
അടുക്കളയില്‍നിന്നും കൈകഴുകുന്ന സ്ഥലത്തുനിന്നും ഒഴുകുന്ന വെള്ളം പ്രത്യേക ചാലില്‍ വിരിച്ച പ്ലാസ്റ്റിക് ഷീറ്റിലൂടെ ഒഴുക്കി രണ്ട് വലിയ അരിപ്പകളിലേക്ക് തിരിച്ചുവിടുകയാണ് സംസ്‌കരണത്തിന്റെ ആദ്യപടി. ഒഴുകി എത്തുന്ന വറ്റും പച്ചക്കറി അവശിഷ്ടങ്ങളുമെല്ലാം അരിപ്പയില്‍ ശേഖരിക്കും. അരിപ്പ നിറയുമ്പോള്‍ ഇത് കമ്പോസ്റ്റ് കുഴിയിലേക്ക് മാറ്റും. വെള്ളത്തില്‍ ക്ലോറിന്‍ ചേര്‍ക്കും. കെട്ടിനിന്നാലും പുളിച്ച് ദുര്‍ഗന്ധം വമിക്കാതിരിക്കാനാണിത്. ഇവിടെനിന്ന് വെള്ളം വലിയ കുഴിയിലേക്കാണെത്തുക. മോട്ടോര്‍ സ്ഥാപിച്ച് വെള്ളം മുഴുവന്‍ പമ്പ് ചെയ്യാനാവുംവിധമാണ് കുഴിയുണ്ടാക്കുക.
മോട്ടോര്‍ ഉപയോഗിച്ച് അടിക്കുന്ന വെള്ളം ഓയില്‍ ആന്‍ഡ് ഗ്രീസ് ട്രാപ്പിലേക്കാണെത്തുക. ഇവിടെ രണ്ട് ഭാഗങ്ങളുള്ളതും അടി കൂര്‍ത്തതുമായ ആറ് അറകളുള്ള ടാങ്കുകള്‍ ഉണ്ടാവും. ഒരു അറയില്‍ വീഴുന്നവെള്ളം അടിഭാഗത്തിലൂടെ അടുത്ത അറിയിലേക്ക് കയറും. ഈ സമയം ആദ്യഅറയില്‍വീണ വെള്ളത്തിലെ എണ്ണ, ഗ്രീസ് മുതലായവ വെള്ളത്തില്‍ പൊങ്ങിനില്‍ക്കും. എണ്ണയും ഗ്രീസും നീങ്ങിയ വെള്ളം അവസാന അറയില്‍നിന്നും നേരെ ഇ.സി. യൂണിറ്റിലേക്ക് (ഇലക്‌ട്രോ കൊയാഗുലേഷന്‍ യൂണിറ്റ്) എത്തും. അതിനുമുമ്പ് വേര്‍പെട്ട എണ്ണയും ഗ്രീസും പ്രത്യേക സംവിധാനത്തോടെ ബയോ ഡൈജസ്റ്റിലേക്കെത്തിക്കും. ഇ.സി. യൂണിറ്റിലെ വെള്ളത്തിലുള്ള മാലിന്യങ്ങളെ ഇവിടെവെച്ച് വിഘടിപ്പിക്കും. ചെളി യഥാസമയം നീക്കാനും സംവിധാനമുണ്ടാകും. ഇവിടെ നിന്നൊഴുകുന്ന വെള്ളം സെപ്റ്റിക് ടാങ്കുകളിലേതുപോലെ മൂന്ന് അറകളോടുകൂടിയ സംവിധാനത്തില്‍ എത്തും. തുടര്‍ന്ന് നടത്തുന്ന ശുചീകരണത്തിനുശേഷം കാര്‍ബണ്‍ ഫില്‍റ്ററിലൂടെയും മണല്‍ ഫില്‍റ്ററിലൂടെയും കടത്തിവിടുന്ന വെള്ളം കുടിക്കാനും കുളിക്കാനും പാത്രം കഴുകാനുമൊക്കെ പറ്റും. എങ്കിലും കലോത്സവവേദിയില്‍ ഇതിനൊന്നിനും ഉപയോഗിക്കില്ല. പകരം വലിയ കുഴിയിലേക്ക് തിരിച്ചുവിടും. ഇത് പെട്ടെന്ന് ഭൂമിയില്‍ വറ്റും. അരിപ്പയില്‍കിട്ടുന്ന ജൈവ പദാര്‍ഥങ്ങളും ഭക്ഷണഹാളില്‍നിന്നും നീക്കുന്ന ജൈവവസ്തുക്കളും ഓരോ ദിവസവും വലിയ കുഴിയില്‍ ശേഖരിക്കും. ഇത് നേരിയ കനത്തില്‍ മണ്ണിട്ട് മൂടും. മൂന്ന് ദിവസത്തെ മാലിന്യത്തിന് ഒരു കുഴി മതിയാകും. ഈ മാലിന്യം 90 ദിവസം കഴിഞ്ഞെടുത്താല്‍ ജൈവവളമായി ഉപയോഗിക്കാനാകും. അല്ലാത്തപക്ഷം അത് മണ്ണില്‍ ലയിക്കും.
ഭക്ഷണം വിളമ്പാന്‍ വാഴ ഇല മാത്രമേ ഉപയോഗിക്കുകയുള്ളൂ. അതില്‍ പ്ലാസ്റ്റിക് മാലിന്യം കലരില്ലെന്നാണ് പ്രതീക്ഷ. കലര്‍ന്നാല്‍ അത് വേര്‍പ്പെടുത്തേണ്ടി വരുമെന്ന് സംവിധാനത്തിന് നേതൃത്വം നല്‍കുന്ന ഹൈഡ്രിയാഡ് കമ്പനി അധികൃതര്‍ പറഞ്ഞു.
സൗദി അറേബ്യയില്‍ ഒരു അമേരിക്കന്‍ കമ്പനിയില്‍ സമാന മേഖലയില്‍ ജോലിചെയ്ത അനുഭവസമ്പത്തുമായാണ് തിരൂരിനടുത്ത പുറത്തൂര്‍ സ്വദേശി അബൂബക്കര്‍ സിദ്ധീഖ് ഈ സംരംഭവുമായി രംഗത്തെത്തിയിട്ടുള്ളത്. കൂട്ടിന് സൈറ്റ് മാനേജരായി ആതവനാട് സ്വദേശി ഷംനാദ് ബക്കറും കെമിക്കല്‍ എന്‍ജിനിയറായ റാം മോഹനുമുണ്ട്. വിവിധ ആസ്പത്രികളിലും ഹോട്ടലുകളിലും ഇവര്‍ ഇത്തരം സംവിധാനമൊരുക്കിയിട്ടുണ്ട്.