ടോ പതിച്ച കമ്മീഷന്റെ തിരിച്ചറിയല്‍കാര്‍ഡ് വിതരണം ചെയ്തിട്ടുണ്ട്. അതിനാല്‍ മനുഷ്യാവകാശ പ്രവര്‍ത്തകരെന്ന പേരില്‍ അനധികൃതമായി സ്ഥാപനങ്ങളില്‍ പ്രവേശിക്കുകയോ പിരിവ് നടത്തുകയോ ചെയ്യുന്നവരോട് കമ്മീഷന്റെ തിരിച്ചറിയല്‍ കാര്‍ഡോ കമ്മീഷന്റെ ലെറ്റര്‍പാഡില്‍ കമ്മീഷന്റെ സീലോടുകൂടിയ അധികാരപത്രമോ അവശ്യപ്പെടാം. സംശയകരമായ സാഹചര്യത്തില്‍ സ്ഥലത്തെ പോലീസുമായി ബന്ധപ്പെടണമെന്നും വ്യാജന്മാരാല്‍ വഞ്ചിതരാകാതിരിക്കാന്‍ ശ്രദ്ധിക്കണമെന്നും കമ്മീഷന്‍ അറിയിച്ചു.
 
Top