മലപ്പുറം: സംസ്ഥാന പഞ്ചായത്ത് വകുപ്പിന്റെയും വിവിധ സര്‍ക്കാര്‍ ഏജന്‍സികളുടെയും പങ്കാളിത്തത്തോടെ പി.എന്‍. പണിക്കര്‍ ഫൗണ്ടേഷന്‍ നയിക്കുന്ന 'ജന്‍ വിജ്ഞാന്‍ യാത്ര'യ്ക്ക് ജില്ലാ അതിര്‍ത്തിയായ കരിങ്കല്ലത്താണിയില്‍ താഴേക്കോട് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ സ്വീകരണം നല്‍കി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അബൂബക്കര്‍ഹാജി, ഗ്രാമപ്പഞ്ചായത്ത് വൈസ്​പ്രസിഡന്റ് എ.കെ. നാസര്‍, ജില്ലാ പഞ്ചായത്ത് അംഗം ഹാജിറുമ്മ, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ ബാബു, അസി. ഡയറക്ടര്‍ ജോസ് മാത്യു, പെരിന്തല്‍മണ്ണ തഹസില്‍ദാര്‍ ജോയ്‌ജോണ്‍, ജാഫര്‍, പി.എന്‍. പണിക്കരുടെ സഹപ്രവര്‍ത്തകനായിരുന്ന കെ.ആര്‍.കെ. തൃക്കലങ്ങോട് എന്നിവരുടെ നേതൃത്വത്തിലാണ് സ്വീകരണം നല്‍കിയത്. പി.എന്‍. പണിക്കര്‍ ഫൗണ്ടേഷന്‍ സംസ്ഥാന പ്രസിഡന്റ് കെ.എം. ബാലഗോപാല്‍ യാത്രയുടെ സന്ദേശം നല്‍കി. 

'അറിവുള്ള കേരളം അഭിമാന കേരളം' എന്ന സന്ദേശവുമായെത്തിയ ജാഥയ്ക്ക് തുടര്‍ന്ന് പാണ്ടിക്കാട്, ചുങ്കത്തറ, പൂക്കോട്ടൂര്‍, കൊണ്ടോട്ടി ഗ്രാമപ്പഞ്ചായത്തുകളിലെ പൊതുസ്ഥലങ്ങളില്‍ സ്വീകരണം നല്‍കി. നവംബര്‍ 20ന് ഒമ്പതുമണിക്ക് ആലങ്കോട് ഗ്രാമപ്പഞ്ചായത്ത് ബസ്സ്റ്റാന്‍ഡില്‍ പരിപാടികള്‍ അവതരിപ്പിക്കുന്ന ജാഥാസംഘം 11ന് വളാഞ്ചേരി ബസ് സ്റ്റാന്‍ഡിലും രണ്ടിന് പൊന്‍മുണ്ടം, നാലിന് തിരൂരങ്ങാടിയിലെ ചെമ്മാട്, ആറിന് തേഞ്ഞിപ്പലം ഗ്രാമപ്പഞ്ചായത്തിലെ ചേളാരി എന്നിവിടങ്ങളിലും പരിപാടികള്‍ അവതരിപ്പിക്കും. 
 
Top