തിരൂരങ്ങാടി: ഇസ്രായേല്‍ പട്ടാളത്തിന്റെ ക്രൂരതകള്‍ക്കിരയായിക്കൊണ്ടിരിക്കുന്ന പലസ്തീന്‍ ജനതയ്ക്ക് വേണ്ടി വിശ്വാസികള്‍ രംഗത്തിറങ്ങണമെന്ന് എസ്.കെ.എസ്.എസ്.എഫ് സംസ്ഥാനപ്രസിഡന്റ് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ്തങ്ങള്‍ ആവശ്യപ്പെട്ടു. മമ്പുറം സയ്യിദ് അലവി തങ്ങളുടെ 174-ാം ആണ്ട് നേര്‍ച്ചയോടനുബന്ധിച്ച പ്രഭാഷണപരമ്പരയുടെ മൂന്നാംദിനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

പിഞ്ചുകുഞ്ഞുങ്ങള്‍ പോലും സുരക്ഷിതരല്ലാത്ത അവസ്ഥയാണ് പലസ്തീനില്‍. പ്രാര്‍ഥനകളിലൂടെയും ക്രിയാത്മക ഇടപെടലുകളിലൂടെയും ലോക മുസ്‌ലിങ്ങള്‍ ഒന്നടങ്കം മൃഗീയതക്കെതിരെ പ്രതികരിക്കണം. ഇസ്രായേലിന്റെ ചെയ്തികളെ ലോകരാഷ്ട്രങ്ങള്‍ അപലപിക്കുകയാണ് വേണ്ടത്. അടിച്ചമര്‍ത്തപ്പെട്ട ജനതയ്ക്കുവേണ്ടി പ്രാര്‍ഥനാസദസ്സുകള്‍ നടത്തണമെന്നും അദ്ദേഹം പറഞ്ഞു. 

ഉമര്‍ഹുദവി പൂളപ്പാടം മുഖ്യപ്രഭാഷണം നടത്തി. ഹസ്സന്‍കുട്ടി ബാഖവി കിഴിശ്ശേരി അധ്യക്ഷത വഹിച്ചു. സി. യൂസഫ് ഫൈസി മേല്‍മുറി, അലി മൗലവി ഇരിങ്ങല്ലൂര്‍, ചെമ്മുക്കന്‍ കുഞ്ഞാപ്പുഹാജി, കെ.എം. സൈതലവി ഹാജി, യു. ശാഫി ഹാജി ചെമ്മാട്, എ.പി. മുസ്തഫ ഹുദവി അരൂര്‍, ശംസുദ്ധീന്‍ ഹാജി വെളിമുക്ക് എന്നിവര്‍ പ്രസംഗിച്ചു. 

ചൊവ്വാഴ്ച വൈകീട്ട് നടക്കുന്ന ഉദ്‌ബോധനസദസ്സ് പാണക്കാട് സയ്യിദ് റഷീദലി ശിഹാബ്തങ്ങള്‍ ഉദ്ഘാടനംചെയ്യും. അബ്ദുള്‍ജലീല്‍ റഹ്മാനി വാണിയന്നൂര്‍ മുഖ്യപ്രഭാഷണം നടത്തും.
 
Top