കരിപ്പൂര്‍: എയര്‍ ഇന്ത്യയില്‍ 1799 രൂപയ്ക്ക് പറക്കാന്‍ യാത്രക്കാരന് അവസരം. ഓഫ് സീസണ്‍ കാലത്ത് യാത്രക്കാരെ ആകര്‍ഷിക്കാനാണ് എയര്‍ ഇന്ത്യ പുതിയ നിരക്കിളവുകള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. 1799 രൂപ മുതല്‍ 4199 രൂപ വരെയുള്ള ടിക്കറ്റ് നിരക്കില്‍ ഇന്ത്യയിലെ 325 നഗരങ്ങളിലേക്ക് പറക്കാനാണ് യാത്രക്കാര്‍ക്ക് സൗകര്യമൊരുക്കിയിരിക്കുന്നത്. എല്ലാ നികുതികളുമുള്‍പ്പെടെയാണ് നിരക്കുകള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. നവംബര്‍ 19മുതല്‍ 21 വരെ ബുക്കുചെയ്യുന്നവര്‍ക്കാണ് ഈ സൗകര്യം. 2013 ജനവരി 16 മുതല്‍ മാര്‍ച്ച് 31 വരെയാണ് യാത്രയുടെ സമയപരിധി. കോഴിക്കോട്, കൊച്ചി, തിരുവനന്തപുരം എന്നീ വിമാനത്താവളങ്ങളില്‍ നിന്നും ഈ നിരക്കില്‍ യാത്രചെയ്യാന്‍ സൗകര്യമൊരുക്കിയിട്ടുണ്ട്. തിരുവനന്തപുരത്തുനിന്നും കൊച്ചിയിലേക്കും തിരിച്ചും 1799 രൂപയാണ് നിരക്ക്. ഇതേ നിരക്കില്‍ കൊച്ചിയില്‍നിന്ന് കോഴിക്കോട്ടേക്കും യാത്രചെയ്യാം. കൊച്ചിയില്‍ നിന്നും മംഗലാപുരം, തിരുവനന്തപുരം, കോഴിക്കോട്, ചെന്നൈ, മുംബൈ, ഡല്‍ഹി, ബാംഗ്ലൂര്‍ എന്നിവിടങ്ങളിലേക്ക് കുറഞ്ഞ നിരക്കില്‍ പറക്കാന്‍ സൗകര്യമുണ്ട്. കോഴിക്കോടുനിന്നും മുംബൈയിലേക്ക് 2699 രൂപയും ഡല്‍ഹിയിലേക്ക് 3699 രൂപയുമാണ് നിരക്ക്. യാത്രചെയ്യാന്‍ ഉദ്ദേശിക്കുന്ന ദിവസം എക്കോണമി ക്ലാസില്‍ ടിക്കറ്റുകള്‍ ലഭ്യമാണെങ്കില്‍ മാത്രമേ സൗകര്യം ലഭ്യമാവുകയുള്ളൂ. ടൂര്‍ ഓപ്പറേറ്റര്‍മാര്‍ മൊത്തം സീറ്റുകള്‍ റിസര്‍വ് ചെയ്തതിനെത്തുടര്‍ന്ന് പല ദിവസങ്ങളിലെയും ബുക്കിങ് ഒറ്റ ദിവസംകൊണ്ട് പൂര്‍ത്തിയായിട്ടുണ്ട്. ഇത്തരത്തില്‍ ബുക്കുചെയ്യുന്ന ടിക്കറ്റുകള്‍ റദ്ദാക്കാന്‍ കഴിയില്ല.
 
Top